പുതിയ o1 AI മോഡൽ പുറത്തിറക്കി ഓപ്പൺ എഐ. നിരവധി പ്രത്യേകതകളുള്ള ഈ മോഡൽ ചലവേറിയ ഒരു വേർഷൻ കൂടിയാണ്. ChatGPT പ്ലസിനും, ടീം ഉപയോക്താക്കൾക്കും മാത്രമേ ഇത് ലഭ്യമാവുകയുള്ളു. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കുന്ന പുതിയ AI മോഡൽ സെപ്റ്റംബർ 12-നാണ് കമ്പനി പുറത്തിറക്കിയത്. സയൻസ്, കോഡിംഗ്, ഗണിതം തുടങ്ങിയവയിൽ മുൻ വേർഷനുകളെക്കാൾ കൂടുതൽ സങ്കീർണമായ ടാസ്കുകൾ ഇതിന് ചെയ്യാനാകും.
OpenAI-യുടെ o1 മോഡൽ ഒരു പ്രധാന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മനുഷ്യനെ പോലെയുള്ള AI യെ നിർമ്മിക്കുന്നതിൽ ഒരു പടി കൂടി മുന്നിലേക്കെത്താൻ സാധിച്ചു എന്നാണ് കമ്പനി അറിയിച്ചത്. മുൻപുള്ള വേർഷനുകളെക്കാൾ ഏറെ മികവോടെയാണ് OpenAI-യുടെ o1 പ്രവർത്തിക്കുക. മനുഷ്യനെപ്പോലെ പ്രതികരിക്കുന്നതിന് മുമ്പ് പ്രശ്‌നങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കാനും കൂടുതൽ സമയം ചെലവഴിക്കാനും ഈ മോഡലുകളെ പരിശീലിപ്പിച്ചതായി ഓപ്പൺഎഐ പറഞ്ഞു.
വരാനിരിക്കുന്ന അപ്‌ഡേറ്റിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് സമാനമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനും ടാസ്കുകൾ ചെയ്യാനും OpenAI o1-നെ പര്യാപ്തമാക്കും. എന്നാൽ ചിത്രങ്ങളോ വീഡിയോകളോ ഒന്നും ഇതിന് പ്രശ്നപരിഹാരമായി നൽകാൻ കഴിയില്ല. നിലവിൽ ടെസ്റ്റുകൾ മാത്രമാണ് OpenAI o1 -ന് നൽകാനാകുക. വരും വേർഷനുകളിൽ കൂടുതൽ മാറ്റങ്ങളും പുരോഗതിയും കൊണ്ടുവരാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. ChatGPT പ്ലസ്, ടീം ഉപയോക്താക്കൾക്ക് സെപ്റ്റംബർ 12 മുതൽ ChatGPT o1 മോഡലുകളിൽ ആക്സസ് നേടാൻ കഴിയും. ChatGPT പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ്റെ വില പ്രതിമാസം $20 ആണ്, ഇത് ഇന്ത്യയിൽ പ്രതിമാസം ഏകദേശം 1,650 രൂപയാണ്.