
ഇന്ത്യൻ വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌കിന്റെ ടെസ്‌ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇലോൺ മസ്‌കും കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ടെ്‌സ്‌ല ഇന്ത്യയിലേക്ക് എത്തുന്നതായി വാർത്തകൾ പുറത്തുവന്നത്.
നിലവിൽ ഇന്ത്യയിലെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ താഴെയായി കുറച്ചിരുന്നു. എന്നാൽ ഇറക്കുമതി തീരുവ കുറഞ്ഞാലും ഇന്ത്യയിലെ ടെസ്‌ലയുടെ ഏറ്റവും ബേസ് മോഡൽ പോലും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്ന വിലയായിരിക്കില്ല. ഇന്ത്യയിൽ എത്തുന്ന ബേസ് മോഡലിന് 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയായിരിക്കും എക്‌സ് ഷോറും വിലയെന്നാണ് സിഎൽഎസ്എ റിപ്പോർട്ട് ചെയ്യുന്നത്.
ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ മോഡലായ ടെസ്‌ല 3ക്ക് ഏകദേശം 35,000 യുഎസ് ഡോളർ(ഏകദേശം 30.4 ലക്ഷം രൂപ) വരുന്നുണ്ടെന്ന് സിഎൽഎസ്എ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ പുതിയ ഇറക്കുമതി തീരുവ 15 മുതൽ 20 ശതമാനം വരെയാകാനാണ് സാധ്യത ഇതോടെ ഈ കാറിന് ഇന്ത്യയിലെ വില റോഡ് ടാക്‌സും ഇൻഷൂറൻസുമടക്കം 40,000 യുഎസ് ഡോളറായേക്കാമെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ടെസ്‌ല വിൽപ്പനയ്ക്ക് എത്തുക. ഇന്ത്യയിലെ ടെസ്‌ലയിലേക്ക് റിക്രൂട്ട്മെന്റ് പ്രക്രിയ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XEV 9e, ഹ്യുണ്ടായി ഇ-ക്രീറ്റ, മാരുതി സുസുക്കി ഇ-വിറ്റാര തുടങ്ങിയ ഇല്ക്ട്രിക് വാഹനങ്ങൾ ഇതിനോടകം വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.
ഇരുപത്തിയഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റ് മോഡൽ ഓൺ-റോഡ് ടെസ്‌ല വിപണിയിൽ എത്തിച്ചാൽ മാത്രമാണ് ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് ഇടംപിടിക്കാൻ സാധിക്കുകയുള്ളുവെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
Content Highlights: cheapest model of Tesla in India has a huge price says Reports