ഒന്ന് ചിരിക്കാൻ, കരയാൻ, ഒരൽപ്പം കലിപ്പാകാൻ എന്തിനും സോഷ്യൽ മീഡിയയ്ക്കാവശ്യം ഇമോജികളാണ്. ഇന്ന് ഇമോജിയില്ലാത്ത ജീവിതം വാട്സ്ആപ്പില്ലാത്ത സ്മാർട്ട്ഫോൺ പോലയാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ഇത്ര ഫേമസായ ഇമോജിയെ കൂടുതൽ അറിഞ്ഞില്ലെങ്കിൽ മോശമല്ലേ? എന്നാലറിയൂ, ഇന്നാണ് ലോക ഇമോജി ദിനം. എല്ലാവർഷവും ജൂലൈ 17 നാണ് ലോക ഇമോജി ദിനം ആഘോഷിക്കുന്നത്.
ഏത് ഭാഷയിലുള്ളവർക്കും പരസ്പരം മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന്മാർ അത്ര ചില്ലറക്കാരല്ല. എഴുതിയയക്കുന്ന സന്ദേശങ്ങളിൽ നമ്മുടെ ഇമോഷൻസിനെ ഉൾപ്പെടുത്താനാകില്ലെന്ന വലിയ പരിമിതിയെ ഇത്രയെളുപ്പം മറികടക്കാൻ സഹായിക്കുന്നത് ഈ മഞ്ഞക്കുഞ്ഞൻമാരാണല്ലോ. ചിലപ്പോഴത് സന്തോഷമാകും. ചിലപ്പോൾ ദേഷ്യവും കരച്ചിലും നിസ്സഹായതയുമാകും. വാക്കുകൾകൊണ്ട് പറയാനാകാത്തത് 'അവർ' മറുപറത്തെ ഒറ്റ ക്ലിക്കിൽ അറിയിക്കും.
ജപ്പാനീസ് ഇന്റർഫേസ് ഡിസൈനറായ ഷിഗേത്ക കുരിറ്റയാണ് 1999 ൽ ഇമോജികളെ വികസിപ്പിച്ചെടുത്തത്. ജപ്പാനിലെ ടെലികോം കമ്പനിയായ എൻടിടി ഡോകോമോയിൽ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇവയെ കണ്ടെത്തിയത്. സ്മാർട്ട്ഫോണുകൾ ജനകീയമായതോടെ 2010 മുതൽ ഇമോജികളും ജനപ്രിയമായി. ഡിജിറ്റൽ കോൺവസേഷന്റെ അവിഭാജ്യഘടകമായ ഇമോജികളെ ആദരിക്കാൻ, ഇമോജിപീഡിയയുടെ സ്ഥാപകൻ ജെറെമി ബെർഡ് 2014 ൽ ലോക ഇമോജി ദിനാഘോഷം ആരംഭിച്ചു.
ജപ്പാൻകാർക്കായി 2007 ൽ ഐഫോൺ ഇമോജി കീബോർഡുകൾ ഉൾപ്പെടുത്തി. അമേരിക്കൻ ഉപഭോക്താക്കളും ഇമോജി കീബോർഡ് കണ്ടുപിടിച്ചതോടെ ഇമോജികൾ ലോകത്തേക്ക് തുറന്നുവിടപ്പെട്ടു. പിന്നെ ഇതുവരെ ഇമോജികൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒരു ജപ്പാൻകാരൻ നിർമ്മിച്ചതുകൊണ്ടുതന്നെ ഇമോജി എന്ന വാക്ക് ജപ്പാൻ ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്. 'പിക്ച്ചർ വേർഡ്' എന്നാണ് ഈ വാക്കിന്റെ ഏകദേശ അർത്ഥം.
കൈയ്യെത്താ ദൂരമകലേക്ക് വികാരങ്ങളെ കൊടുത്തയയ്ക്കാൻ ഇമോജികളേക്കാൾ ലളിതമായൊരു മാർഗമില്ല. വാക്കുകളേക്കാൾ മനോഹരവും മൂർച്ചയുള്ളതുമായ ഇമോജികളെ പറത്തിവിട്ട് ഇനിയും സന്ദേശങ്ങൾ കൈമാറാം, ആഘോഷിക്കാം ലോക ഇമോജി ദിനം.