'പോയിന്റ് ബ്ലാങ്കില്‍ ഷൂട്ട് ചെയ്താലും തകരാത്ത ഗ്ലാസ്'; ബുള്ളറ്റ് പ്രൂഫ് എസ്‌യുവി സ്വന്തമാക്കി സല്‍മാന്‍ ഖാൻ

ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്നാണ് ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്‌യുവി സല്‍മാന്‍ സ്വന്തമാക്കിയത്

dot image

ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിൻ്റെ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടര്‍ന്നുവന്ന ഭീഷണികളുമാണ് ഇത്തരത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണം. സുരക്ഷക്കായി രണ്ട് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്യുവി സല്‍മാന്‍ സ്വന്തമാക്കിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സ്ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം, പോയിന്റ് ബ്ലാങ്കില്‍ വെടി വച്ചാല്‍ പോലും തകരാത്ത ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത കളര്‍ തുടങ്ങി നിരവധി സവിശേഷതകളുള്ളതാണ് ഈ വാഹനം. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം ലഭ്യമല്ലാത്തതിനാല്‍ ദുബായില്‍ നിന്നാണ് ഈ വാഹനം ഇറക്കുമതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷവും സല്‍മാന്‍ ഖാന്‍ യുഎഇയില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു. പിതാവ് സലിം ഖാനും സഹോദരങ്ങള്‍ക്കും ബിഷ്‌ണോയി ഗ്യാങില്‍ നിന്ന് വധഭീഷണി നേരിട്ടതിനെത്തുടര്‍ന്നാണ് രണ്ടാമതൊരു വാഹനം ഇറക്കുമതി ചെയ്തത്.

സല്‍മാന്‍ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിംഗിന് 60ലധികം പേരുള്ള സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഷൂട്ട് നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് അടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അകത്ത് കടത്തുന്നത്. ഷൂട്ടിംഗ് കഴിയുന്നത് വരെ ലൊക്കേഷനില്‍ തുടരണമെന്നും ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍മാരെപ്പോലും സല്‍മാന് സമീപത്തേക്ക് അടുപ്പിക്കുന്നില്ല. സല്‍മാന്‍ഖാന്റെ സുരക്ഷയെക്കരുതി ഇവരും താരത്തിന്റെ അടുത്തേക്ക് പോകുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us