വേനൽക്കാലം അടുത്തെത്തിയിരിക്കുന്നു, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ താപനില ഉയരാൻ തുടങ്ങി. വേനൽക്കാലത്ത് ചൂടിനെ നേരിടാൻ നമ്മുടെ കാറുകൾക്കും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വേനൽക്കാലത്ത് വാഹനം ഇടയ്ക്കിടയ്ക്ക് സർവീസ് സെൻ്ററിൽ കൊണ്ടുപോവുകയോ ചെലവേറിയ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യേണ്ടതില്ല. കാറുകള്‍ പരിപാലിക്കാന്‍ ചില വിദ്യകളുണ്ട്.
വേനൽക്കാലത്ത് കാറുകളെ സുരക്ഷിതമാക്കാനുള്ള വഴികള്‍
എസി പരിശോധിച്ച് സർവീസ് നടത്തുക
വേനൽക്കാലങ്ങളിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന ഒന്നാണ് എയർ കൺണ്ടീഷനിങ് സിസ്റ്റം. ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് വേനൽക്കാലത്ത് കാറിന്‍റെ അകത്തളം തണുപ്പിക്കാൻ കൂടുതൽ സമയം എടുക്കുന്നുവെന്നത്. ഇതൊഴിവാക്കാനായി കാർ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നിടത്ത് പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
മരത്തിനടിയിലോ മുകൾ ഭാഗം മൂടിയ രീതിയിലുള്ള പാർക്കിങ് ഷെഡ്ഡിലോ പാർക്ക് ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്.
കാറിലെ എസി ടെക്നീഷ്യനെ കൊണ്ട് പരിശോധിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വേനലെത്തും മുന്‍പ് പരിഹരിക്കുക.
കാബിന്‍ എയർ ഫിൽട്ടർ വ്യത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ എസിയുടെ പ്രവർത്തനം കുറയ്ക്കാനും ദുർഗന്ധം ഉണ്ടാകാനും കാരണമാകും.
ഓയിൽ പരിശോധിക്കുക
വേനൽ ചൂടിൽ എഞ്ചിൻ ഓയിൽ വേഗത്തിൽ തീർന്നുപോകാം. അതിനാൽ പഴയതും ജീർണ്ണിച്ചതുമായ ഓയിൽ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
എഞ്ചിൻ ഓയിൽ പതിവായി പരിശോധിച്ച് കൃത്യമായ ഓയിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പവർ സ്റ്റിയറിങ് , ബ്രേക്ക് , ട്രാൻസ്മിഷൻ യൂണിറ്റുകൾ എന്നിവയും ഫ്ലൂയിഡും പരിശോധിക്കണം.
ബാറ്ററി
കാറിന്റ ബാറ്ററി ഒപ്റ്റിമൽ കണ്ടീഷനിൽ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്.
വേനൽ ചൂടിൽ ബാറ്ററിയിലെ ദ്രാവകം വേഗം തീർന്നു പോകും. ഇത് ബാറ്ററിയുടെ പ്രവർത്തനത്തെ കാര്യമായി തന്നെ ബാധിക്കുന്നതിന് മുൻപ് തന്നെ ബാറ്ററിയിൽ കൃത്യമായ അളവിൽ ദ്രാവകമുണ്ടെന്ന് ഉറപ്പുവരുത്തുക.
കാറിന്റെ പ്രധാനപ്പെട്ടതും ഏറ്റവും അവഗണിക്കപ്പെടുന്നതുമായ ഭാഗമാണ് ടയറുകൾ. കൃത്യമായ അളവിൽ വായു നിറയ്ക്കാതെ കാർ ഉപയോഗിക്കുന്നത് ടയറുകൾ വേഗം നശിക്കുന്നതിനും അപകടത്തിനും കാരണമായേക്കാം.
വേനൽക്കാലത്ത് കൃത്യമായ ഇടവേളകളിൽ ടയറിന്റെ പ്രഷർ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വായുവിന്റെ കുറവ് ടയറുകളെ വേഗത്തിൽ നശിപ്പിക്കുകയും പഞ്ചറാകാനുള്ള സാധ്യത കൂടാനും കാരണമാകുന്നു. ഇത് ടയറുകളുടെ വശങ്ങൾ നാശം സംഭവിക്കുന്നതിനും ടയർ പൊട്ടിത്തെറിക്കുന്നതിനും കാരണമായേക്കാം.
പുറത്തെ താപനിലയ്ക്കനുസരിച്ച് ടയറിന്റെ പ്രഷര്‍ പെട്ടന്നു മാറ്റം സംഭവിച്ചേക്കാം. ടയർ ചൂടാകുന്നതിന് മുൻപ് രാവിലെ തന്നെ പ്രഷർ പരിശോധിക്കുക. രണ്ട് ആഴ്ച കൂടുമ്പോൾ പരിശോധന ഉറപ്പാക്കുക.
റോഡിന്റെ നിലവാരം, വാഹനത്തിന്റെ ഭാരം എന്നിവയ്ക്കനുസൃതമായിട്ടാണ് ടയറിൽ വായു നിറയ്ക്കേണ്ടത്.
സ്റ്റെപ്പിനിയായി കരുതുന്ന ടയറിന്റെ വായുവും പരിശോധിക്കേണ്ടതാണ്.
ടയറിന്റെ അലൈൻമെൻ്റ് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.
വിൻഡ്ഷീൽഡ് വൈപ്പറുകൾ പരിശോധിക്കുക
മഴക്കാലത്ത് വിൻഡ്ഷീൽഡ് വൈപ്പറുകൾ ഫലപ്രദമാണെങ്കിലും വേനൽക്കാലത്ത് അവ നേരിട്ട് ചൂട് ഏൽക്കുന്നു. വൈപ്പറിലെ റബ്ബറുകൾ ഉണങ്ങാൻ ഇത് കാരണമാകുന്നു. അത്തരത്തിൽ സംഭവിക്കുമ്പോൾ വിൻഡ്ഷീൽഡിൻ്റെ പ്രവർത്തനത്തിൽ തടസമുണ്ടായേക്കാം.
വൈപ്പർ ബ്ലേഡുകൾ തേയ്മാനമുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ അവ മാറ്റി സ്ഥാപിക്കുക.
വിൻഡ്ഷീൽഡ് വൈപ്പർ മാറ്റി സ്ഥാപിക്കുന്നത് നിങ്ങളുടെ പതിവ് ഓട്ടോ മെയിൻ്റനൻസ് ഷെഡ്യൂളിൻ്റെ ഭാഗമാക്കുന്നത് ഡ്രൈവിംഗ് സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനുള്ള ലളിതവും ചെലവു കുറഞ്ഞതുമായ മാർഗമാണ്.
Contnet Highlights: summer is here. how to ensure your car beats the heat