റഷ്യയിലെ സ്കോഫ് നഗരത്തില് യുക്രെയ്ന് ഡ്രോണ് ആക്രമണത്തില് സൈനിക ഗതാഗതത്തിന് ഉപയോഗിക്കുന്ന രണ്ട് വിമാനങ്ങള് കത്തിനശിക്കുകയും നാലെണ്ണത്തിന് കേടുപാടുകള് വരികയും ചെയ്തതായാണ് റിപ്പോര്ട്ടുകൾ. ഐഎല്-76 ശ്രേണിയില്പ്പെട്ട സൈനിക ഗതാഗത വിമാനങ്ങളാണ് കത്തിനശിക്കുകയോ കേടുപാടുകള് സംഭവിക്കുകയോ ചെയ്തത്. റഷ്യയെ സംബന്ധിച്ച് അവരുടെ ശേഖരത്തിലെ ഏറ്റവും മികച്ച സൈനിക ഗതാഗത വിമാനങ്ങളാണ് ഐഎല്-76 ശ്രേണിയിലുള്ള വിമാനങ്ങള്. ഐഎല്-76ന് 46.6 മീറ്റര് നീളവും 14.42 മീറ്റര് ഉയരുവുമുണ്ട്. 50.5 മീറ്റര് നീളമാണ് ചിറകുകള്ക്കുള്ളത്. 170 ടണ് ഭാരം വഹിക്കാനുള്ള ശേഷിയാണ് ഐഎല്-76ന് ഉള്ളത്. ആറോ ഏഴോ ജീവനക്കാരാണ് വിമാനത്തില് ഉണ്ടാകുക.
ഐഎല്-76 ഇടത്തരം സൈനിക ഗഗാഗത വിമാനമാണ്. നാറ്റോ കോഡ്നാമമായ 'കാന്ഡിഡ്' എന്ന പേരിലും അറിയപ്പെടുന്നു. ഉയര്ന്ന സെറ്റ്, സ്വീപ്പ്-വിംഗ്, ടി ആകൃതിയിലുള്ള ടെയില് യൂണിറ്റ് എന്നിവയടങ്ങുന്ന ഒരു പരമ്പരാഗത എയറോഡൈനാമിക് കോണ്ഫിഗറേഷനാണ് ഐഎല്-76ന്റേത്.
പാരാട്രൂപ്പര്മാരെ ഡ്രോപ്പ് ചെയ്യുന്നത് മുതല് ഇടത്തരം വലിപ്പത്തിലുള്ള യുദ്ധടാങ്കുകള് അടക്കമുള്ള ആയുധങ്ങളുടെ ട്രാന്സ്പോര്ട്ടിങ്ങിനും ഐഎല്-76 ഉപയോഗിക്കുന്നുണ്ട്. ട്രൂപ്പ് ഫോഴ്സിന്റെ വാഹനവും ഐഎല്-76 ട്രാന്സ്പോര്ട്ടേഷന് നടത്താം. സേനയ്ക്ക് ആവശ്യമായ കാര്ഗോ എയര്ലിഫ്റ്റിംഗ്, ദുരന്ത നിവാരണ പ്രവര്ത്തനങ്ങള്ക്കുള്ള ഗതാഗത സംവിധാനം എന്ന നിലയിലും ഐഎല്-76 ഉപയോഗിക്കാറുണ്ട്.
മോശം കാലാവസ്ഥയിലും പ്രതികൂലമായ വ്യോമ പ്രതിരോധ സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്ന, പകലും രാത്രിയും എയര്ലിഫ്റ്റുകളും എയര് ഡ്രോപ്പ് ദൗത്യങ്ങളും നിര്വഹിക്കുന്നതിനുള്ള ഓണ്ബോര്ഡ് ഉപകരണങ്ങളും ഐഎല്-76 ശ്രേണിയിലുള്ള വിമാനങ്ങളുടെ പ്രത്യേകതയാണ്.
ഐഎല്-76 എം എയര്ക്രാഫ്റ്റ് നാല് D-30KP ടര്ബോഫാന് എഞ്ചിനുകള് ഉപയോഗിച്ചാണ് പ്രവര്ത്തിക്കുന്നത്. പരസ്പരം വേര്തിരിച്ചിരിക്കുന്ന 12 ഇന്റഗ്രല് ടാങ്കുകളിലാണ് ഇന്ധനം സൂക്ഷിച്ചിരിക്കുന്നത്. എഞ്ചിനുകളുടെ എണ്ണം അനുസരിച്ച് ഇന്ധന ടാങ്കുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. സ്ഫോടനത്തില് നിന്നുള്ള സംരക്ഷണത്തിനായി ഒരു നിഷ്ക്രിയ വാതക സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. യുദ്ധമേഖലയില് ഇടപെടുന്ന വിമാനം എന്ന നിലയിലുള്ള സുരക്ഷാ സംവിധാനങ്ങളും ഐഎല്-76നുണ്ട്. റഡാര് മുന്നറിയിപ്പ്, ജാമറുകള്, ഇന്ഫ്രാറെഡ് ഫ്ലെയര് കാട്രിഡ്ജുകള്, ചാഫ് ഡിസ്പെന്സര്, ഫയര് കണ്ട്രോള് റഡാറുള്ള രണ്ട് തോക്കുകള് എന്നിവ ഉള്പ്പെടുന്ന ഒരു പ്രതിരോധ സഹായ സ്യൂട്ടാണ് ഐഎല്-76ല് സജ്ജീകരിച്ചിട്ടുണ്ട്.
ഐഎല്-76 വിമാനത്തിന് ഒന്നിലേറെ വകഭേദങ്ങളുണ്ട്. ഐഎല്-76 എം, ഐഎല്-76 എംഡി, ഐഎല്-78, ഐഎല്-76 എംഎഫ്, ഐഎല്-76 എംഎഡി-90എ എന്നിങ്ങനെ ഐഎല്-76ന് നിരവധി ഡിസൈന് വ്യത്യാസങ്ങളുണ്ട്. ഡിസൈന്, എയറോഡൈനാമിക് കോണ്ഫിഗറേഷന്, ഫ്ളൈറ്റ് പ്രകടന സവിശേഷതകള് എന്നിവയുടെ കാര്യത്തില്, ഐഎല്-76 എം പതിപ്പിന് ഫലത്തില് ഐഎല്-76അടിസ്ഥാന വിമാനത്തോട് സാമ്യമുണ്ട്.
ഇടത്തരം സൈനിക ഗതാഗത വിമാനമായ ഐഎല്-76 നിര്മ്മിച്ചിരിക്കുന്നത് മോസ്കോയിലെ ഇല്യുഷിന് ഏവിയേഷന് കോംപ്ലക്സ് ജോയിന്റ് സ്റ്റോക്ക് കമ്പനിയും ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിലുള്ള താഷ്കന്റ് എയര്ക്രാഫ്റ്റ് പ്രൊഡക്ഷന് കോര്പ്പറേഷനും ചേര്ന്നാണ്. 1974-ല് സര്വീസ് ആരംഭിച്ചതിനുശേഷം 500-ലധികം വിമാനങ്ങള് നിര്മ്മിച്ചിട്ടുണ്ട്.