ഒരുപാട് ടാബുകൾ ഇനി തലവേദനയാകില്ല; എല്ലാം സിമ്പിൾ ആക്കാൻ ഗൂഗിൾ എഐ

പ്രധാനമായും മൂന്ന് ഫീച്ചറുകളാണ് കമ്പനി പരീക്ഷിക്കുന്നത്

dot image

ഒരുപക്ഷെ നമ്മുടെയൊക്കെ ജീവിതത്തിൽ എല്ലാ ദിവസവും, ചിലപ്പോൾ എല്ലാ സമയവും ആവശ്യമുള്ള ഒരു സേർച്ച് എൻജിൻ ആയിരിക്കും ഗൂഗിൾ ക്രോം. എല്ലാ വിവരങ്ങളും നൊടിയിടയിൽ ലഭിക്കുന്ന ഒരു സോഫ്റ്റ് വെയർ എന്ന നിലയിലും, ഉപയോഗിക്കാൻ ഏറ്റവും സുഖമുളള ഒന്ന് എന്ന നിലയിലും, ക്രോം നിരവധി ആളുകളെ ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഒരുപാട് ടാബുകൾ എടുത്തുവെക്കുമ്പോൾ, അവ കണ്ടുപിടിക്കാനും മറ്റും നമ്മൾ ബുദ്ധിമുട്ടുന്നത് ക്രോമിൽ പതിവ് കാഴ്ചയാണ്. എന്നാൽ അതിനെല്ലാം ഒരു പരിഹാരം കണ്ടെത്തുകയാണ് ഇപ്പോൾ ഗൂഗിൾ ക്രോം അധികൃതർ. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൽ ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമായും മൂന്ന് ഫീച്ചറുകളാണ് കമ്പനി പരീക്ഷിക്കുന്നത്. അതിൽ ആദ്യത്തേത് iOSലാണ് പരീക്ഷിക്കുക. മുൻപ് ഇത്തരത്തിൽ ടാബുകളെ എല്ലാം ഒരു കുടക്കീഴിൽ ഒരു ഫോൾഡറിന്റെ കീഴിൽ കൊണ്ടുവരുന്ന ഒരു അപ്ഡേറ്റ് ഗൂഗിൾ നടപ്പിലാക്കിയിരുന്നു. ഇപ്പോൾ അവയ്ക്ക് നിറവും പേരുമെല്ലാം നൽകുന്ന പുതിയ അപ്‌ഡേറ്റാണ് ക്രോം പരീക്ഷിക്കാൻ പോകുന്നത്. ഇതോടെ നമുക്ക് വേണ്ട ടാബ് ഫോൾഡറുകൾ എളുപ്പം കണ്ടുപിടിക്കാൻ സാധിക്കും.

അടുത്ത ഒരു കിടിലൻ അപ്‌ഡേറ്റ് ഈ ഫോൾഡറുകൾ ഏത് ഡിവൈസുകളിലും ലഭ്യമാക്കുന്ന തരത്തിലുള്ളതാണ്. ഭാവിയിലെ ഒരു അപ്‌ഡേറ്റിനൊപ്പം അവരുടെ ടാബ് ഗ്രൂപ്പുകൾ സംരക്ഷിക്കാനും സമന്വയിപ്പിക്കാനും ​ഗൂ​ഗിൽ ക്രോം ഉപയോക്താക്കളെ അനുവദിക്കും. സമന്വയിപ്പിച്ചുകഴിഞ്ഞാൽ, ടാബ് ഗ്രൂപ്പുകൾ ഡെസ്ക്ടോപ്പിലും എല്ലാ മൊബൈൽ ഉപകരണങ്ങളിലും ആക്സസ് ചെയ്യാൻ കഴിയും. ഇതുപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ഉപകരണത്തിൽ ഒരു പ്രോജക്റ്റ് ആരംഭിക്കാം, തുടർന്ന് പ്രധാനപ്പെട്ട ടാബുകളൊന്നും നഷ്‌ടപ്പെടാതെ അല്ലെങ്കിൽ പ്രത്യേക URL-കൾ ഓർക്കുന്നതിനെക്കുറിച്ച് ഇനി ആകുലപ്പെടേണ്ടി വരില്ല. ഈ സവിശേഷത നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ​ഗൂ​ഗിൾ വ്യക്തമാക്കുന്നത്.

ഒരു ഔട്ടിംഗ് പ്ലാൻ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ ഒരു റസ്റ്റോറൻ്റ് നോക്കാനും കഴിയും. ഗവേഷണത്തിനായി അവർക്ക് ഒരു വലിയ സ്‌ക്രീൻ ആവശ്യമുണ്ടെങ്കിൽ ഡെസ്‌ക്‌ടോപ്പിൽ അത് തുടരാൻ ഇനി തടസ്സുമുണ്ടാകില്ല. നേരത്തെ സമന്വയിപ്പിച്ച ടാബ് ഗ്രൂപ്പിനെ കണ്ടെത്താൻ അവർക്ക് ഡെസ്‌ക്‌ടോപ്പിലേക്ക് പോയി ബ്രൗസർ തുറന്നാൽ മതി. രണ്ട് ഉപകരണങ്ങളും ഒരേ ​ഗൂ​ഗിൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളു.

മൂന്നാമത്തേത് ഉപയോക്താക്കൾക്ക് വെബ് പേജുകൾ വീണ്ടും സന്ദർശിക്കാൻ AI ഉപയോഗിച്ചുള്ള ഒരു പരീക്ഷണാത്മക സവിശേഷതയാണ്. ബ്രൗസറിൽ മുമ്പ് തുറന്ന ടാബുകളെ അടിസ്ഥാനമാക്കി ​ഗൂ​ഗിൾ ക്രോം ഫീച്ചർ വെബ് പേജുകൾ നിർദ്ദേശിക്കും. പേജുകൾ ബുക്ക്‌മാർക്ക് ചെയ്യുന്നതിനോ URL-കൾ ഓർമ്മിക്കുന്നതിനോ ഇനി ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

dot image
To advertise here,contact us
dot image