
നാല് കാലുണ്ട്, വേഗത്തിൽ ഓടും, മലയും കുന്നും നിസാരമായി കയറും എന്നാൽ ജീവനില്ല, പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത 'കോർലിയോ' എന്ന യന്ത്രക്കുതിരയെ കുറിച്ചാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോർട്ടിക്‌സും കൂട്ടിച്ചേർത്ത് കാവാസാക്കി നിർമിച്ച 'കോർലിയോ' നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
എക്സ്പോ 2025 ഒസാക്കയിലാണ് ജാപ്പനീസ് കമ്പനിയായ കാവാസാക്കി 'കോർലിയോ' അവതരിപ്പിച്ചത്. നാല് കാലുകൾ ആണ് കോർലിയോയ്ക്ക് നൽകിയിരിക്കുന്നത്. കോർലിയോയുടെ പ്രൊമോഷനായി നൽകിയ വീഡിയോ പ്രകാരം ഒരേസമയം ഒരു കുതിരയുടെയും അതേസമയം ഒരു സൂപ്പർ ബൈക്കിന്റെയും ഗുണഗണങ്ങൾ കോർലിയോക്ക് ഉണ്ട്. നൂതന റോബോട്ടിക്സ് സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൂട്ടിച്ചേർത്താണ് വാഹനം നിർമിച്ചിരിക്കുന്നത്.
എന്നാൽ കോർലിയോ പൊതുജനങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ മിനിമം 25 വർഷം കാത്തിരിക്കേണ്ടി വരും. 2050 ഓടെ ഗതാഗത മാർഗങ്ങളിൽ വന്നേക്കാവുന്ന മാറ്റങ്ങൾ മുൻനിർത്തിയാണ് കാവാസാക്കി കോർലിയോ നിർമിച്ചിരിക്കുന്നത്. 150 സിസി ഹൈഡ്രജൻ എഞ്ചിൻ ആണ് കോർലിയോയ്ക്ക് നൽകിയിരിക്കുന്നത്. 2025 ഏപ്രിൽ 13 ന് ആരംഭിക്കുന്ന ജപ്പാനിലെ 2025 വേൾഡ് എക്സ്പോയിലും കാവാസാക്കി കോർലിയോയെ അവതരിപ്പിക്കും. കാവസാക്കി ഹെവി ഇൻഡസ്ട്രീസ് ഗ്രൂപ്പാണ് വാഹനത്തിന്റെ നിർമാണം നടത്തുക.
ഹൈഡ്രജനാണ് വാഹനത്തിന് ഇന്ധനമായി നൽകുന്നത്. വാഹനത്തിന്റെ പിൻകാലുകളിൽ നൽകിയിരിക്കുന്ന ഹൈഡ്രജൻ കാനിസ്റ്ററിലാണ് ഹൈഡ്രജൻ സംഭരിക്കുക. ഭാവിയിൽ കൂടുതൽ വാഹനങ്ങൾ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാവാസാക്കിയുടെ വിലയിരുത്തൽ.
Content Highlights: Kawasaki unveils four legged Hydrogen Powered Bionic Robot called CORLEO