ഇന്നത്തെ യുവാക്കൾക്കിടയിൽ കാർ പ്രേമികൾ അല്ലാത്തവരായി അങ്ങനെ ആരും ഉണ്ടാവില്ല. ഫെരാരി, ലംബോർഗിനി പോലുള്ള സൂപ്പർകാറുകളെല്ലാം പലരുടെയും ഒരു സ്വപ്ന വാഹനങ്ങളുമായിരിക്കും. എന്നാൽ ഇന്ന് ഇന്ത്യയിലെ റോഡുകളുടെ അവസ്ഥ വെച്ച് ഇത്തരത്തിലുള്ള സൂപ്പർകാറുകൾ സ്വന്തമാക്കുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും വിമർശനം ഉയരുന്നുണ്ട്. രാജ്യത്തെ പല റോഡുകളുടെയും അവസ്ഥ ഈ സൂപ്പർ കാറുകൾക്ക് സഞ്ചരിക്കാൻ പര്യാപ്തമായ നിലയിലല്ല. ഇത്തരത്തിലുള്ള ഇന്ത്യൻ റോഡിൽ പെട്ടു പോയ ലംബോർഗിനിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങളിൽ ഒരു കറുത്ത ലംബോർഗിനി ഹുറാകാനാണുള്ളത്. റോഡിലൂടെ പോകുന്ന ലംബോർഗിനി കുഴിയിൽ വീഴുന്നതിന് മുമ്പ് സ്പീഡ് പതിയെ കുറയ്ക്കുന്നു. ഹ്യൂണ്ടായ് എക്‌സ്‌റ്റർ ഇതിന് പിന്നിലായി അതേ റോഡിലൂടെ വരുന്നതും വീഡിയോയിൽ കാണാം. സ്ലീക്ക് ഡിസൈനും എഞ്ചിനും പേരു കേട്ടതാണ് ലംബോർഗിനിയെങ്കിലും റോഡിൻ്റെ അവസ്ഥമൂലമാണ് വണ്ടി ഈ രീതിയിൽ പോകുന്നത്. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇന്ത്യയിലെ റോഡുകളെ വിമർശിച്ചുകൊണ്ടായിരുന്നു പല പ്രതികരണങ്ങളും.
'ഇന്ത്യയിൽ ഒരു സൂപ്പർകാർ? കടുവയെ ഒരു ചെറിയ കൂട്ടിൽ കിടത്തുന്നത് പോലെ!' എന്നായിരുന്നു ഒരു കമന്റ്. 'ഇതുപോലെ കഷ്ടപ്പെടുന്നതിന് പകരം നിങ്ങൾക്ക് ഒരു ലളിതമായ ഹാച്ച്ബാക്കിനായി പോകാമായിരുന്നു' എന്നും 'റോഡുകൾ എപ്പോഴും നന്നായി പരിപാലിക്കപ്പെടാത്ത ഒരു രാജ്യത്ത് ആഡംബര കാറുകൾ ഓടിക്കുന്നതിൻ്റെ യാഥാർത്ഥ്യം ഇതാണ്' എന്നുമൊക്കെയാണ് വീഡിയോയ്ക്ക് പ്രതികരണങ്ങൾ വന്നത്. തെലങ്കാനയിലെ തിരക്കേറിയ റോഡിൽ കുഴികളിൽ അകപ്പെടുന്ന ലംബോർഗിനിയുടെ വീഡിയോ നേരത്തെ എക്‌സിൽ വൈറലായിരുന്നു. ചുവന്ന ലംബോർഗിനി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നതായിരുന്നു അന്ന് പ്രചരിച്ചത്.
Content Highlights: A Lamborghini Huracan struggled with speed breaker and pothole, as seen in a viral video, sparking varied reactions from social media users