ആപ്പിൾ ഐഫോൺ 16 പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ വമ്പൻ ട്വിസ്റ്റുമായി വാവെയ്. മൂന്നായി മടക്കാൻ കഴിയുന്ന ഫോണുമായി ഗാഡ്ജെറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വാവെയ്. മൂന്നായി മടക്കാൻ കഴിയുന്ന ഈ ഫോൺ ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ് സ്മാർട്ട്‌ഫോണാണ്. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ സാങ്കേതിക സഹായങ്ങൾ ഉൾപ്പെടെ നിരോധിച്ചിരിക്കുമ്പോഴും വാവെയ് കൈവരിച്ച നേട്ടമാണ് ഇപ്പോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വാവെയ് മാറ്റേ XT അൾട്ടിമേറ്റ് ഡിസൈൻ എന്ന ഈ ഫോൺ ഇതിനോടകം തന്നെ ട്രൻഡിംഗാണ്. 10.2 ഇഞ്ച് വലിപ്പമുള്ള സക്രീനും ഒന്നിലധികം ദിശകളിലേക്ക് തിരിക്കാൻ സാധിക്കുന്ന ബോഡിയുമാണ് ഇതിൻ്റെ പ്രത്യേകതകളിൽ എടുത്തുപറയേണ്ടത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 12 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ ഔട്ടർ ക്യാമറ സജ്ജീകരണവുമിതിൽ ഉണ്ട്. 5,600mAh ബാറ്ററിയാണ് വാവെയ് ഹാൻഡ്‌സെറ്റിൽ ഉള്ളത്.
16 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മോഡലിൻ്റെ വില ഏകദേശം 2,35,900 രൂപ മുതലാണ് ആരംഭിക്കുന്നത്. ഡാർക്ക് ബ്ലാക്ക്, റൂബി റെഡ് കളർ തുടങ്ങിയ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഇവയിൽ 256GB, 512GB, 1TB സ്റ്റോറേജ് എന്നീ ഓപ്ഷനുകൾ ലഭ്യമാണ്.
ഒരു ടാബ്‌ലെറ്റിന്റെ വലുപ്പമുള്ള ഈ ഫോൺ, 10.2 ഇഞ്ച് മടക്കാവുന്ന 3K റെസല്യൂഷനുള്ള OLED സ്‌ക്രീൻ ഫീച്ചർ ചെയ്യുന്നു. ഇത് പൂർണ്ണമായും മടക്കിയാൽ 6.4 ഇഞ്ചുള്ള സ്മാർട്ട്‌ഫോൺ പോലെയും ഉപയോഗിക്കാം. അതെ സമയം ഭാഗികമായി ഇത് തുറക്കുമ്പോൾ, 7.9 ഇഞ്ച് മടക്കാവുന്ന സ്മാർട്ട്‌ഫോണായി മാറും, എന്നാൽ പൂർണ്ണമായും തുറക്കുമ്പോൾ, ഇത് 10 ഇഞ്ച് വലുപ്പമുള്ളൊരു ടാബ്‌ലെറ്റായി മാറുന്നു. മൂന്നായി മടക്കും എന്ന് കേൾക്കുമ്പോൾ ഒരുപക്ഷെ ഫോണിന് കട്ടി കൂടുതലാണെന്ന് കരുതിയേക്കാം എന്നാൽ 298 ഗ്രാം ഭാരമുള്ള ഈ ഫോൺ പൂർണ്ണമായി തുറക്കുമ്പോൾ, വെറും 3.6mm കട്ടി മാത്രമേ ഉള്ളു. ഇത് വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോണുകളിലൊന്നു കൂടിയാണ്.
യുഎസ് ഉപരോധങ്ങൾക്കിടയിലും, സ്വതന്ത്ര ചിപ്പ് ഡിസൈൻ ഉൾപ്പെടെയുള്ള അത്യാധുനിക നവീകരണങ്ങളോടെ വാവെയ് മികച്ച ചില സ്മാർട്ട്ഫോണുകൾ നിർമ്മിക്കുകയാണെന്ന് എടുത്ത് പറയേണ്ടതുണ്ട്. എന്നിരുന്നാലും, ചൈനയ്ക്ക് പുറത്ത് ഈ സ്മാർട്ട്ഫോണുകൾ വിൽക്കാൻ കമ്പനിക്ക് കഴിയില്ല എന്നതും ശ്രദ്ധേയമാണ്.