'ചന്ദ്രനെ തൊടുമ്പോള് ജീവിതങ്ങളെ സ്പര്ശിക്കുന്നു, ഇന്ത്യയിലെ ബഹിരാകാശ സാഗ' ഈ വര്ഷത്തെ ബഹിരാകാശ ദിനത്തിലെ തീം ഇപ്രകാരമാണ്.
2023 ആഗസ്റ്റ് 23 . ചന്ദ്രയാന് -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില് ഇറങ്ങിയ അഭിമാന നിമിഷം. ബംഗളൂരുവിലെ ജവഹര്ലാല് നെഹ്റു പ്ലാനറ്റോറിയത്തില് കൂടിയ ആബാലവൃദ്ധം ജനങ്ങളും ഐഎസ് ആര് ഒയിലെ ശാസ്ത്രജ്ഞരുമെല്ലാം പരസ്പരം അഭിനന്ദിച്ചുകൊണ്ടും ആഹ്ലാദാരവങ്ങള് മുഴക്കിക്കൊണ്ടും സന്തോഷത്താല് തുള്ളിച്ചാടുകയായിരുന്നു. ആ നിമിഷം ഇന്ത്യക്കാരായ ഓരോരുത്തരുടേതുമായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില് സോഫ്റ്റ് ലാന്ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യം, ചന്ദ്രനില് പേടകമിറക്കുന്ന നാലാമത്തെ രാജ്യം അങ്ങനെ രണ്ട് ബഹുമതികള് ഇന്ത്യയ്ക്ക് സ്വന്തം. ഇന്ന് 2024 ആഗസ്റ്റ് 23. രാജ്യം മുഴുവന് ഉറ്റുനോക്കിയ ചന്ദ്രയാന് 3 യുടെ ലാന്ഡിങ് നടന്നിട്ട് ഇന്നേക്ക് ഒരു വര്ഷം. ഈ അഭിമാന നിമിഷം പുതുതലമുറയ്ക്കും നമുക്കോരോരുത്തര്ക്കും പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാന് ദിനം ലോക ബഹിരാകാശ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യബഹിരാകാശ ദിനം കൂടിയാണിന്ന്. ഐ എസ് ആര് ഒ പുറത്തുവിട്ട ചന്ദ്രോപരിതലത്തില് ചന്ദ്രയാന് 3 യുടെ റോവര് കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങള് വ്യക്തമായി കാണുന്ന ആദ്യചിത്രങ്ങള് അഭിമാനത്തോടൊപ്പം ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന അനുഭവങ്ങള് സമ്മാനിക്കുന്നു. ഈ ചിത്രങ്ങളിലൂടെ ചന്ദ്രയാന് ദൗത്യത്തിന്റെ വിജയഗാഥ നമ്മെ അറിയിക്കുകകൂടിയാണ് ഐഎസ് ആര് ഒ.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യവിജയത്തിലേക്കുള്ള ചുവടുവയ്പ് ഒട്ടും എളുപ്പമായിരുന്നില്ല. പരാജയങ്ങള് രുചിച്ച, ലക്ഷ്യത്തോടടുത്തപ്പോള് പാളിപ്പോയ ധാരാളം നിമിഷങ്ങളിലൂടെ നാം കടന്നുപോയി.
ചന്ദ്രയാന് ദൗത്യങ്ങളുടെ പാതകള്, വെല്ലുവിളികള്, നേട്ടങ്ങള്
2008 ഒക്ടോബര് 22 ഇന്ത്യയെ സംബന്ധിച്ച് ഒരു ചരിത്ര നിമിഷമായിരുന്നു. ശ്രീഹരികോട്ടയിലെ സതീഷ്ധവാന് ബഹിരാകാശ കേന്ദ്രത്തില്നിന്ന് പോളാര് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള് (പിഎസ്എല്വി 11 ഉപയോഗിച്ച് ആദ്യമായി ചന്ദ്രയാന് ഒന്ന് ചന്ദ്രനിലേക്ക് കുതിച്ചുയര്ന്നു. 2009 ഓഗസ്റ്റ് 29 വരെ 312 ദിവസങ്ങള്ക്കൊണ്ട് ചന്ദ്രന് ചുറ്റും 3,400ലധികം ഭ്രമണപഥങ്ങള് നടത്തി. ഉത്തര ധ്രുവ മേഖലയില് ഖനരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നു. അതോടൊപ്പം ചന്ദ്ര ഉപരിതലത്തില് മഗ്നീഷ്യം, അലുമിനിയം, സിലിക്കണ് എന്നിവയും കണ്ടെത്തി.
