'റോഡുകള്‍ക്ക് സംസാരിക്കാനായിരുന്നെങ്കില്‍ പലതും പറഞ്ഞേനെ'; കുറിപ്പുമായി എംവിഡി

ഫേസ്ബുക്ക് പോസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ്

dot image

ദിനംപ്രതി ഒരാളുടെയങ്കിലും ചോര പുരളാന്‍ വിധിക്കപ്പെട്ട നമ്മുടെ നിരത്തുകള്‍ക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ പലതും നമ്മളോട് പറഞ്ഞിരുന്നേനെയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ദിവസവും റോഡില്‍ ഉണ്ടാകുന്ന മിക്ക അപകടങ്ങളും നമ്മള്‍ വരുത്തിവയ്ക്കുന്നതാണ്. ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും അശ്രദ്ധ കൊണ്ടാണ് ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഇക്കാര്യം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിരത്തുകള്‍ക്ക് സംസാരിക്കാനായിരുന്നെങ്കില്‍….

നിത്യേന ഒരു നിരപരാധിയുടെ എങ്കിലും ചോര പുരളാന്‍ വിധിക്കപ്പെട്ട നമ്മുടെ നിരത്തുകള്‍ക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ നമ്മോട് പറഞ്ഞു തന്നേനെ. വാഹനങ്ങളുടെ വലിപ്പമനുസരിച്ച് റോഡില്‍ അവകാശം സ്ഥാപിക്കാനുള്ള ശ്രമം, അപരനെ മാനിക്കാതെയുള്ള താന്‍പോരിമ കാട്ടല്‍ എന്നു തുടങ്ങി അകാരണമായി തന്നെ നിര്‍ദയം വെട്ടിക്കീറുകയും അതേപടി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ പ്രവര്‍ത്തികള്‍. അങ്ങനെ എന്തെല്ലാം റോഡുകള്‍ക്ക് നമ്മളോട് വിളിച്ചു പറയാനുണ്ടാവും…

വലതുവശം ചേര്‍ന്ന് നടക്കുന്നതിനെ പുച്ഛിക്കുന്ന കാല്‍നടയാത്രക്കാര്‍, മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ മറിച്ച് കടക്കാന്‍ ശ്രമിക്കുന്ന തിടുക്കക്കാര്‍, റോഡരികില്‍ നിര്‍ത്തിയിട്ട വണ്ടികളുടെ ഡോറുകള്‍ മുന്‍പിന്‍ നോക്കാതെ അലക്ഷ്യമായി തുറന്നു വിടുന്ന യാത്രക്കാര്‍, വളവെന്നോ തിരിവെന്നോ കയറ്റമെന്നോ ഇറക്കമെന്നോ ഒന്നും നോക്കാതെ മറികടക്കാന്‍ ശ്രമിക്കുന്ന മത്സരികള്‍, നടുറോഡില്‍ വാഹനം നിര്‍ത്തി കൊച്ചു വര്‍ത്തമാനം പറയുന്ന ലോഹ്യം പറച്ചിലുകാര്‍…

ഇവരോടെല്ലാം നിരന്തരമായി കലഹിക്കാനല്ലേ റോഡിന് സമയമുണ്ടാവൂ..ഇങ്ങനെ റോഡിന് നമ്മളോട് പറയേണ്ടി വരുന്ന കാര്യങ്ങളാണ് റൂള്‍സ് ഓഫ് റോഡ് റെഗുലേഷന്‍സ് എന്ന പേരില്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി രൂപപ്പെട്ടിരിക്കുന്നത്.വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് ഓടണമെന്നും കാല്‍നടക്കാര്‍ വലതുവശം ചേര്‍ന്ന് നടക്കണമെന്നും തുടങ്ങുന്ന ഈ പ്രമാണങ്ങള്‍ പാലിച്ചാല്‍ നമ്മുടെ നിരത്തുകള്‍ കൊലക്കളങ്ങളായി മാറുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ സമത്വം, സാഹോദര്യം, സഹവര്‍ത്തിത്വം തുടങ്ങിയ ജനാധിപത്യ മര്യാദകള്‍ ഏറ്റവും അധികം ആവശ്യമായി വരുന്നത് നമ്മുടെ റോഡുകളിലാണ്.

CONTENT HIGHLIGHTS: Road safety warning MVD

dot image
To advertise here,contact us
dot image