ഒരു നിമിഷത്തെ ചെറിയൊരു അശ്രദ്ധ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളുടെ ആഘാതം ഒരുപക്ഷെ വളരെവലുതാകും. മഴക്കാലമായാല്‍ റോഡപകടങ്ങളുടെ എണ്ണവും കൂടുതലാണ്. മഴക്കാലത്ത് റോഡിലുണ്ടാകുന്ന അപകടങ്ങള്‍ കൂടാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഹൈഡ്രോപ്ലേനിങ് അഥവാ ജനപാളി പ്രവര്‍ത്തനമാകാം ഇതിന് പ്രധാന കാരണം. ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്ന മുന്നറിയിപ്പാണ് മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പടെ നല്‍കുന്നത്.
എന്താണ് ഹൈഡ്രോപ്ലേനിംഗ്?
നിരത്തുകളില്‍ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും(Traction) ബ്രേക്കിംഗും സ്റ്റിയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവര്‍ത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവര്‍ത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള friction മൂലമാണ് (ഓര്‍ക്കുക മിനുസമുള്ള തറയില്‍ എണ്ണ ഒഴിച്ചാല്‍ നമുക്ക് നടക്കാന്‍ പോലും കഴിയാത്തതും ഈ ഘര്‍ഷണത്തിന്റെ അഭാവമാണ്). വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്റെ പമ്പിംഗ് ആക്ഷന്‍ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു.
സാധാരണ ഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളില്‍ കൂടി (Spill way) പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോണ്‍ടാക്ട് നിലനിര്‍ത്തും എന്നാല്‍ ടയറിന്റെ വേഗത (Peripheral speed) കൂടുംതോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസബിള്‍ അല്ലാത്തതു കൊണ്ട് തന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍ നിന്ന് ഉയരുകയും ചെയ്യും. അങ്ങിനെ ടയറും റോഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ്.
റോഡും ടയറുമായുള്ള സമ്പര്‍ക്കം വേര്‍പെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്‌സിലറേറ്ററിന്റെയും പ്രവര്‍ത്തനം സാധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഡ്രൈവര്‍ക്ക് നഷ്ടമാകുകയും ചെയ്യും. ഇത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും.
വാഹനത്തിന്റെ വേഗത വര്‍ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലേനിംഗ് സാധ്യതയും കൂടുന്നു. മാത്രവുമല്ല ടയര്‍ തേയ്മാനം മൂലം ടയറിന്റെ സ്പില്‍വേയുടെ കനം (groove) കുറയുന്നതോടെ പമ്പിംഗ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലേനിംഗ് സംഭവിക്കുന്നതിന് കാരണമാകും. ത്രെഡ് ഡിസൈന്‍ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോ പ്ലേനിംഗില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം.
ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്,
നിയന്ത്രണം നഷ്ടമായാല്‍ എന്തുചെയ്യണം?
ഹൈഡ്രോ പ്ലേനിംഗ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാല്‍ ഡ്രൈവര്‍ ഉടന്‍ തന്നെ ആക്‌സിലറേറ്ററില്‍ നിന്ന് കാല് പിന്‍വലിക്കണം. മാത്രമല്ല ഈ അവസരത്തില്‍ സഡന്‍ ബ്രേക്കിംഗ് ഉപയോഗിക്കുന്നതും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ജലപാളി പ്രവര്‍ത്തനം തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളില്‍. നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്. വാഹനങ്ങളിലെ തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റേണ്ടതും അത്യവശ്യമാണ്. മാത്രമല്ല നനഞ്ഞ റോഡുകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഒഴിവാക്കുകയും വേണം.
Content Highlights: What is Hydroplaning, Explaining