ടെലഗ്രാമില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതായാണ് റിപ്പോര്‍ട്ട്. ടെലഗ്രാമിലെ പേഴ്‌സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക.
വിഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിഡിയോ ഫോണില്‍ ഡൗണ്‍ലോഡ് ആവുന്നു. എന്നാല്‍ ഈ വിഡിയോ ഡിവൈസില്‍ പ്ലേ ആവില്ല. പകരം 'ടെലഗ്രാം ആപ്പിന് ഈ വിഡിയോ പ്ലേ ചെയ്യാനാവില്ല. എക്‌സ്റ്റേണല്‍ പ്ലെയര്‍ ട്രൈ ചെയ്തു നോക്കൂ' എന്ന സന്ദേശമാണ് കാണുക. ഇതിലെ ഓപ്പണ്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് നയിക്കും. 'ഈവിള്‍ വിഡിയോ' എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. 'സീറോ ഡേ' ആക്രമണങ്ങള്‍ എന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ പൊതുവെ വിളിക്കാറ്. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ സീറോ ഡേ ആക്രമണങ്ങള്‍ എന്ന് വിളിക്കുന്നത്.
ജൂലായ് 11 ന് ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റും ടെലഗ്രാം അവതരിപ്പിച്ചിരുന്നു. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളെ ഈ പ്രശ്‌നം ബാധിച്ചിരുന്നു. 10.14.5 അപ്‌ഡേറ്റില്‍ ഇത് പരിഹരിക്കപ്പെട്ടു.