ആപ്പിൾ ഐഫോൺ 16ൻ്റെ വിശേഷങ്ങൾ: താരമാകാൻ 'ആപ്പിൾ ഇൻ്റലിജൻസ്'; ഇന്ത്യയിലെത്തുമ്പോഴുള്ള വില അറിയാം

ഐഫോൺ 16 ഫോണുകളുടെ രണ്ട് വലിയ സവിശേഷതകളായി ഇതിനകം ഈ മേഖലയിലെ വിദഗ്ധരെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആപ്പിൾ ഇൻ്റലിജൻസും ക്യാമറ കൺട്രോളുമാണ്

dot image

തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30ക്ക് സ്റ്റീവ് ജോബ്സ് തീയേറ്ററിലെ 'ഗ്ലോടൈം' പരിപാടി ലോകം ആകാംക്ഷയോടെയാണ് കണ്ട് തീർത്തത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു. ഇതിന് പിന്നാലെ ഐഫോൺ 15ൽ നിന്ന് പുതിയ മോഡലിന് എന്താണ് മാറ്റം എന്ന ചർച്ച സജീവമാണ്. എന്താണ് ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയുടെ പ്രധാനസവിശേഷതകൾ എന്നതാണ് ഈ നിമിഷങ്ങളിൽ ലോകം ഏറ്റവും ആകാംക്ഷയോടെ സംസാരിക്കുന്നത്.

എന്താണ് ഐഫോൺ 16, ഐഫോൺ 16 പ്രോ മോഡലുകളുടെ സവിശേഷതയെന്ന് നോക്കാം. ഐഫോൺ 15ൻ്റെ രൂപകൽപ്പനയിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ എത്തിയിരിക്കുന്നത്. ഐഫോൺ 15ന് സമാനമായ പരന്ന വശങ്ങൾ, സമാനമായ അലുമിനിയം, ടൈറ്റാനിയം ഫ്രെയിമുകൾ, സ്ക്രീനിലും പിന്നിലും സമാനമായ സെറാമിക് ഷീൽഡ് എന്നിവയാണ് ഐഫോൺ 16ലും, ഐഫോൺ 16 പ്രോയിലും ഉള്ളത്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്ക് ഐഫോൺ 15ൽ നിന്ന് വലിയ മാറ്റങ്ങളില്ല.

രണ്ട് പുതിയ ബട്ടണുകൾ ഐഫോൺ 16ൽ ലഭ്യമാണ്. നേരത്തെ പ്രോ മോഡലുകളിൽ ലഭ്യമായിരുന്ന ആക്ഷൻ ബട്ടൺ, ക്യാമറ ബട്ടൺ എന്നിവയാണിവ. ക്യാമറ ബട്ടണ്, ആപ്പിൾ ഇതിനെ ക്യാമറ കൺട്രോൾ എന്നാണ് വിളിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ ഉപയോഗിക്കുന്നതിനേക്കാൾ 2 മടങ്ങ് ശക്തവും ആപ്പിൾ മുമ്പ് ഉപയോഗിച്ചിരുന്നതിനേക്കാൾ 50 ശതമാനം ശക്തവുമാണ് മുൻവശത്തെ സെറാമിക് ഷീൽഡ് എന്നാണ് ആപ്പിളിൻ്റെ അവകാശവാദം. എന്നാൽ സ്ക്രീൻ വലുപ്പത്തിലും റെസല്യൂഷനിലും മാറ്റമൊന്നും ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രൂപത്തിലും ഭാവത്തിലും ഐഫോൺ 15മായി വലിയ വ്യത്യാസങ്ങളില്ലെങ്കിലും പ്രകടമായ രണ്ട് വലിയ മാറ്റങ്ങളാണ് ഐഫോൺ 16നെ താരമാക്കുന്നത്. ഐഫോൺ 16ന് 8 ജിബി റാം ഉണ്ട് എന്നതാണ് അതിൽ പ്രധാനം. ആപ്പിൾ ഇൻ്റലിജൻസ് അല്ലെങ്കിൽ ആപ്പിളിൻ്റെ ജനറേറ്റീവ് AI ടൂളുകൾ പ്രവർത്തിപ്പിക്കുന്നതിന് 8 ജിബി റാം ആവശ്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. A18 ചിപ്സെറ്റാണ് ഐഫോൺ 16ൻ്റെ മറ്റൊരു പ്രധാനപ്പെട്ട മാറ്റം. A16 ചിപ്സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുവായ കമ്പ്യൂട്ടിംഗിൽ 30 ശതമാനം വേഗതയും ഗ്രാഫിക്സ് വർക്ക്ലോഡിൽ 40 ശതമാനം വേഗതയും A18 ചിപ്സെറ്റിനുണ്ട്. മെച്ചപ്പെട്ട കൂളിംഗുമായാണ് ഐഫോൺ 16 വന്നിരിക്കുന്നതെന്നാണ് ആപ്പിളിൻ്റെ അവകാശവാദം. ഇത് ഫോണിൻ്റെ സുസ്ഥിരമായ പ്രകടനത്തിന് സഹായിക്കുമെന്നും ആപ്പിൾ പറയുന്നു.

ഐഫോൺ 16ന് ഇപ്പോൾ ലംബമായി ക്രമീകരിച്ച ക്യാമറാ ലെൻസുകളാണ് ഉള്ളത്. ഫോൺ ലാൻഡ്സ്കേപ്പ് മോഡിൽ പിടിക്കുകയും അതിൻ്റെ ക്യാമറ വീഡിയോ റെക്കോർഡുചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുമ്പോൾ, സ്പേഷ്യൽ ഫൂട്ടേജ് പകർത്താൻ മറ്റ് ലെൻസുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. ടെലിഫോട്ടോ ലെൻസ് ഇല്ലെങ്കിലും, ഐ ഫോൺ 16-ലെ റിയർ ക്യാമറ സിസ്റ്റം സൂം ലെവലിനെ പിന്തുണയ്ക്കുന്നുവെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ട്. പിക്സൽ 9-ൽ ഗൂഗിൾ ഉപയോഗിക്കുന്ന അതേ ക്രോപ്പിംഗും സോഫ്റ്റ്വെയർ തന്ത്രങ്ങളുമാണ് സൂമിനായി ആപ്പിൾ ഉപയോഗിക്കുന്നത്.

ഐഫോൺ 16 പ്രോയുടെ രണ്ട് മോഡലുകളിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. അതിൽ എഫ് / 1.78 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ വൈഡ് പ്രൈമറി ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള നവീകരിച്ച 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ ഉള്ള എഫ്/2.8 അപ്പേർച്ചർ ഉള്ള ടെലിഫോട്ടോ ക്യാമറയും, 5x വരെ ഒപ്റ്റിക്കൽ സൂം ശേഷി നൽകുന്ന 'ടെട്രാപ്രിസം' പെരിസ്കോപ്പ് ലെൻസും ഇതിനുണ്ട്. വീഡിയോ കോളുകൾ എടുക്കുന്നതിനും സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾക്കുമായി എഫ്/1.9 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറയും ഉണ്ട്. ഫോണുകൾ 4K 120fps റെക്കോർഡിങ്ങിനെയും പിന്തുണയ്ക്കുന്നു.

ഐഫോൺ 16-ൻ്റെ മറ്റൊരു വലിയ മാറ്റം അതിൻ്റെ പുതിയ നിറങ്ങളാണ്. അൾട്രാമറൈനും, ടീലും പിങ്കുമെല്ലാം ഉപയോക്താക്കൾക്കിടയിൽ താരമാകുമെന്ന പ്രതീതി ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഐഫോൺ 16 പ്രോ മാക്സിന് ഇപ്പോൾ 6.9 ഇഞ്ച് സ്ക്രീൻ ഉണ്ട്. ഇതിന് ഐഫോൺ 15 പ്രോ മാക്സിനേക്കാൾ നേരിയ ഭാര കൂടുതലുമുണ്ട്. ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് സ്ക്രീനാണ് ഉള്ളത്. ഐഫോൺ 16 പ്രോ മാക്സിലെ ബാറ്ററി സാധാരണ നിലയിൽ 33 മണിക്കൂർ പ്രവർത്തിക്കുമെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ ഇരട്ട സിം (US: eSIM, വേൾഡ്വൈഡ്: Nano+eSIM) സ്മാർട്ട്ഫോണുകളാണ്.

ഐഫോൺ 16 ഫോണുകളുടെ രണ്ട് വലിയ സവിശേഷതകളായി ഇതിനകം ഈ മേഖലയിലെ വിദഗ്ധരെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആപ്പിൾ ഇൻ്റലിജൻസും ക്യാമറ കൺട്രോളുമാണ്. ക്യാമറ കൺട്രോൾ അവിശ്വസനീയമാംവിധം ശക്തമായ ഒന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ വ്യത്യസ്ത ക്യാമറ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്നതാണ് ക്യാമറ കൺട്രോൾ എന്നാണ് ഇതുവരെയുള്ള ഫീഡ്ബാക്കുകൾ നൽകുന്ന സൂചന. സിംഗിൾ ക്ലിക്ക് ചെയ്യുക, ഡബിൾ ക്ലിക്ക് ചെയ്യുക, അതിൻ്റെ ടച്ച് പ്രതലത്തിൽ മുകളിലേക്കും താഴേക്കും സ്വൈപ്പ് ചെയ്യുക തുടങ്ങിയ മൾട്ടി-ക്ലിക്ക് മെക്കാനിസമാണ് ഇതിൻ്റെ ഹൈലൈറ്റ് എന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.

ഐഫോൺ 16-ലെ പ്രധാനതാരം ആപ്പിൾ ഇൻ്റലിജൻസ് ആണെന്നാണ് പറയപ്പെടുന്നത്. ഇമോജികൾ സൃഷ്ടിക്കുക അല്ലെങ്കിൽ ഐഫോൺ ക്യാമറയിലൂടെ വിഷ്വൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിങ്ങൾക്കായി പരിസരത്തെ ഡീകോഡ് ചെയ്യാൻ AI-യെ അനുവദിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ നിലവിൽ ഐഫോൺ 16 ഫോണുകൾ ലഭ്യമാകുമ്പോൾ ആപ്പിൾ ഇൻ്റലിജൻസിൻ്റെ സവിശേഷതകളെല്ലാം പൂർണ്ണമായി ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. ചില ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകൾ അടുത്ത മാസം ഒരു പുതിയ ബീറ്റ അപ്ഡേറ്റുമായി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിലത് ഈ വർഷാവസാനമോ അടുത്ത വർഷത്തിന് മുമ്പോ മാത്രമേ ലഭ്യമാകൂവെന്നും പറയപ്പെടുന്നു.

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയിൽ 1TB വരെ സ്റ്റോറേജ് ലഭിക്കും. USB 3.0 ടൈപ്പ്-സി പോർട്ടിനൊപ്പം 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത്, NFC, GPS കണക്റ്റിവിറ്റി എന്നിവയെയും ഈ ഫോണുകൾ പിന്തുണയ്ക്കും. അനുയോജ്യമായ ചാർജർ ഉപയോഗിച്ച് 27W-ൽ ഇവ ചാർജ്ജ് ചെയ്യാം. MagSafe അല്ലെങ്കിൽ Qi2-അനുയോജ്യമായ വയർലെസ് ചാർജിംഗ് അഡാപ്റ്റർ ഉപയോഗിച്ച് 15W-ൽ അവ ചാർജ് ചെയ്യാം.

ഇന്ത്യയിൽ എത്രവില, എപ്പോൾ ലഭിക്കും

ഐഫോൺ 16, ഐഫോൺ 16 പ്രോ പുറത്തിറങ്ങിയതിന് പിന്നാലെ ഇന്ത്യയിൽ ഇവയുടെ വില എത്രയായിരിക്കും എന്ന ആശങ്കയ്ക്കും വിരാമമായിട്ടുണ്ട്. അമേരിക്കയിൽ പുതിയ മോഡലുകൾ ലഭ്യമാകുന്ന വിവരം ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഐഫോൺ 16ൻ്റെ പ്രാരംഭ വില 799 ഡോളറാണ് (ഏകദേശം 67,000 രൂപ). ഐഫോൺ 16 പ്ലസിൻ്റെ പ്രാരംഭ വില 899 ഡോളറും (ഏകദേശം 75,500 രൂപ), ഐഫോൺ 16 പ്രോയുടെ പ്രാരംഭ വില 999 ഡോളറും (ഏകദേശം 83,870 രൂപ), ഐഫോൺ 16 പ്രോ മാക്സിന് 1199 ഡോളറു (ഏകദേശം ഒരു ലക്ഷം രൂപ)മാണ് അമേരിക്കൻ വിപണയിലുള്ളത്. ഇന്ത്യയിലേയ്ക്കെത്തുമ്പോൾ ഐഫോൺ 16ൻ്റെ വില 79,900 രൂപ, ഐഫോൺ 16 പ്ലസ് 89,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോൺ 16 പ്രോയ്ക്ക് ഇന്ത്യയിൽ 1,19,900 രൂപ പ്രാരംഭ വിലയുമായി വരുന്നു. ഏറ്റവും പ്രീമിയമായ ഐഫോൺ 16 പ്രോ മാക്സിന് ഇന്ത്യൻ വിപണിയിൽ 1,44,900 രൂപയാണ് വില. ഐഫോൺ 16 സീരീസിനായുള്ള പ്രീ-ഓർഡർ സെപ്റ്റംബർ 13-ന് വൈകുന്നേരം 5:30-നാണ് ഇന്ത്യയിൽ ആരംഭിക്കുക. ആദ്യ വിൽപ്പന സെപ്റ്റംബർ 20ന് നടക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us