മഹീന്ദ്രയ്‌ക്കെതിരെ നിയമനടപടിയുമായി ഇൻഡിഗോ വിമാനക്കമ്പനി. മഹീന്ദ്രയുടെ പുതിയ മോഡൽ എസ്‌യുവിക്ക് ഇൻഡിഗോയുടെ ബ്രാൻഡിങ് പേരായ 6e എന്ന് പേരുനൽകിയതിനെതിരെയാണ് ഇൻഡിഗോ നിയമനടപടിയുമായി രംഗത്ത് എത്തിയത്. മഹീന്ദ്രയുടെ പുതിയ എസ്‌യുവിക്ക് BE 6e എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനെതിരെയാണ് ഇൻഡിഗോ മഹീന്ദ്രയ്‌ക്കെതിരെ രംഗത്ത് എത്തിയത്.
ഇൻഡിഗോയുടെ ബ്രാൻഡിങിൻ്റെ പ്രധാന ഘടകമാണ് 6E എന്ന പേര്. ഈ പേരിൽ തങ്ങൾക്ക് മാത്രമാണ് അവകാശമെന്നും 6E പ്രൈം പോലുള്ള സേവനങ്ങൾ തങ്ങളുടെ വിമാനത്തിൽ നൽകുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താക്കൾക്ക് സീറ്റ് തിരഞ്ഞെടുക്കാനുള്ള അവകാശം, മുൻഗണനാ ചെക്ക്-ഇൻ, കോംപ്ലിമെന്ററി സ്‌നാക്ക്സ്, 6E ഫ്‌ലെക്സ് തുടങ്ങിയ ആനുകൂല്യങ്ങൾ ഈ സേവനത്തിൻ്റെ ഭാഗമാണ്.
2024 ഡിസംബർ 4 നാണ് മഹീന്ദ്രയ്‌ക്കെതിരെ ഇൻഡിഗോ കേസ് ഫയൽ ചെയ്തത്. വാദം കേൾക്കാനായി കേസ് ഡിസംബർ 9 ലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ മഹീന്ദ്രയുമായി വിഷയം ചർച്ച ചെയ്യാനുള്ള നീക്കം നടത്തുന്നുണ്ടെന്ന് ഇൻഡിഗോയുടെ അഭിഭാഷകൻ സന്ദീപ് സേത്തി മാധ്യമങ്ങളോട് പറഞ്ഞു. ഇൻഡിഗോ 2015-ൽ 9, 35, 39, 16 എന്നീ ട്രേഡ്മാർക്ക് ക്ലാസുകൾക്ക് കീഴിൽ '6ഋ ലിങ്ക്' എന്ന മാർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, 2024 നവംബർ 25 നാണ് മഹീന്ദ്ര 'BE 6e' എന്ന പേര് രജിസ്റ്റർ ചെയ്തത്. 2025 ഫെബ്രുവരിയിൽ മഹീന്ദ്ര BE 6e നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18.90 ലക്ഷമാണ് പുതിയ എസ്‌യുവിയുടെ വില കണക്കാക്കുന്നത്. ടാറ്റ കർവ്വ് ഇവി, എംജി ഇസഡ്എസ് ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇവി എന്നിവയായിരിക്കും മഹീന്ദ്രയുടെ പുതിയ എസ്‌യുവിയുടെ എതിരാളികൾ.
Content Highlights: IndiGo sues Mahindra Electric for using 6e in name of its new car: