നിയമങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന എലോൺ മസ്കിന്റെ രീതികൾ എക്സിന് ബ്രസീലിൽ 'പണി' മേടിച്ച് കൊടുക്കുമോ എന്നതാണ് ടെക്ക് ലോകത്തെ പ്രധാന ചർച്ചാവിഷയം. സാധാരണയായി വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായും വിവിധ വകുപ്പുകളുമായും മസ്ക് തർക്കത്തിലേർപ്പെടാറുണ്ട്. എന്നാൽ ഇപ്രാവശ്യം 'അടി'യായത് ബ്രസീലിന്റെ പരമോന്നത കോടതിയിലെ ജഡ്ജിയുമായാണ്.
ബ്രസീലിയൻ സുപ്രീംകോടതി ജഡ്ജിയുടെ നിർദേശങ്ങൾ മസ്ക് അനുസരിക്കാത്തതായിരുന്നു തർക്കത്തിന് കാരണം. എക്സിലൂടെ രാജ്യത്ത് വ്യാപകമായി വിദ്വേഷപ്രചാരണങ്ങളും മറ്റും പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ, അത്തരം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യണമെന്നും കർശന നിയന്ത്രണം നടപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാന്ദ്രേ ഡി മൊറൈസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാരോപിച്ച് മസ്ക് അതിന് തയ്യാറായിരുന്നില്ല.
ആന്ധ്ര എഞ്ചിനീയറിങ് കോളേജിലെ വനിത ഹോസ്റ്റലിൽ ഒളിക്യാമറ; ചിത്രങ്ങൾ വിറ്റു, വിദ്യാർത്ഥി അറസ്റ്റിൽകോടതിയുടെ നിർദേശങ്ങൾ മസ്ക് നടപ്പിലാക്കുന്നില്ലെന്ന് കണ്ട് മൊറൈസ് മസ്കിന്റെ 'സ്റ്റാർലിങ്ക്സ്' കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഉത്തരവിറക്കുകയായിരിക്കുന്നു. ഈ നടപടിയെ രൂക്ഷമായി വിമർശിച്ച് മസ്ക് തന്നെ രംഗത്തെത്തി. ശേഷം, എക്സിന് ബ്രസീലിൽ പ്രതിനിധിയില്ലെന്ന് കണ്ടെത്തിയ മൊറൈസ് ഉടൻ തന്നെ പ്രതിനിധിയെ നിയമിക്കണമെന്ന് മസ്കിനോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം എക്സിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനോടും മസ്ക് നല്ല രീതിയിലല്ല പ്രതികരിച്ചത്. ജഡ്ജിയുടെ ഈ ആവശ്യം കേട്ട ഭാവം പോലും മസ്ക് കാണിച്ചില്ല. പ്രതിനിധിയെ നിയമിക്കാൻ കോടതി അനുവദിച്ച അവസാന സമയവും കഴിഞ്ഞതോടെ എക്സിലെ ബ്രസീലിലെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കമ്പനി ഏത് നിമിഷവും പൂട്ടിയേക്കാമെന്ന് മസ്ക് തന്നെ നിലവിൽ അറിയിച്ചിട്ടുണ്ട്. നിലവിൽ ഒരു ഓഫീസ് പോലുമില്ലാതെയാണ് എക്സ് ബ്രസീലിൽ പ്രവർത്തിക്കുന്നത്.
ബ്രസീലിലെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനോട് കോടതി ആവശ്യപ്പെട്ടാൽ, ഏതുനിമിഷവും എക്സിന്റെ പ്രവർത്തനം നിലച്ചേക്കും. കോടതിയുടെ എല്ലാ നിർദേശങ്ങളും മസ്ക് ലംഘിച്ചതോടെ ഇനി അധികം വൈകാതെ 'എക്സ്' ബ്രസീൽ വിടുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.