
തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവികളുടെ ബുക്കിങ്ങിൽ വമ്പൻ നേട്ടവുമായി മഹീന്ദ്ര. എക്സ് ഇവി 9ഇ, ബി ഇ 6 എന്നീ ഇലക്ട്രിക്ക് എസ്‌യുവികളാണ് ആദ്യദിവസം തന്നെ ബുക്കിങ്ങിൽ നേട്ടമുണ്ടാക്കിയത്.
വാഹനങ്ങൾ പുറത്തിറങ്ങിയ ആദ്യ ദിനമായ ഫെബ്രുവരി 14ന്, രണ്ട് വണ്ടികൾക്കുമായി 30,179 ബുക്കിങ്ങുകളാണ് ലഭിച്ചത്. ഇവയുടെ മൊത്തം വിലയാണ് 8472 കോടി രൂപ. 56% ബുക്കിങ്ങോടെ എക്സ് ഇവി 9ഇ ആണ് മുൻപിൽ. ബി ഇ 6ന് 44% ബുക്കിങ് ലഭിച്ചു. കമ്പനി ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ നേട്ടം പങ്കുവെച്ചത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹനവില്പന ഇപ്പോഴും അത്രകണ്ട് ഉയർന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക്ക് വാഹനങ്ങൾ വൻ ബുക്കിങ് നേടിയത്. ഇന്ത്യയിലെ മറ്റ് ഇലക്ട്രിക്ക് വാഹനങ്ങളെക്കാൾ കേമന്മാരാണ് മഹീന്ദ്രയുടെയുടെ പുതിയ വാഹനങ്ങൾ. 59,79 കിലോവാട്ട് ബാറ്ററി പായ്ക്കാണ് എക്സ് ഇവിയുടേത്. ഒറ്റത്തവണ ചാർജ് ചെയ്താൽ യഥാക്രമം 542, 656 കിലോമീറ്ററുകൾ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ബി ഇ 6 മോഡലിനും സമാനമായ ബാറ്ററി പായ്ക്കാണുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ യഥാക്രമം 556, 682 കിലോമീറ്റർ ഓടുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഈ വാഹനങ്ങളിൽ 80 ശതമാനം ചാർജ് കയറാൻ വെറും 20 മിനിറ്റ് മതി എന്നതും ഒരു സവിശേഷതയാണ്.
Content Highlights: Mahindra E-SUV's get record bookings