നിയമങ്ങൾക്ക് പുല്ലുവില, ടെലഗ്രാമിലൂടെ എന്തും നടക്കുന്നത് നോക്കിയിരുന്നു; പവേലിന് ഇനി കടുപ്പമാകും

ആജ്ഞകൾ അനുസരിക്കാതെ സ്വതന്ത്രനായി പ്രവർത്തിക്കാനാണ് തനിക്കിഷ്ടം എന്ന് പറഞ്ഞ പവേൽ ആ നിലപാട് മാറ്റാൻ എന്തായാലും ഇനി നിർബന്ധിതനായേക്കുമെന്ന് ഉറപ്പാണ്.

dot image

നിരവധി രാജ്യങ്ങൾ പലതവണ മുന്നറിയിപ്പുകൾ നൽകി, നടപടിയെടുക്കുമെന്ന സൂചനകളും നൽകി. അതാത് രാജ്യങ്ങളിലെ നിയമങ്ങൾ അനുസരിക്കണമെന്ന് ശാസിച്ചു. എന്നാൽ ഇതൊന്നും ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമായ പവേൽ ദുരോവ് കാര്യമായെടുത്തതേയില്ല. എല്ലാം ഇങ്ങനെ മതിയെന്ന ധാർഷ്ട്യത്തിൽ, ടെലഗ്രാമിലൂടെ നടക്കുന്ന നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പവേൽ കണ്ണടച്ചു. ഒടുവിൽ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തപ്പോളും പവേലിന് വലിയ ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഭരണകൂടം അനുശാസിക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും അനുസരിക്കുന്ന ശീലം പവേലിന് പണ്ടേയില്ല. 2013ലാണ് പവേൽ ദുരോവ് തന്റെ സഹോദരനോടൊത്ത് ടെലഗ്രാം എന്ന അപ്ലിക്കേഷൻ ആരംഭിക്കുന്നത്. ഉപയോഗിക്കാനുള്ള സൗകര്യവും വേഗതയും മൂലം ആപ്പ് പെട്ടെന്ന് ജനപ്രീതി നേടി. എന്നാൽ അപ്പോഴും ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്ക് പുറത്തായിരുന്നു പലപ്പോഴും ടെലഗ്രാമിന്റെ പ്രവർത്തനം.

റഷ്യയുടെ 'സുക്കർബർഗ്' എന്നാണ് പവേൽ അറിയപ്പെടുന്നത്. 'വികെ' എന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ റഷ്യൻ സർക്കാർ 2014ൽ ആവശ്യപ്പെട്ടപ്പോൾ പവേൽ അത് നൽകാൻ നിരസിക്കുകയും, ശേഷം നാടുവിടുകയും ചെയ്തു. പിന്നീട് ദുബായിലും ഫ്രാൻസിലുമാണ് പവേലിന്റെ താമസം.

വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്നാണ് ടെലഗ്രാമിനെതിരെ ഉയർന്ന പ്രധാനപ്പെട്ട ഒരു പരാതി. ഇവ കൂടാതെ ലഹരിക്കടത്ത്, കള്ളപ്പണ ഇടപാട്, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങൾ കൈമാറൽ എല്ലാം ടെലഗ്രാമിൽ യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നുവെന്നാണ് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. റഷ്യ - യുക്രൈൻ സംഘർഷസമയത്ത് പോലും പ്രകോപനപരമായ തരത്തിലുള്ള നിരവധി വീഡിയോകൾ ടെലഗ്രാമിൽ പ്രചരിക്കപ്പെട്ടിരുന്നു. ഇവയെ നിയന്ത്രിക്കാൻ റഷ്യ അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും പവേൽ അവയെ കാര്യമായെടുത്തില്ല.

അടുത്തിടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഫ്രാൻസിലും, ടെലഗ്രാമിലൂടെ ഒരു നിയന്ത്രണവുമില്ലാതെ വ്യാജ സന്ദേശങ്ങളും വർഗീയ സന്ദേശങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇവ കൂടാതെ മയക്കുമരുന്ന് ഇടപാടുകൾ, നഗ്നചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കൽ തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ ടെലഗ്രാമിലൂടെ നടക്കുന്നതായും ഫ്രഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു അപ്ലിക്കേഷൻ ക്രിമിനൽ സംഘങ്ങളാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും, കടിഞ്ഞാൺ അത്യാവശ്യമെന്നും നിരവധി തവണ ഫ്രഞ്ച് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടും, പവേൽ അത് കാര്യമായെടുത്തിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാകുമെന്നായിരുന്നു പവേലിന്റെ ന്യായം.

ഇപ്പോഴിതാ ടെലഗ്രാമിനെതിരെ ഫ്രാൻസിൽ അന്വേഷണം നടക്കുന്ന കേസിൽ പവേൽ ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ആജ്ഞകൾ അനുസരിക്കാതെ സ്വതന്ത്രനായി പ്രവർത്തിക്കാനാണ് തനിക്കിഷ്ടം എന്ന് പറഞ്ഞ പവേൽ ആ നിലപാട് മാറ്റാൻ എന്തായാലും ഇനി നിർബന്ധിതനായേക്കുമെന്ന് ഉറപ്പാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us