ഏറ്റവും ദൂരം കൂടിയ എക്‌സ്പ്രസ് വേ ഏതാണെന്ന് ചോദിച്ചാല്‍ നമുക്ക് അറിയാമായിരിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം പിരിക്കുന്ന ടോള്‍ പ്ലാസ ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാകുമോ? രാജ്യത്ത് എക്‌സ്പ്രസ് വേകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെയുള്ള ടോള്‍ വരുമാനത്തിലും ഈ വര്‍ധനവ് പ്രതിഫലിക്കുന്നുണ്ട്.
രാജ്യത്തെ ടോള്‍ പിരിവില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. ഐആര്‍ബി ഇന്‍ഫ്രാ ഡെവലപ്പേര്‍സ് ലിമിറ്റഡും ഐആര്‍ബി ഇന്‍ഫ്രാ ട്രസ്റ്റുമാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തെ ടോള്‍ പിരിവില്‍ 19 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ ഏകദേശം 100 കോടി രൂപയുടെ വര്‍ധനവുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ റിപ്പോര്‍ട്ട് അനുസരിച്ച്, മുംബൈ-പൂനെ എക്‌സ്പ്രസ് വേയാണ് ടോള്‍ റവന്യൂവിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 163 കോടി രൂപയാണ് 2024 ഡിസംബറില്‍ ഇവിടെ നിന്ന് പിരിച്ചത്. 158.4 കോടിയായിരുന്നു 2023 ഡിസംബറിലെ ഇവിടുത്തെ പിരിവ്. 94.5 കിലോമീറ്ററാണ് ഈ എക്‌സ്പ്രസ് വേയുടെ ദൂരം. അഹമ്മദാബാദ്- വഡോദര എക്‌സ്പ്രസ് വേ ടോള്‍ പ്ലാസയില്‍ 2024 ഡിസംബറില്‍ ലഭിച്ച പിരിവ് 70.7 കോടി രൂപയാണ്. ഹൈദരാബാദ് ഔട്ടര്‍ റിങ് റോഡ് ടോളില്‍ പിരിച്ചെടുത്തത് 71.3 കോടി രൂപയായിരുന്നു. 2023 ഡിസംബറിനെ അപേക്ഷിച്ച് 9 കോടിയോളം രൂപയുടെ വര്‍ധനവാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
Content Highlights: Which Toll Plaza In The Country Makes The Most Money?