വമ്പൻ ക്യാമറയും സവിശേഷതകളുമായി ഐഫോൺ 15 സീരീസെത്തി, ആപ്പിൾ ഐ വാച്ചുകളും; 'വണ്ടർലസ്റ്റ്' ഇങ്ങനെ

ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, തുടങ്ങിയ ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ഇവന്റിൽ ലോഞ്ച് ചെയ്തു

dot image

ആരാധകർ ഏറെ കാത്തിരുന്ന ഈ വർഷത്തെ ആപ്പിൾ ഇവന്റ് പൂർത്തിയായി. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, തുടങ്ങിയ ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളും ഇവന്റിൽ ലോഞ്ച് ചെയ്തു. 'വണ്ടർലസ്റ്റ്' എന്ന് പേരിട്ടിരുന്ന പരിപാടി ആപ്പിൾ പാർകിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ഓൺലൈനായാണ് നടന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ്, സോഷ്യല് മീഡിയാ അക്കൗണ്ടുകള് എന്നിവയിലൂടെ പരിപാടിയുടെ തത്സമയ സ്ട്രീമിങ് നടന്നിരുന്നു.

ആപ്പിൾ സീരീസ് 9

ഇവന്റിലെ ആദ്യ പ്രഖ്യാപനം ആപ്പിൾ വാച്ച് സീരീസ് 9 ആയിരുന്നു. ആപ്പിൾ വാച്ച് സീരീസ് 9 വാച്ചിൽ പുതിയ എസ്9 എസ്ഐപി കസ്റ്റം ആപ്പിൾ സിലിക്കണാണ് നൽകിയിട്ടുള്ളത്. ആപ്പിളിന്റെ ഏറ്റവും ശക്തമായ വാച്ച് ചിപ്പാണിത്. പുതിയ ഡബിൾ ടാപ്പ് ജെസ്ച്ചറും ഓൺ-ഡിവൈസ് സിരിയും ഉൾപ്പെടെ ഹെൽത്ത് ഡാറ്റയുമായി ബന്ധപ്പെട്ട ഫീച്ചറുകളും വാച്ചിലുണ്ട്. പുതിയ 4 കോർ ന്യൂറൽ എഞ്ചിനാണ് വാച്ചിലുള്ളത്. കൂടുതൽ ബ്രൈറ്റ്നസുള്ള ഡിസ്പ്ലെ, വേഗതയുള്ള സിരി എന്നിവയും ഈ വാച്ചിന്റെ സവിശേഷതകളാണ്. ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ പ്രവർത്തിക്കാൻ പുതിയ ആപ്പിൾ വാച്ചിന് കഴിയുമെന്നാണ് ആപ്പിൾ വക്താക്കൾ ഉറപ്പ് നൽകുന്നത്.

ഇന്ത്യയിൽ ആപ്പിൾ വാച്ച് സീരീസ് 9 ന് 41,900 രൂപയാണ് പ്രാരംഭ വില. അലൂമിനിയത്തിൽ പിങ്ക്, സ്റ്റാർലൈറ്റ്, സിൽവർ, മിഡ്നൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും. കൂടാതെ സ്റ്റെയിൻലെസ് സ്റ്റീൽ പതിപ്പുകൾ ഗോൾഡ്, സിൽവർ, ഗ്രാഫൈറ്റ് എന്നീ നിറങ്ങളിലാണ് ലഭിക്കുന്നത്. സെപ്റ്റംബർ 22 മുതൽ ഇവ വിപണികളെത്തും.

വാച്ച് അൾട്രാ 2

സീരീസ് 9 പോലെ, വാച്ച് അൾട്രാ 2 യിലും എസ്9 ചിപ്പ് തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡബിൾ ടാപ്പ്, സിരി, പ്രിസിഷൻ ഫൈൻഡിംഗ് തുടങ്ങിയ ഫീച്ചറുകൾ ഈ മോഡലിനുണ്ട്. 3,000 നിറ്റ്സ് ബ്രൈറ്റ്നസ് ഡിസ്പ്ലേയാണ് ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത. വാച്ച് ഒഎസ് 10ലാണ് സ്മാർട്ട് വാച്ച് പ്രവർത്തിക്കുന്നത്. ഈ വാച്ച് സെപ്റ്റംബർ 22ന് വിപണിയിലെത്തും. 89,900 രൂപ മുതലാണ് പ്രാരംഭ വില. അതുപോലെ വാച്ച് ബാൻഡുകൾ ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളിൽ നിന്നും ആപ്പിൾ തുകൽ ഉപേക്ഷിക്കുമെന്നും ഇവന്റിൽ അറിയിച്ചിരുന്നു.

