
ഡൽഹി: ഉപഭോക്താക്കൾക്ക് വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം ട്വിറ്റർ നിശ്ചയിച്ചതിന് പിന്നാലെ നിർണ്ണായക പ്രഖ്യാപനവുമായി മെറ്റ. ട്വിറ്ററിന് സമാനമായ ആപ്പുമായാണ് മെറ്റ എത്തുന്നത്. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഒരു മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായിരിക്കും. മെറ്റാ മേധാവി മാർക്ക് സുക്കർബർഗും ട്വിറ്റർ ഉടമ ഇലോൺ മസ്കും തമ്മിലുള്ള മത്സരത്തിൻ്റെ ഭാഗമായുള്ള ഏറ്റവും പുതിയ നീക്കമാണിത്.
ഇൻസ്റ്റഗ്രാമിൻ്റെ ടെക്സ്റ്റ് അധിഷ്ഠിത വേർഷനായാണ് ത്രെഡ്സ് വരുന്നത്. കൂടാതെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന അക്കൗണ്ടുകൾ പിന്തുടരാനും അതേ യുസർനെയിം നിലനിർത്താനും ഉപഭോക്താക്കളെ അനുവദിക്കുമെന്ന് ആപ്പിൾ ആപ്പ് സ്റ്റോറിലെ ലിസ്റ്റിംഗിലൂടെ കാണിക്കുന്നു.
ട്വീറ്റ്ഡെക്ക് ഉൾപ്പടെ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഇലോൺ മസ്ക് ട്വിറ്ററിൽ കൊണ്ട് വന്നതിന് പിന്നാലെയാണ് സമാന സ്വഭാവമുള്ള ആപ്പിൻ്റെ ലോഞ്ച്. മസ്കിൻ്റെ പരിഷ്കാരങ്ങൾ ട്വിറ്റർ ഉപഭോക്താക്കൾക്കിടയിൽ കടുത്ത പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, ഡിജിറ്റല് പരസ്യങ്ങള്ക്കപ്പുറം ബിസിനസ് പുനരുജ്ജീവിപ്പിക്കാന് വീഡിയോ, ക്രിയേറ്റര്, കൊമേഴ്സ് പങ്കാളിത്തം എന്നിവയില് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികള് ട്വിറ്റര് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മസ്ക് ഉടമസ്ഥതയേറ്റതിന് പിന്നാലെ ട്വിറ്റര് വിട്ടുപോയ പരസ്യദാതാക്കളെ തിരിച്ചുപിടിക്കാനും ട്വിറ്റര് ബ്ലൂ ടിക് പ്രോഗ്രാമിന്റെ ഭാഗമായി സബ്സ്ക്രിപ്ഷന് വരുമാനം വര്ദ്ധിപ്പിക്കാനും നിരവധി നടപടികള് സ്വീകരിച്ചിരുന്നു. ഒക്ടോബറില് മസ്ക് സിഇഒ ആയി ചുമതലയേറ്റ ശേഷം ട്വിറ്റര് നിരവധി മാറ്റങ്ങള്ക്ക് വിധേയമായിട്ടുണ്ട്. കാര്യമായ പരസ്യദാതാക്കളെ നഷ്ടപ്പെട്ടതിന് ശേഷം, ട്വിറ്റര് പുതിയ സബ്സ്ക്രിപ്ഷന് ഫീച്ചറുകള് അവതരിപ്പിച്ചിരുന്നു.