ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ അവതരിപ്പിക്കും. വാഹനവുമായി ബന്ധപ്പെട്ട് ടീസറുകള്‍ കമ്പനി പുറത്തുവിട്ടു. എന്നാല്‍, സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഹോണ്ട ലോഗോയ്ക്ക് താഴെ വരുന്ന ഹെഡ്‌ലൈറ്റിന്റെ ഏകദേശ രൂപമാണ് ആദ്യ ടീസറില്‍ ഇടംപിടിച്ചത്.
രണ്ട് റൈഡര്‍മാര്‍ക്ക് വിശാലമായി ഇരുന്ന് പോകാന്‍ കഴിയുന്ന വിധം വീതിയേറിയതും നീളമുള്ളതുമായ സീറ്റായിരിക്കും പുതിയ വാഹനത്തിന്. എല്‍സിഡിയും പ്രീമിയം ടിഎഫ്ടി പതിപ്പും രണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഓപ്ഷനുമായാണ് സ്‌കൂട്ടര്‍ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. രണ്ട് റൈഡ് മോഡുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കുറഞ്ഞത് ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ലഭ്യമാണ്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയാണ് ഹൈലൈറ്റ് എന്നും ഹോണ്ട സ്ഥിരീകരിച്ചു. ഫുട്ബോര്‍ഡിന് സമീപമാണ് ചാര്‍ജിംഗ് പോര്‍ട്ട്. പ്ലഗ്-ആന്‍ഡ്-പ്ലേ തരത്തിലുള്ള ചാര്‍ജറാണ് ഇതില്‍ വരിക. 2.5 മുതല്‍ 2.8kWh ബാറ്ററി പായ്‌ക്കോട് കൂടിയാണ് ആക്ടിവ ഇലക്ട്രിക് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Honda Activa electric teased ahead again ahead of launch, swappable battery station installed