ന്യുയോർക്ക്: ചാറ്റ് ജിപിടി ഉൾപ്പടെയുള്ള എഐ ഉൽപ്പന്നങ്ങളെ തങ്ങളുടെ കണ്ടന്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞ് അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ. ഓപ്പൺഎഐ അതിന്റെ എഐ ടൂളുകൾ ഒരുക്കാൻ ലൈസൻസില്ലാതെ ഉള്ളടക്കം ഉപയോഗിക്കുന്നു എന്ന് കാണിച്ച് കമ്പനിക്കെതിരെ നിയമപരമായി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം കണ്ടന്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വെബ്സൈറ്റുകൾക്ക് സ്വയം തടയാൻ സാധിക്കുന്ന ഫീച്ചർ ഓപ്പൺ എഐ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിൽ നിന്ന് ഓപ്പൺഎഐയെ തടഞ്ഞതായി ഗാർഡിയൻ സ്ഥിരീകരിച്ചത്.
'വാണിജ്യ ആവശ്യങ്ങൾക്കായി ഗാർഡിയന്റെ വെബ്സൈറ്റിൽ നിന്ന് ഉള്ളടക്കം ഉപയോഗിക്കുന്നത് ഞങ്ങളുടെ സേവന നിബന്ധനകൾക്ക് വിരുദ്ധമാണ്,' ഗാർഡിയൻ ന്യൂസ് ആൻഡ് മീഡിയയുടെ വക്താവ് പറഞ്ഞു. ഗാർഡിയന് പുറമെ സിഎൻഎൻ, റോയിട്ടേഴ്സ്, വാഷിംഗ്ടൺ പോസ്റ്റ്, ബ്ലൂംബെർഗ്, ദി ന്യൂയോർക്ക് ടൈംസ് എന്നിങ്ങനെ നിരവധി വെബ്സൈറ്റുകൾ ജിപിടിയെ കണ്ടന്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്.