ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടാകുന്ന ഒന്നാണ് പ്രസിഡന്റ് ലിമോസിന്‍ എന്ന് വിളിക്കപ്പെടുന്ന 'കാഡിലാക് വണ്‍ അല്ലെങ്കില്‍'ദി ബീസ്റ്റ്'.അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനമാണ് കാഡിലാക് വണ്‍ ലിമോസിന്‍ കാര്‍.
പ്രസിഡന്റിനെ ഏത് രീതിയിലുള്ള ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താനുളള കഴിവ് ഈ വാഹനത്തിനുണ്ട്. ഇതിനെ വെറുമൊരു കാര്‍ എന്നതിലുപരി യുദ്ധസന്നാഹം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഒരു ബോംബാക്രമണം ഉണ്ടായല്‍ പോലും ഈ വാഹനത്തിന് ഒരു പോറലുപോലും ഏല്‍ക്കില്ല. ബുള്ളറ്റ് പ്രുഫാണ് ലിമോസിന്റെ വാതിലുകളും ജനലുകളും. ഈ കാറിനുള്ളിലേക്ക് അനാവശ്യ പ്രവേശനം തടയാന്‍ വൈദ്യുതി പുറപ്പെടുവിക്കുന്ന ഡോര്‍ ഹാന്‍ഡിലുകളാണ് സെറ്റ് ചെയ്തിരിക്കുന്നത്.
വാതിലുകള്‍ക്ക് മാത്രം എട്ട് ഇഞ്ചാണ് കനം. ബോയിങ് 747 ജെറ്റുകള്‍ക്കളിലെതിന് സമാനമായിട്ടാണിത്. കുഴിബോംബുകള്‍ പോലെയുള്ളവയില്‍ നിന്ന് രക്ഷനേടാന്‍ അടിഭാഗം കടുപ്പമേറിയ ഉരുക്ക് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അടിയന്തര വൈദ്യ സഹായത്തിന് ആവശ്യമായ സജ്ജീകരണങ്ങളും വാഹനത്തിനുള്ളിലുണ്ട്. എത്രവലിയ കൂട്ടിയിടിയിലും വാഹനം പൊട്ടിത്തെറിക്കാതിരിക്കാന്‍ ഫ്യുവല്‍ ടാങ്കില്‍ പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
സാറ്റലൈറ്റ് ഫോണ്‍, അഗ്നിശമന സംവിധാനം, ഓക്സിജന്‍ സംവിധാനം, പമ്പ്-ആക്ഷന്‍ ഷോട്ട്ഗണ്‍, റോക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഗ്രനേഡുകള്‍, കണ്ണീര്‍ വാതക ഗ്രനേഡുകള്‍, സ്റ്റീല്‍ റിം, ആന്റി പഞ്ചര്‍ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഈ വഹനത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ അലുമിനിയം, സെറാമിക്, സ്റ്റീല്‍ തുടങ്ങിയ കവചിത ടാങ്കുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നതും ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
Content Highlights: Meet 'The Beast', US Presidential Limousine That Donald Trump Will Use