
ദുബായ് മോഡൽ എയർ ടാക്‌സി സർവീസ് ഇന്ത്യയിലേക്കും. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് ഇന്ത്യയിൽ എയർ ടാക്‌സി സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) എയർ ടാക്‌സിയുടെ പ്രോട്ടോടൈപ്പ് പുറത്തുവിട്ടിരുന്നു.
ആദ്യഘട്ടത്തിൽ ഇന്ത്യയിൽ ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ മൂന്ന് മെട്രോ നഗരങ്ങളിലാണ് എയർ ടാക്‌സി പ്രാവർത്തികമാക്കുക. 2028 ഓടെ ബെംഗളൂരുവിൽ സേവനങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് എയർടാക്‌സി സേവനം എത്തിക്കാനുമാണ് കമ്പനി തീരുമാനിക്കുന്നത്. ബെംഗളൂരുവിൽ ആരംഭിച്ചതിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ സർല ഏവിയേഷനെ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് എയർ ടാക്‌സി സർവീസ് ആക്കാനാണ് തന്റെ പദ്ധതിയെന്ന് സർല ഏവിയേഷൻ സിഇഒ അഡ്രിയാൻ ഷ്മിഡ്റ്റ് പറഞ്ഞിരുന്നു.
എയർടാക്‌സി സേവനം നൽകുന്നതിനെക്കാൾ ടാക്‌സികൾ നിർമിച്ച് മറ്റ് ഓപ്പറേറ്റർമാർക്ക് നൽകാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിന്നി ബൻസാൽ, നിഖിൽ കാമത്ത്, ശ്രീഹർഷ മജേട്ടി തുടങ്ങിയവരിൽ നിന്ന് 10 മില്യൺ ഡോളർ ഫണ്ടിങ് സ്വീകരിച്ച് 2028 ഓടെ ബെംഗളൂരുവിൽ 30 എയർ ടാക്‌സികൾ സർവീസ് ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഓരോ എയർ ടാക്‌സിയിലും ആകെ 680 കിലോഗ്രാം ലോഡ് കപ്പാസിറ്റിയിൽ ആറ് യാത്രക്കാരെ വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ ഇലക്ട്രിക് എയർ ടാക്‌സിക്ക് പരമാവധി 160 കിലോമീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കാൻ സാധിക്കും. തുടക്കത്തിൽ 25-30 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ നഗര റൂട്ടുകളിലായിരിക്കും എയർ ടാക്‌സി സർവീസ് നടത്തുക.
ദുബായിൽ ആരംഭിക്കാനിരിക്കുന്ന എയർടാക്‌സി അടുത്തവർഷത്തോടെ പ്രവർത്തന സജ്ജമാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യയുടെ എയർടാക്‌സി സർവീസ് ചൈനയ്ക്കുള്ള മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകൾ.
നേരത്തെ ചൈന വാണിജ്യ ആവശ്യങ്ങൾക്കായി പൈലറ്റ് രഹിത എയർ ടാക്‌സികൾക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഒരു പരീക്ഷണ പറക്കലിനിടെ ചൈനയുടെ എയർ ടാക്‌സി ടേക്ക് ഓഫ് ശ്രമത്തിനിടെ മറിഞ്ഞു വീണിരുന്നു.
Content Highlights: India will launch Dubai-style air taxi, first to arrive in these three cities