ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടുകൾ അടുത്ത വർഷം നിർമിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌ക്. ഈ റോബോട്ടുകളെ ആദ്യം ടെസ്‌ല ഉപയോഗിക്കും. 2026 മുതല്‍ വില്‍പനയ്ക്ക് വേണ്ടിയുള്ള ഉല്പാദനം ആരംഭിക്കുമെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. ഒപ്റ്റിമസ് എന്ന റോബോട്ട് ഈ വർഷം അവസാനത്തോടെ ടെസ്‌ല ഫാക്ടറികളിൽ ഉപയോഗത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക് നേരത്തേ പറഞ്ഞിരുന്നു. സുരക്ഷിതമല്ലാത്തതും ആവർത്തന വിരസമായതുമായ ജോലികൾ ചെയ്യുന്നതിനായി ഒരു "ഓട്ടോണമസ് ഹ്യൂമനോയിഡ് റോബോട്ട്" നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.
റോബോട്ടുകളെ വൻതോതിൽ ഉൽപ്പാദിപ്പിക്കാനും ഓരോന്നിനും 20,000 ഡോളറിൽ താഴെ വില നൽകാനുമാണ് ടെസ്‌ല ലക്ഷ്യമിടുന്നതെന്നും മസ്‌ക് പറഞ്ഞിരുന്നു. ഹോണ്ട, ബോസ്റ്റൺ ഡൈനാമിക്സ് എന്നിവയുൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളും അവരുടേതായ ഹ്യൂമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കുന്നുണ്ട്. 2020 ഓടെ ഓട്ടോണമസ് കാറുകളുടെ ഒരു ശൃംഖല "റോബോടാക്സി" ടെസ്‌ല തുടങ്ങുമെന്ന് 2019-ൽ മസ്ക് പറഞ്ഞിരുന്നുവെങ്കിലും അത് നടപ്പിലായിരുന്നില്ല. കഴിഞ്ഞ ആഴ്ച, റോബോടാക്‌സിയുടെ വരവിന് കൂടുതൽ സമയമെടുക്കുമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു.