'സേവനം' പോരെന്ന് പരാതി; ഒല ഇലക്ട്രിക്കിനെതിരെ ഗതാഗത മന്ത്രാലയത്തിൻ്റെ അന്വേഷണം

ഉപഭോക്താക്കളുടെ പരാതിയിൽ ഒല ഇലക്ട്രിക്സിനോട് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിശദമായ റിപ്പോർട്ട് തേടി

dot image

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്കിനെതിരായ പരാതികൾ അന്വേഷിക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) രംഗത്ത്. ഒലയുടെ സേവനവും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അന്വേഷിക്കുക.

ഉപഭോക്താക്കളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഈ ആഴ്ച ഒല ഇലക്ട്രിക്കിനെതിരെ ഔപചാരിക അന്വേഷണം ആരംഭിക്കുമെന്നാണ് ബിസിനസ് ടുഡേ ടിവി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഉപഭോക്താക്കളുടെ പരാതിയിൽ ഒല ഇലക്ട്രിക്സിനോട് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിശദമായ റിപ്പോർട്ട് തേടിയതായും റിപ്പോർട്ടുണ്ട്.

സേവനത്തിൻ്റെ ഗുണനിലവാരം, ഉപഭോക്തൃ പിന്തുണ, ഉൽപ്പന്നത്തിൻ്റെ വിശ്വാസ്യത തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ മാസങ്ങളിൽ ഒല ഇലക്ട്രിക്കിനെതിരെ വ്യാപക പരാതി ഉയർന്ന് വന്നിരിക്കുന്നത്. ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണയുടെ പ്രതീക്ഷിക്കപ്പെടുന്ന മാനദണ്ഡങ്ങൾ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൻ്റെ പരിശോധന എന്നാണ് റിപ്പോർട്ട്. പരമ്പരാഗത വാഹനങ്ങൾക്ക് പകരം വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ബദലുകൾക്കായി ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ പരിഗണന കൊടുക്കുന്നതിനാൽ ഇലക്ട്രിക് വാഹന മേഖലയ്ക്ക് വാഹന വിപണിയിൽ പ്രധാന്യമുണ്ട്. ഈയൊരു ഘട്ടത്തിൽ ഇലക്ട്രിക് വാഹനമേഖലയിലെ പ്രമുഖരായ ഒല ഇലക്ട്രിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിന് വലിയ പ്രാധാന്യമുണ്ട്.

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ഇതിനകം തന്നെ ഒല ഇലക്ട്രിക്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പനിയുടെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചാണ് പ്രധാനമായും നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സുതാര്യവും ഫലപ്രദവുമായ ഉപഭോക്തൃ സേവനം നൽകാനുള്ള കമ്പനിയുടെ ഉത്തരവാദിത്വങ്ങൾ കമ്പനി ലംഘിക്കുന്നതായും നോട്ടീസിലുണ്ട്. ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളോടുള്ള കടമകൾ നിറവേറ്റുന്നതിനുമുള്ള ഒല ഇലക്ട്രിക്കിൻ്റെ കഴിവിനെയും നോട്ടീസിൽ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എനാൽ സിസിപിഎയുടെ നോട്ടീസ് നിലവിൽ സാമ്പത്തികമായോ ഓപ്പറേഷണൽ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നാണ് ഒല ഇലക്ട്രിക് വ്യക്തമാക്കിയിരിക്കുന്നത്. നോട്ടീസിന് മറുപടി സമർപ്പിക്കാൻ കമ്പനിക്ക് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ അനുബന്ധ രേഖകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്നാണ് റിപ്പോർട്ട്.

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ രജിസ്റ്റർ ചെയ്ത പരാതികൾ അന്വേഷിക്കുന്ന റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെ അന്വേഷണം ഒല ഇലക്ട്രിക്കിൻ്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. ഉപഭോക്തൃ കാര്യ വകുപ്പിൻ്റെ ഹെൽപ്പ് ലൈനിൽ കഴിഞ്ഞ വർഷം ഒല ഇലക്ട്രിക്കിനെതിരെ പതിനായിരത്തിലധികം പരാതികൾ ലഭിച്ചതായാണ് റിപ്പോർട്ട്. സേവനങ്ങൾ വൈകുക, പുതിയ വാഹനങ്ങളുടെ കാലതാമസം, സേവന വാഗ്ദാനങ്ങൾ പാലിക്കാത്തത് തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉപഭോക്താക്കൾ കമ്പനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

Content Highlights: More trouble for Ola Electric, transport ministry to investigate complaints

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us