ആഗോള ടെക്ക് ഭീമന്മാരായ കോഗ്നിസന്റും ഇൻഫോസിസും തമ്മിലുളള നിയമയുദ്ധമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. കമ്പനിയുടെ നിർണായക പ്രോഡക്റ്റ് വിവരങ്ങൾ ഇൻഫോസിസ് ചോർത്തിയെടുത്തുവെന്നതാണ് ടെക്സസ് കോടതിയിൽ കോഗ്നിസന്റ് ഫയൽ ചെയ്ത കേസിനാധാരം. ഇത്തരത്തിൽ ഡാറ്റ ചോർത്തിയെടുക്കാനായി ഇൻഫോസിസ് പ്രത്യേക സോഫ്റ്റ്വെയർ നിർമിച്ചുവെന്നും കോഗ്നിസന്റ് ആരോപിക്കുന്നു. ടെക്ക് ലോകത്തെ മത്സരങ്ങളുടെ പട്ടികയെടുത്താൽ ഈ രണ്ട് ടെക്ക് ഭീമന്മാരും തമ്മിലുള്ള 'തല്ല്' ഇതാദ്യമായല്ല എന്ന് കാണാം. കൊണ്ടും കൊടുത്തും, വൈരാഗ്യബുദ്ധിയോടെത്തന്നെയാണ് ഇരുവരും കളം പിടിക്കാനായി മത്സരിക്കുന്നത്.
വരുമാനത്തിന്റെ കണക്കുകളെടുക്കുമ്പോൾ മാർക്കറ്റിൽ ഏറെക്കുറെ തുല്യരായി നിൽക്കുന്നവർ തമ്മിലാണ് ഈ നിയമയുദ്ധം. കോഗ്നിസന്റിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 19.3 ബില്യൺ ഡോളറാണ്. ഇൻഫോസിസ് 18.5 ബില്യൺ ഡോളറോടെ തൊട്ടുപിന്നിലുണ്ട്. ഇത്തരത്തിൽ അടുത്തുനിൽക്കുന്നതുകൊണ്ടുതന്നെ ഈ നിയമയുദ്ധത്തിന്റെ തീവ്രത കൂടുമെന്ന് ഉറപ്പാണ്.
ഇതാദ്യമായല്ല ഇരുകമ്പനികളും തമ്മിൽ തർക്കം ഉടലെടുക്കുന്നത്. ഇൻഫോസിസിൽ ജോലി ചെയ്തിരുന്നവർ കോഗ്നിസന്റിലേക്ക് മാറിപ്പോകുന്നത് പോലും ഇരുവർക്കുമിടയിൽ തർക്കത്തിന് ഇടയാക്കാറുണ്ട്. കോഗ്നിസന്റിന്റെ നിലവിലെ സിഇഒ രവി കുമാർ എസ് മുൻ ഇൻഫോസിസ് ജീവനക്കാരനായിരുന്നു. രവിയുടെ ഈ നിയമനം പോലും തങ്ങളുടെ പ്രവർത്തന രീതികൾ എങ്ങനെയെന്ന് അറിയാനും, അത് വഴി മാർക്കറ്റിൽ കോഗ്നിസന്റിന് നേട്ടമുണ്ടാക്കാനുമാണെന്ന് ഇൻഫോസിസ് ആരോപിച്ചിരുന്നു.
കഴിഞ്ഞില്ല, ഒക്ടോബറിൽ കോഗ്നിസന്റ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടർ ആയി ചുമതലയേൽക്കുന്ന രാജേഷ് വാര്യറും ഒരു മുൻ ഇൻഫോസിസ് ജീവനക്കാരനാണ്. ഇത്തരത്തിൽ തങ്ങളുടെ ജീവനക്കാരെ മാത്രം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച്, ഇൻഫോസിസ് കോഗ്നിസന്റിന് ഒരു കൊല്ലം മുൻപ് ഒരു നോട്ടീസ് അയച്ചിരുന്നു. കോഗ്നിസന്റിന്റെ മാനേജ്മന്റ് അംഗങ്ങളെ എടുത്തുനോക്കിയാൽ അത് സത്യമാണെന്ന് നമുക്ക് മനസിലാകും. എന്നാൽ മികച്ച മാനവവിഭവശേഷിയെയാണ് തങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ് കോഗ്നിസന്റിന്റെ വാദം. നേരത്തെ മറ്റൊരു ടെക്ക് ഭീമനായ വിപ്രോയും ഇതേ വിഷയത്തിൽ കോഗ്നിസന്റുമായി ഉടക്കിയിരുന്നു