ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ അസാധാരണമായ വളര്ച്ചയ്ക്ക് നാം സാക്ഷ്യം വഹിച്ച വര്ഷമാണ് കടന്നുപോകുന്നത്. നിര്മിത ബുദ്ധിയുടെ അനന്ത സാധ്യതകളെപ്പറ്റിയുള്ള ചോദ്യങ്ങള്ക്കും ആശങ്കകള്ക്കുമെല്ലാമുള്ള ഉത്തരം 2023 കരുതിവച്ചിരുന്നു. നിര്മിത ബുദ്ധിയുടെ കുതിച്ചു ചാട്ടം എല്ലാ മേഖലകളിലക്കും പാഞ്ഞെത്തി. വിജ്ഞാന വിനോദ വാണിജ്യ മേഖലകളെല്ലാം ഈ മാറ്റത്തിന്റെ ഭാഗമായി. സാധാരണക്കാര് മുതല് വിവിധ ലോകനേതാക്കള് വരെ എഐ കുതിപ്പിന്റെ ഭാഗമായി. ഗുണമോ ദോഷമോ എന്ന് വിധിയെഴുതാന് പറ്റാത്ത വിധത്തില് ലോകം അക്ഷരാര്ത്ഥത്തില് എഐയുടെ വളര്ച്ചയെ ആകാംക്ഷയോടെ നോക്കിക്കണ്ട വര്ഷമായിരുന്നു 2023.
മെറ്റവേഴ്സ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്ച്വല് റിയാലിറ്റി തുടങ്ങിയ വാക്കുകള് സാധാരണമായി. നമ്മുടെയെല്ലാം ജീവിതത്തെ, ജീവിതചര്യകളെ രൂപപ്പെടുത്തുന്നതില് വരെ എഐ സ്വാധീനം ചെലുത്തി. കുര്ത്തയും ഷാളും ധരിച്ച് മൊബൈലില് സെല്ഫി എടുക്കുന്ന ഗാന്ധിജി മുതല്, പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ ജീസസ്, കാള്മാര്ക്സ്, ഹിറ്റലര്, ചെഗുവേര എന്നിവരെല്ലാം കൗതുകമായി നമ്മുടെ സോഷ്യല് മീഡിയ വാളുകളില് തെളിഞ്ഞു വന്നു. ഇതിനെല്ലാം പുറമെ ലോകം ഇതുവരെ കണ്ടതില് വച്ച് ഏറ്റവും മികച്ച എഐ ചാറ്റ് സംവിധാനമായ ചാറ്റ് ജിപിടിയും രംഗത്തെത്തി.
സാങ്കേതിക രംഗത്തെ ഈ വര്ഷത്തെ വളര്ച്ചയില് എടുത്ത് പറയേണ്ട പേരാണ് സാം ആള്ട്ട്മാന്. ടൈം മാഗസിന് അദ്ദേഹത്തെ 'സിഇഒ ഓഫ് ദി ഇയര്' ആയി തിരഞ്ഞെടുത്തിരിക്കുന്നു. എ ഐയുടെ ബ്രാന്ഡ് അംബാസിഡറെന്ന് പറയാം. എന്നാല് ഇതിനിടയില്, ആള്ട്മാന് നേതൃത്വം നല്കിവന്ന, അദ്ദേഹമടക്കമുള്ളവര് സ്ഥാപിച്ച, ഓപ്പണ് എഐ ആള്ട്ട്മാനെ മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കി. പക്ഷേ ഒരാഴ്ചയ്ക്കുള്ളില് തന്നെ ആള്ട്മാന് ആ സ്ഥാനത്തേക്ക് തിരിച്ചെത്തി.
സാങ്കേതിക രംഗത്തെ വളര്ച്ചയില് ലോകം അമ്പരന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വര്ഷാവസാനം ആയപ്പോള് ഡീപ്പ് ഫേക്കെന്ന വില്ലന് അവതരിച്ചത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരെക്കുറിച്ചും വ്യാജവീഡിയോ നിര്മ്മിക്കാമെന്നത് വലിയ തരത്തില് ആശങ്ക വിതയ്ക്കുന്നുണ്ട്. തെന്നിന്ത്യന് സിനിമാലോകം ഞെട്ടലോടെ കണ്ട ആ വിഡിയോ തന്നെ ഉദാഹരണം. നടി രശ്മിക മന്ദാന തന്നെയെന്ന് തോന്നിപ്പിക്കും വിധം പുറത്തെത്തിയ വീഡിയോ നടിയുടെ ആരാധകരെ മാത്രമല്ല, സഹപ്രവര്ത്തകരെയും ഞെട്ടിച്ചു. ഒടുവില് രശ്മിക തന്നെ തന്റെ സങ്കടം വിവരിച്ച് രംഗത്തെത്തി. വളരെയധികം പേടിപ്പെടുത്തുന്ന ഒന്നാണിത്. നമ്മള് ഓരോരുത്തരുടെയും അവസ്ഥ ഭയാനകമാണ് എന്ന് പറഞ്ഞു. രാജ്യം മുഴുവന് അത് ഏറ്റെടുത്തു. ഒടുവില് പ്രധാനമന്ത്രി ഇടപെട്ടു.
ഫോട്ടോഷോപ്പിങ്ങിനുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉത്തരമെന്നാണ് ഡീപ്പ് ഫേക്കിനെ വിശേഷിപ്പിക്കുന്നത്. വ്യാജ ദൃശ്യങ്ങള് നിര്മ്മിക്കാന് ഡീപ്ഫേക്കുകള് ഡീപ് ലേണിംഗ് എന്ന ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിക്കുന്നു. വിഡിയോയിലോ ചിത്രത്തിലോ ഉള്ള ഉള്ളടക്കത്തെ പൂര്ണമായും മറ്റൊന്നായി മാറ്റുന്നു. വരും ഭാവിയില് ഒരാള് ചെയ്യാത്തതോ പറയാത്തതോ ആയ കാര്യങ്ങള്, ആ തരത്തില് വിശ്വസനീയമാം വിധം മറ്റുള്ളവരിലേക്ക് എത്തിക്കാന് ഡീപ്പ് ഫേക്ക് മതിയാകും എന്ന ഭീതിയാണ് ഇവിടെ ജനിക്കുന്നത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വരെ ബാധിക്കുന്ന ഗുരുതര പ്രശ്നമായി ഇത് മാറാനും സാധ്യത ഉണ്ടെന്ന് സാങ്കേതിക രംഗത്തെ വിദഗ്ധര് പറയുന്നു.
ഈ വര്ഷം അവസാനിക്കുമ്പോള് ഒരു കാര്യം ഉറപ്പിച്ച് പറയാം. എഐ താരമായ ഒരു വര്ഷമാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന വര്ഷങ്ങള് അതിന്റെ ഏറ്റവും മികച്ച വളര്ച്ച കാണിച്ചു തരുന്നതുമായിരിക്കും.