
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കുഞ്ഞൻ ഇവിയാണ് എംജി കോമറ്റ്. കുറഞ്ഞ ചിലവിൽ കുഞ്ഞൻ വണ്ടി ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി വാങ്ങാവുന്ന വണ്ടിയാണ് ഇത്. ഇപ്പോഴിതാ എംജി കോമറ്റിന്റെ പുത്തൻ വേരിയന്റുകൾ വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
മുൻ വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി 5 ലക്ഷം രൂപയിൽ താഴെയുള്ള വിലയിൽ പുതിയ കോമറ്റ് വാങ്ങാൻ സാധിക്കും. 2025 എംജി കോമറ്റ് ഇവിയുടെ ലോഞ്ച് വില 4.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. അപ്ഡേറ്റ് ചെയ്ത പുതിയ കോമറ്റ് ഇവിയിൽ പുതുക്കിയ പ്രീമിയം ഇന്റീരിയറുകൾ, മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ, മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് വേരിയന്റുകളിൽ ആണ് പുതിയ 2025 എംജി കോമറ്റ് ഇവി ലഭ്യമാവുക. എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സൈറ്റ് ഫാസ്റ്റ് ചാർജ് (എഫ്സി), എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് എഫ്സി എന്നിവയാണ് പുതിയ വേരിയന്റുകൾ. എക്സൈറ്റ്, എക്സൈറ്റ് എഫ്സി വേരിയന്റുകളിൽ പുതുതായി പിൻ പാർക്കിംഗ് ക്യാമറയും പവർ-ഫോൾഡിംഗ് ORVMകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് എഫ്സി വേരിയന്റുകളിൽ പ്രീമിയം ലെതറെറ്റ് സീറ്റുകളും 4-സ്പീക്കർ ഓഡിയോ സിസ്റ്റവുമാണ് അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ചാർജ് (FC) വേരിയന്റുകളിൽ 17.4 kWh ബാറ്ററി പായ്ക്ക് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒറ്റചാർജിൽ 230 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പുതിയ കോമറ്റിന് സാധിക്കും. ഇതിന് പുറമെ എംജി കോമറ്റ് ബ്ലാക്ക്സ്റ്റോം എഡിഷനും വിപണിയിൽ എത്തിയിട്ടുണ്ട്. 7.80 ലക്ഷം രൂപ വിലയുള്ള ബ്ലാക്ക്‌സ്റ്റോമിന് 'സ്റ്റാറി ബ്ലാക്ക്' എക്സ്റ്റീരിയർ ലുക്കാണ് നൽകിയിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ORVM-കളും 4-സ്പീക്കർ ഓഡിയോ സിസ്റ്റവും ബ്ലാക്ക്‌സ്റ്റോമിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിലുടനീളമുള്ള എംജി ഡീലർഷിപ്പുകളിൽ 11,000 രൂപ നൽകി വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും.
Content Highlights: 2025 MG Comet EV Comes in 5 variant more details