കാനഡ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് നൽകി കനേഡിയൻ യുവാവ്. മോൺട്രിയയിൽ നിന്നുള്ള 24 കാരനാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഡിസൈനുകൾ അവയോട് ആസക്തി വളർത്തുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.
താൻ 2015 മുതൽ ടിക്ടോക്, യൂട്യൂബ്, റെഡിറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കാൻ തുടങ്ങിയത് തന്റെ കഴിവുകളുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും ശാരീരിക-മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നാണ് യുവാവ് പറയുന്നത്. ആപ്പുകളോടുള്ള ആസക്തിയാണ് ഇതിന് കാരണമെന്നും യുവാവ് അഭിപ്രായപ്പെട്ടു. മനുഷ്യരിൽ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ആളുകളെ മണിക്കൂറുകളോളം ആപ്പുകളിൽ ഇടപെഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും യുവാവ് പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഡിസൈൻ ആളുകളെ ആപ്പുകളിൽ കൂടുതൽ നേരം ഇടപഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണുള്ളതാണെന്നും 2024 ൽ മനുഷ്യർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാൽ അത് 500 ദശലക്ഷം വർഷങ്ങൾ ദൈർഘ്യമുള്ളതായിരിക്കുമെന്നും യുവാവിന്റെ നിയമ നടപടിക്ക് നേതൃത്വം നൽകുന്ന നിയമസ്ഥാപനമായ ലാംബെർട്ട് അവോക്കാറ്റ്സിന്റെ വക്താവായ ഫിലിപ്പ് ബ്രാൾട്ട് പറയുന്നത്. ഇത് വലിയൊരു ശതമാനം ആളുകളെ ദൂരവ്യാപകമായി ബാധിക്കും. സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നത്.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപഭോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയാണെന്നാണ് ലാംബെർട്ട് അവോക്കാറ്റ്സിന്റെ വാദം. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരെ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ നിരവധി കേസുകൾ കാനഡയിൽ നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കേസും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിദ്യാഭ്യാസ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒന്റാറിയോയിലെ നാല് സ്കൂളുകൾ ടിക്ടോക്, മെറ്റ, സ്നാപ് ചാറ്റ് എന്നിവക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
'എന്തും നേരിടാൻ തയ്യാറാകണം'; വൻ ഭൂചലന സാധ്യത, ജപ്പാനിൽ അതീവ ജാഗ്രത