എന്നാല് ചന്ദ്രയാന് ഒന്നിന്റെ വിക്ഷേപണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനായാസ വിജയമായിരുന്നില്ല. വിക്ഷേപണ സമയത്ത് ശ്രീഹരികോട്ടയിലെ കാലാവസ്ഥ വളരെ മോശമാവുകയും ,വിക്ഷേപിക്കുന്നതിന് രണ്ട് മണിക്കൂര് മുന്പ് പ്രൊപ്പല്ലറില് ചോര്ച്ചയുണ്ടാവുകയും ഒക്കെ ചെയ്തിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് അന്നേദിവസം വിക്ഷേപണം നടത്തിയത്. ഒന്നാം ദൗത്യത്തിന്റെ വിജയത്തിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൌത്യമാണ് ചന്ദ്രയാന്-2
ധാതുശാസ്ത്രത്തെക്കുറിച്ചും ടോപ്പോഗ്രഫിക്കല് പഠനങ്ങളെക്കുറിച്ചും ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും കൂടുതല് മനസിലാക്കുക എന്നതാണ് ചന്ദ്രയാന് 2 കൊണ്ട് ലക്ഷ്യമിട്ടത്. 2019 ജൂലൈ 22 നാണ് ചന്ദ്രയാന് 2 വിക്ഷേപിക്കുന്നത്. ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനെതുടര്ന്ന് ലാന്ഡിംഗിന്റെ അവസാന ഘട്ടത്തിലാണ് ചന്ദ്രയാന് 2 പരാജയപ്പെടുന്നത്. സോഫ്റ്റ്വെയറിന്റെ തകരാറുമൂലം വേഗത നിയന്ത്രിക്കുന്നതിലുളള വീഴ്ച ക്രഷ്ലാന്ഡിംഗിന് വഴിവെക്കുകയും ചന്ദ്രോപരിതലത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റര് അകലെ വച്ച് വിക്രം ലാന്ഡിംഗിന്റെ സഞ്ചാര പാതയ്ക്ക് മാറ്റം ഉണ്ടാവുകയായിരുന്നു അങ്ങനെയാണ് ചന്ദ്രയാന് 2 പരാജയപ്പെടുന്നത്.
ചന്ദ്രയാന് 3 യക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്യാന് ദൗത്യമാണ് ഐഎസ് ആര് ഒ യുടെ അടുത്ത ലഷ്യം. ഇതിന്റെ ഭാഗമായി ആളില്ലാ ദൗത്യം ഈ വര്ഷം ഡിസംബറില് വിക്ഷേപിക്കും. ഇതിനായി ഭ്രമണപഥത്തിലെത്തുന്ന ക്രൂമോഡ്യൂള് ഏതാൈനും ദിവസം ഭൂമിയെ ചുറ്റിക്കറങ്ങിയ ശേഷം ഭൂമിയില് പതിക്കുകയാണ് ചെയ്യുക. ഇതൊടൊപ്പം ചന്ദ്രയാന് നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപ കല്പ്പന പൂര്ത്തിയാക്കിയതായും ഇതിനായി സര്ക്കാര് അനുമതി തേടുന്ന കാര്യങ്ങളിലൂടെ കടന്നുപോവുകയാണെന്നുമാണ് ഐഎസ് ആര്ഒ ചെയര്മാന് എസ് . സോമനാഥ് അറിയിച്ചിരിക്കുന്നത്.
ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രനെ തൊട്ടദിവസം; ബഹിരാകാശ ദിനത്തിൽ ചരിത്രനിമിഷം അനുസ്മരിച്ച് ഐഎസ്ആർഒ