
ഇന്റര്‍നാഷണല്‍ യാത്രകളില്‍ ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ട്, വിസ ചെക്കിങ്ങുകളൊക്കെ കഴിഞ്ഞാണ് ഓരോ യാത്രക്കാരനെയും വിമാനത്തിനുള്ളില്‍ പ്രവേശിപ്പിക്കുക. എന്നാല്‍ വിമാനത്തിന്റെ പൈലറ്റ് തന്നെ പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നാല്‍ എന്തുചെയ്യും? ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലുണ്ടായത്. പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്ന വിവരം പൈലറ്റ് ഓര്‍ത്തതാകട്ടെ വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷവും.
യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787 വിമാനത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 257 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. തന്റെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലെന്ന് പൈലറ്റ് മനസിലാക്കിയതോടെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചു. ലോസ്ആഞ്ചലസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ലാന്‍ഡ് ചെയ്തത്.
14 മണിക്കൂറായിരുന്നു യാത്രാസമയം. പുറപ്പെട്ട് 1 മണിക്കൂര്‍ 45 മിനിറ്റിന് ശേഷമാണ് പൈലറ്റ് തന്റെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. വിമാനത്തിലെ ക്രൂവുമായി ബന്ധപ്പെട്ട ഒരു അപ്രതീക്ഷിത വിഷയം കാരണം വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് തിരിച്ചുവിട്ടുവെന്നാണ് യാത്രക്കാരെ അറിയിച്ചത്. ബുദ്ധിമുട്ടുണ്ടായതില്‍ ഖേഃദം അറിയിച്ച് എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ഭക്ഷണത്തിനുള്ള വൗച്ചറുകളും വിതരണം ചെയ്തു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലാന്‍ഡ് ചെയ്ത് ഉടന്‍ തന്നെ മറ്റൊരു പൈലറ്റ് വിമാനത്തില്‍ പകരം കയറുകയായിരുന്നു. പിന്നാലെ യാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടായതില്‍ ക്ഷമചോദിച്ച് എയര്‍ലൈന്‍ വക്താവ് രംഗത്തെത്തി. യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
Content Highlights: United flight forced to divert after pilot realises they forgot their passport