എന്തുണ്ടായാലും സുക്കർബർഗിനെ 'കൊട്ടുന്ന' മസ്ക്!; ടെക്ക് ഭീമന്മാരുടെ തീരാത്ത 'തല്ലി'ൻ്റെ പിന്നിലെന്ത്?

എന്താണ് ഇരുവർക്കുമിടയിൽ പ്രശ്നം? എങ്ങനെയാണ് തുടക്കം, എങ്ങനെയാണത് മുന്നോട്ടുപോകുന്നത്?

dot image

ടെലഗ്രാം സിഇഒ പാവേൽ ദുരോവിന്റെ അറസ്റ്റ് അഭിപ്രായ സ്വന്തന്ത്ര്യത്തെപ്പറ്റിയും സോഷ്യൽ മീഡിയ അപ്ലിക്കേഷനുകൾ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ ഇതിനിടയ്ക്കും മെറ്റ സിഇഒ മാർക്ക് സുക്കർബർഗിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് എലോൺ മസ്ക്. പാവേലിനെയല്ല, സുക്കർബർഗിനെയാണ് യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്യേണ്ടതെന്ന മസ്കിന്റെ പ്രസ്താവനയെ വർഷങ്ങളായി ഇരുവർക്കുമിടയിൽ നിലനിൽക്കുന്ന പരസ്പരമുള്ള വാക്പോരാട്ടങ്ങളുടെ ഭാഗമായി വേണം കാണാൻ. എന്താണ് ഇരുവർക്കുമിടയിൽ പ്രശ്നം? എങ്ങനെയാണ് തുടക്കം, എങ്ങനെയാണവ മുന്നോട്ടുപോകുന്നത്?

2016ലാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങളുടെ തുടക്കം. സ്പേസ് എക്സ് അതിന്റെ ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിക്കുന്ന സമയം. എന്നാൽ ലോഞ്ച് പാഡിൽ നിന്ന് ഉയർന്നയുടനെ റോക്കറ്റ് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. മസ്കിന്റെ അഭിമാന പദ്ധതിയായിരുന്നു ഈ ഫാൽക്കൺ റോക്കറ്റിൽ ഫേസ്ബുക്ക് പുതുതായി വിക്ഷേപിക്കുന്ന സാറ്റ്ലൈറ്റുമുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്റർനെറ്റ് ലഭ്യത സുതാര്യമായി ഉറപ്പുവരുത്താൻ സഹായിക്കുന്ന ഈ സാറ്റലൈറ്റ്, റോക്കറ്റിനൊപ്പം തകർന്നതോടെ സുക്കർബർഗ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. അവിടെ നിന്നാണ് ഇന്നും അവസാനിക്കാത്ത വാഗ്വാദങ്ങളുടെ തുടക്കം.

സുക്കർബർഗിന്റെ വിമർശനത്തിൽ പ്രകോപിതനായ മസ്ക് പ്രതികരിച്ചത് വളരെ മോശമായാണ്. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട മസ്ക് എല്ലാ മര്യാദകളെല്ലാം ലംഘിച്ച്, സുക്കർബർഗിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. സൗജന്യമായി സാറ്റലൈറ്റ് വിക്ഷേപിക്കാൻ അവസരം നൽകിയ താൻ ഒരു വിഡ്ഢിയാണെന്നും, അവർക്ക് ഇൻഷുറൻസ് ഉണ്ടാകുമെന്നായിരുന്നു താൻ കരുതിയതെന്നുമായിരുന്നു മസ്ക് അന്ന് പറഞ്ഞത്.

കഴിഞ്ഞില്ല, ഇരുവർക്കുമിടയിലെ വാക്കുതർക്കം വിവിധ വിഷയങ്ങളിൽ തുടർന്നുകൊണ്ടേയിരുന്നു. തൊട്ടടുത്ത വർഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട മസ്കിന്റെ പരാമർശങ്ങൾക്കെതിരെ സുക്കർബർഗ് രംഗത്തെത്തിയിരുന്നു. എന്നാൽ സുക്കർബർഗിന് വിഷയത്തിൽ തീരെ ഗ്രാഹ്യമില്ല എന്ന് കളിയാക്കി, അദ്ദേഹത്തിന്റെ വാദങ്ങളെ പുച്ഛിച്ചുതള്ളുകയാണ് മസ്ക് ചെയ്തത്. ആത്യന്തികമായി ഇരുവർക്കുമിടയിൽ 'ഈഗോ' വിഷയം കൂടി ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് ഭീമൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ തലവന്മാരെന്ന രീതിയിൽ ഇരുവർക്കുമിടയിലെ മത്സരവും ചില്ലറയൊന്നുമല്ല.

എന്നാൽ ഇരുവർക്കുമിടയിലെ ഭിന്നത അതിന്റെ എല്ലാ മര്യാദകളും ലംഘിച്ച സമയമായിരുന്നു 2018 - 20 കാലഘട്ടം. ഫേസ്ബുക്കിനെതിരെ #deletefacebook എന്ന പ്രചാരണം നടക്കുന്ന സമയത്ത് മസ്കും അതിനെ ഏറ്റുപിടിച്ചു. 'ഫേസ്ബുക്കോ? അതെന്താണ്' എന്ന് ചോദിച്ചുകൊണ്ടുള്ള മസ്കിന്റെ ട്വീറ്റ് മൂലം വലിയ പ്രഹരമാണ് ഫേസ്ബുക്കിനും സുക്കർബർഗിനും അന്നുണ്ടായത്. ഒരുപടി കൂടി കടന്ന് സ്പേസ് എക്സിന്റെയും ടെസ്ലയുടെയും ഫേസ്ബുക്ക് പേജുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് കൂടിയാണ് മസ്ക് അന്ന് സുക്കർബർഗിനോടുള്ള അരിശം തീർത്തത്. എക്സിനെ വെട്ടാൻ ത്രെഡ്സ് വന്നതോടെ മസ്കിന്റെ വാക്ശരങ്ങളും കനത്തു. ഏറെ കൊട്ടിഘോഷിച്ച് സുക്കർബർഗ് കൊണ്ടുവന്ന ത്രെഡ്സ് പക്ഷെ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. അതിന് ശേഷവും ഇരുവരും തമ്മിലുളള പോര് ഇന്നും ഏറിയും കുറഞ്ഞും തുടർന്നു കൊണ്ടിരിക്കുകയാണ്.

dot image
To advertise here,contact us
dot image