ഐഫോൺ 15, 15 പ്ലസ്

ഐഫോൺ 15 സീരീസ് ലൈൻ അപ്പ് തന്നെയായിരുന്നു ഇവന്റിലെ താരങ്ങൾ. ഐഫോണുകളിൽ കമ്പനി കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം എന്നത് യുഎസ്ബി സി പോർട്ട് ചേർത്തു എന്നതാണ്. 15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ മോഡലുകളാണ് ആദ്യം പുറത്തിറക്കിയത്. ഐഫോൺ 15 ഡിസ്പ്ലേയ്ക്ക് 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഉണ്ട്. ഐഫോൺ 15ന് 6.1 ഇഞ്ച് ഡിസ്പ്ലേയും ഐഫോൺ 15 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ ഫോണുകളിൽ 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ സപ്പോർട്ടുള്ള 48 എംപി വൈഡ് ആംഗിൾ ക്യാമറ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 എംപി സെൽഫി ക്യാമറ എന്നിവയുണ്ട്. നെയിംഡ്രോപ്പ്, സ്റ്റാൻഡ്ബൈ എന്നിവ പോലുള്ള പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്ന ഐഒഎസ് 17ലാണ് ഐഫോൺ 15, ഐഫോൺ 15 പ്ലസ് ഫോണുകൾ പ്രവർത്തിക്കുന്നത്. സാറ്റലൈറ്റ് കണക്റ്റിവിറ്റിയും പ്രിസിഷൻ ഫൈൻഡ് മൈ ഫീച്ചറും റോഡ്സൈഡ് അസിസ്റ്റന്റും ഈ മോഡലുകളിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. മോഡലുകളുടെ ബാറ്ററി ലൈഫിനെക്കുറിച്ച് ആപ്പിൾ വ്യക്തത വരുത്തിയിട്ടില്ല. ഐഫോൺ 15ന്റെ പ്രാരംഭ വില 79,900 രൂപയും 15 പ്ലസ് 89,900 രൂപയുമാണ്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാണ്.

ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്

ഐഫോൺ 15, 15 പ്ലസ് മോഡലുകൾക്ക് പിന്നാലെയാണ് ഇവന്റിലെ വിഐപികളെ അവതരിപ്പിച്ചത്. മാർസ് റോവറിൽ ഉപയോഗിച്ച അതേ അലോയ് ഗ്രേഡ് 5 ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച ബോഡിയോടെയാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എത്തുന്നത്. നേരത്തെ സ്റ്റെയിൻലെസ് സ്റ്റീലായിരുന്നു ബോഡിയിൽ ഉപയോഗിച്ചിരുന്നത്. സ്മാർട്ട് ഫോൺ ഇൻഡസ്ട്രിയിലെ ആദ്യ 3 നാനോ ചിപ്പും ഫോണിന്റെ പ്രത്യേകതകളിലൊന്നാണ്. ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. പുതിയ എ17 ബയോണിക് ചിപ്പ്സെറ്റ് കൂടുതൽ കാര്യക്ഷമവും പെർഫോമൻസ് നൽകുന്നതുമാണ്. ഈ മോഡലുകളിൽ കമ്പനി കൊണ്ടുവന്നിരിക്കുന്നു മറ്റൊരു മാറ്റമെന്നത് സ്ലൈഡർ ഒഴിവാക്കി പകരം കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ ബട്ടൺ നൽകിയെന്നതാണ്.

പെരിസ്കോപ്പ് ഫീച്ചറോടെയുള്ള ക്യാമറയാണ് ഐഫോൺ 15 പ്രോയുടെ പ്രധാന സവിഷേശത. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഐഫോൺ 15 പ്രോയിൽ നൽകിയിരിക്കുന്നത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറ ഫീച്ചറുമുണ്ട്. ഐഫോൺ 15 പ്രോ മാക്സിന് 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറ ഫീച്ചറുകളാണുള്ളത്. ഐഫോൺ 15 പ്രോയുടെ വില ആരംഭിക്കുന്നത് 134,900 രൂപ മുതലാണ്. 128 ജിബി സ്റ്റോറേജുള്ള ബേസ് വേരിയന്റിനാണ് ഈ വില. ഐഫോൺ 15 പ്രോ മാക്സിന്റെ 256 ജിബി സ്റ്റോറേജുള്ള ബേസ് വേരിയന്റിന് 159,900 രൂപയാണ് വില.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us