
സ്വന്തം വാഹനങ്ങള്‍ വൃത്തിയായി ഭംഗിയായി സംരക്ഷിക്കുന്ന കാര്യത്തില്‍ ഭൂരിപക്ഷം പേരും താല്പര്യം കാണിക്കാറുണ്ട്. എന്നാല്‍ വാഹനം കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി പല അബദ്ധങ്ങളും ചെയ്യാറുണ്ട്. അത്തരത്തില്‍ അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നല്ല വെയിലുള്ള ദിവസങ്ങളില്‍ കാര്‍ കഴുകരുത്
കാര്‍ വൃത്തിയാക്കാന്‍ ഒരിക്കലും വെയിലുള്ള ദിവസങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കുക. കാരണം കാര്‍ സോപ്പ് ഉപയോഗിച്ച് വാഷ് ചെയ്യുമ്പോള്‍ വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതിന് മുമ്പു തന്നെ സോപ്പ് ഉണങ്ങി പോവുകയും കാറില്‍ പാട് വീഴാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. അതുകൊണ്ട് വാഹനം കഴുകാന്‍ സൂര്യപ്രകാശം അധികം ഏല്‍ക്കാത്ത സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കൂടാതെ വാഹനം വൃത്തിയാക്കി കഴിഞ്ഞ് മരത്തിന്റെ അടിയില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. പക്ഷികളുടെ കാട്ടം പോലുള്ളവ വാഹനത്തില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഓട്ടോമാറ്റിക് കാര്‍ വാഷുകള്‍ ഒഴിവാക്കുക
ഓട്ടോമാറ്റിക് കാര്‍ വാഷുകള്‍ ഉപയോഗിച്ച് വാഹനം കഴുകാന്‍ എളുപ്പമാണെങ്കിലും, കാറിന്റെ പെയിന്റ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. റോളറുകളില്‍ മുന്‍പ് കഴുകിയ കാറുകളിലെ പൊടിയും അഴുക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ പെയിന്റില്‍ ചെറിയ പോറലുകളോ പാടോ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ കാര്‍ കഴുകാനുള്ള ഏറ്റവും നല്ല മാര്‍ഗം വൃത്തിയുള്ള ബക്കറ്റും സ്‌പോഞ്ചും, കാര്‍ ഷാംപൂ, പ്രഷര്‍ വാഷര്‍ അല്ലെങ്കില്‍ ഹോസ് പൈപ്പ് പോലുള്ളവ തന്നെയാണ്.
ഡിഷ് വാഷുകളോ അടുക്കള സ്‌പോഞ്ചുകളോ ഉപയോഗിക്കരുത്
വാഹനങ്ങളുടെ ബോഡി വളരെ കരുത്തുറ്റതാണെങ്കിലും അവയുടെ പെയിന്റ് വളരെ കട്ടികുറഞ്ഞതായിരിക്കും അതുകൊണ്ടു തന്നെ വാഹനം കഴുകാന്‍ ഒരിക്കലും അടുക്കളയില്‍ ഉപയോഗിക്കുന്ന ലിക്വഡോ സ്‌പോഞ്ചോ ഉപയോഗിക്കരുത്. വാഷിംഗ്-അപ്പ് ലിക്വിഡ് തുടക്കത്തില്‍ നിങ്ങളുടെ കാറിനെ വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റും, എന്നാല്‍ ആവര്‍ത്തിച്ചുള്ള ഉപയോഗം പെയിന്റിന്റെ സംരക്ഷണ ക്ലിയര്‍ കോട്ടിനെ ബാധിച്ചേക്കാം.
പക്ഷിയുടെ കാഷ്ഠം ചുരണ്ടിക്കളയരുത്
നിങ്ങളുടെ കാറില്‍ ഒരു പക്ഷിയുടെ കാഷ്ഠം പറ്റിയിട്ടുണ്ടെങ്കില്‍ കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ ഉപകരണം ഉപയോഗിച്ച് അത് ചുരണ്ടുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക, കാരണം ഇത് നിങ്ങളുടെ പെയിന്റ് വര്‍ക്കില്‍ പോറല്‍ വീഴ്ത്തിയേക്കാം. ഉണങ്ങുന്നതിന് മുമ്പ് അവ വൃത്തിയാക്കാന്‍ ശ്രമിക്കുക. അഥവാ ഉണങ്ങിയിട്ടുണ്ടെങ്കില്‍, ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കി അതിന് മുകളിലായ് വച്ച് കുറച്ചുസമയത്തിനു ശേഷം തുടച്ചു കളയുക. അല്ലെങ്കില്‍ പക്ഷി വിസര്‍ജ്യ ക്ലീനിംഗ് വൈപ്പുകള്‍ ഉപയോഗിക്കുക.
പോളിഷ് ചെയ്യാനും വാക്‌സ് ചെയ്യാനും മറക്കരുത്
പോളിഷ് ചെയ്യുന്നതും വാക്‌സ് ചെയ്യുന്നതും ഒരു പക്ഷെ അത്യാവശ്യമായ കാര്യമാണോ എന്നു തോന്നിയേക്കാം. പക്ഷെ വാക്‌സിംഗ് പെയിന്റിന് ഒരു സംരക്ഷണ പാളി നല്‍കുകയും അതോടൊപ്പം തിളക്കമുള്ള ഫിനിഷ് നല്‍കുകയും ചെയ്യുന്നു.
Content Highlights: You're washing your car wrong Experts reveal how to clean your vehicle effectively