
ആഗോള തലത്തിൽ ഹിറ്റായ ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാറുകളായ ടെസ്‌ലയുടെ ആഗോള വിതരണക്കാരാവാനൊരുങ്ങി ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇന്ത്യൻ വിപണിയിൽ ചുവടുവെയ്ക്കാൻ മസ്‌ക് തീരുമാനിച്ചതിന് പിന്നാലെയാണ് നിർണായക നടപടി. ദി ഇക്കണോമിക്‌സ് ടൈംസ് ആണ് ഇതുസംബന്ധിച്ച് നിർണായക റിപ്പോർട്ട് പുറത്തുവിട്ടത്.
നിലവിൽ ചൈനയിലും തായ്‌വാനിലുമായി നിലനിൽക്കുന്ന തങ്ങളുടെ വിതരണ ശൃംഖലയുടെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റാൻ ടെസ്‌ല പദ്ധതിയിടുന്നുണ്ട്. ടാറ്റ ഓട്ടോകോമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടിസിഎസ് ), ടാറ്റ ടെക്‌നോളജീസ്, ടാറ്റ ഇലക്ട്രോണിക്‌സ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ആണ് ടെസ്‌ലയുടെ ഭാഗമാവാൻ ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച് ഇരു കമ്പനികളും ആഗോള കരാറിൽ ഒപ്പുവെച്ചതായും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ടെസ്‌ലയുടെ നിർമാണത്തിനും വിതരണത്തിനും അസംസ്‌കൃത വസ്തുക്കളും സേവനങ്ങളും ടാറ്റ നൽകുമെന്നാണ് റിപ്പോർട്ട്. കാസ്റ്റിംഗുകൾ, ഫോർജിംഗുകൾ, ഇലക്ട്രോണിക്‌സ്, ഫാബ്രിക്കേഷൻ ഇനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഘടകങ്ങളുടെ വികസനവും ഉൽപ്പാദനത്തെ കുറിച്ചും ടാറ്റയുമായി ടെസ്‌ല ചർച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിന് പുറമെ വയറിങ് ഹാർനെസുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ഗിയർബോക്‌സുകൾ, ഫോർജ്ഡ് പാർട്‌സ്, കാസ്റ്റിംഗുകൾ, ഷീറ്റ് മെറ്റൽ, ഉയർന്ന മൂല്യമുള്ള ഇലക്ട്രോണിക്‌സ്, സസ്‌പെൻഷൻ സിസ്റ്റങ്ങൾ, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളും ഇന്ത്യയിൽ നിന്ന് ടെസ്‌ല വാങ്ങുമെന്നും എക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ സംവർദ്ധന മദർസൺ, സുപ്രജിത് എഞ്ചിനീയറിംഗ്, സോണ ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സ്, വാറോക്ക് എഞ്ചിനീയറിംഗ്, ഭാരത് ഫോർജ്, സന്ധാർ ടെക്‌നോളജീസ് എന്നിവയുൾപ്പെടെ ഒരു ഡസനിലധികം ഇന്ത്യൻ കമ്പനികളിൽ നിന്ന് ടെസ്ല അവശ്യ ഭാഗങ്ങൾ വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇലക്ട്രിക് വാഹനങ്ങൾക്കായി എഞ്ചിനിയറിംഗ് ഉൽപ്പന്നങ്ങൾ ടാറ്റ ഓട്ടോകോംപ് നിർമിക്കുമ്പോൾ ഉൽപ്പന്നത്തിന്റെ എൻഡ്-ടു-എൻഡ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് വാഗ്ദാനം ചെയ്യുന്നത് ടാറ്റ ടെക്‌നോളജീസ് ആണ്. ടിസിഎസ് സർക്യൂട്ട്-ബോർഡ് സാങ്കേതികവിദ്യകൾ നൽകുമ്പോൾ ടെസ്ലയുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളറുകൾ, ഡോർ കൺട്രോളുകൾ എന്നിവയ്ക്കായി പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ ഉൾപ്പെടെയുള്ള സെമികണ്ടക്ടർ ചിപ്പുകൾ ടാറ്റ ഇലക്ട്രോണിക്സ് നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ടെസ്ലയുടെ വിവിധ ഭാഗങ്ങളുടെ ഉൽപ്പാദനം നിലവിൽ നടക്കുന്ന ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നും മാറ്റാൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററി പായ്ക്കുകൾ, ചാർജറുകൾ തുടങ്ങിയ അവശ്യ വൈദ്യുത വാഹന ഘടകങ്ങൾ ടെസ്‌ല തന്നെയാണ് നിലവിൽ ഉൽപാദിപ്പിക്കുന്നത്.
Content Highlights: Tata sign crucial deal to become Tesla's global supplier Says Reports