മാപ്പില്ല ഗൂഗിൾ മാപ്പേ! യാത്രക്കിടെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കാലാവസ്ഥാ മാറ്റങ്ങളും ഇടറോഡുകളിലെ വ്യത്യാസങ്ങളുമൊക്കെ പണി തരാൻ സാധ്യതയുള്ളതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായം തേടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

dot image

യാത്രക്കിടെ ഗൂഗിൾ മാപ്പിന്റെ സഹായം തേടുന്നത് സാധാരണമായിക്കഴിഞ്ഞു. വളരെ വേഗത്തിലെത്താൻ കുറുക്കുവഴികളന്വേഷിച്ച്, ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ, വശങ്ങളിൽ പച്ചപ്പ് നിറഞ്ഞ ഇടറോഡുകളുടെ ഭംഗി തേടി ഒക്കെ ഗൂഗിൾ മാപ്പ് പറയുന്ന വഴികളിൽ കൂടി പോകാൻ തയ്യാറാവുന്നവരാണ് മിക്കവരും. എന്നാൽ, ഗൂഗിൾ മാപ്പ് പണി തരുന്നത് ഒറ്റപ്പെട്ട സംഭവമല്ല താനും. ഇന്നുമുണ്ടായി അത്തരത്തിലൊരു സംഭവം. കോട്ടയം കുറുപ്പന്തറയിലാണ് ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴക്ക് പോയ ഹൈദരാബാദ് സ്വദേശികൾ കാറുമായി കുളത്തിലായത്. ഗൂഗിൾ മാപ്പ് പറഞ്ഞതനുസരിച്ച് പോയ കാർ പടിക്കെട്ടു നിരങ്ങിയിറങ്ങിയ സംഭവവും ഭീമൻ വാഹനം ഇട റോഡിലേക്കു വന്നു കുടുങ്ങിയതുമൊക്കെ നടന്ന സംഭവങ്ങളാണ്. കഴിഞ്ഞ വർഷം കാർ അപകടത്തിൽ പെട്ട് രണ്ട് യുവഡോക്ടർമാർ മരിച്ച അതിദാരുണ സംഭവവും കേരളം മറന്നിട്ടില്ല.

ഗൂഗിൾ മാപ്പിൽ അപ്ഡേറ്റുകളുണ്ടാകുന്നതെങ്ങനെയെന്ന് അറിയാമോ? ആരെങ്കിലും അപ്ഡേറ്റ് ചെയ്താൽ മാത്രമേ അത് സംഭവിക്കൂ. വഴിയിൽ പണി നടക്കുന്നതും മഴ പെയ്ത് റോഡിൽ വെള്ളം കയറിയതുമൊക്കെ ഗൂഗിൾ മാപ്പ് എപ്പോഴും അറിയണമെന്നില്ല. കാലാവസ്ഥയിലെ മാറ്റങ്ങളും ഇടറോഡുകളിലെ വ്യത്യാസങ്ങളുമൊക്കെ പണി തരാൻ സാധ്യതയുള്ളതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായം തേടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

*തീരെ അപരിചിതവും ജനവാസമില്ലാത്ത മേഖലയുമാണെങ്കിൽ പരമാവധി പ്രധാന റോഡുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെയുള്ളപ്പോൾ ഇടറോഡിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

*രാത്രികാലങ്ങളിൽ ഇടറോഡ് വഴിയുള്ള യാത്ര ഒഴിവാക്കുക. ഗൂഗിൾ മാപ്പ് പറഞ്ഞുതരുന്ന ഇടറോഡിലേക്ക് രാത്രിയിൽ പോകേണ്ട അവസ്ഥ വന്നാൽ അതിലേക്ക് തിരിയും മുമ്പ് നാട്ടുകാരോട് സ്ഥിതിവിവരം ചോദിച്ചു മനസിലാക്കാൻ മറക്കരുത്. വഴി തകർന്നുകിടക്കുകയോ മറ്റ് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെങ്കിലോ ഒക്കെ അവർ പറഞ്ഞുതരും.

*പോകുന്ന വഴി എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പ് തുറന്നു താഴെയുള്ള കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിൽ വിരലമർത്താം. തുടർന്നു തുറക്കുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ ആഡ് ഓർ ഫിക്സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് എന്താണു പ്രശ്നമെന്നു റിപ്പോർട്ട് ചെയ്യാം. അതു വഴി പിന്നാലെ വരുന്നവർക്കൊരു സഹായവുമാകും. തെറ്റായി കിടക്കുന്ന സ്ഥലപ്പേരും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

*സ്ഥിരമായ ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കാവുന്നതാണ്. സെറ്റിങ്സിൽ ഇതിനുള്ള സൗകര്യം ഉണ്ട്.

*കൂടുതൽ മികച്ച നാവിഗേഷന് ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വെക്കാം. ഇതിനായി സെറ്റിങ്സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ ടാപ് ചെയ്യാം. ഇതിനു ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാവുന്നതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us