ടെലഗ്രാം സ്ഥാപകൻ പവേൽ ദുറോവിന്റെ അറസ്റ്റ് അപ്ലിക്കേഷനെ കൂടുതൽ 'ശുദ്ധീകരിക്കുക'യാണോ? നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അങ്ങനെയാണെന്ന് തന്നെ അനുമാനിക്കാം.
ദുറോവിന്റെ അറസ്റ്റിന് ശേഷം ക്രിമിനലുകൾ, തട്ടിപ്പുകാർ, ഡ്രഗ് മാഫിയ പ്രധാനികൾ എന്നിവരെല്ലാം ടെലിഗ്രാം ഉപേക്ഷിക്കുകയാണെന്നാണ് ടെക്‌നോളജി മേഖലയിലെ പ്രസിദ്ധീകരണമായ 404 മീഡിയ പറയുന്നത്. ദുറോവിന്റെ അറസ്റ്റ് ടെലഗ്രാമിന്റെ സുരക്ഷയെ സംബന്ധിച്ച് വലിയ ഒരു ചോദ്യചിഹ്നമുയർത്തിയെന്ന തോന്നലിലാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ട്. ഏത് നിമിഷവും ടെലഗ്രാമിന്മേൽ ഒരു നടപടിയുണ്ടാകുമെന്നും, തങ്ങളുടെ ശൃംഖല നശിപ്പിക്കപ്പെടുമെന്ന ആശങ്കയും ഇവർക്കുണ്ട്. ഇത്തരത്തിൽ ക്രിമിനൽ സംഘങ്ങൾ കൂട്ടമായി മറ്റൊരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ 'സിഗ്നലി'ലേക്ക് മാറാനാണ് താത്പര്യപ്പെടുന്നത്. നിലവിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് അല്ലാത്തതിനാൽ ടെലിഗ്രാമിൽ കാര്യമായ നിരീക്ഷണങ്ങളില്ല. ഇതാണ് ക്രിമിനൽ സംഘങ്ങളെ കൂടുതലായും ടെലഗ്രാമിലേക്ക് അടുപ്പിച്ചിരുന്നത്.
ടെലഗ്രാമിനെതിരായ ഗുരുതര കണ്ടെത്തലുകൾ
കുട്ടികളുടെ പോൺ വീഡിയോയും ദൃശ്യങ്ങളും ഉൾപ്പടെയുള്ള കുറ്റകരമായ നിരവധി ഉള്ളടക്കങ്ങൾ ടെലഗ്രാമിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. കണ്ടൻ്റ് മോഡറേഷൻ ഇല്ലാത്തതിനാൽ തന്നെ എന്ത് തരം കണ്ടന്റുകളും ഇത് വഴി ആളുകൾക്ക് ഷെയർ ചെയ്യാൻ സാധിക്കും. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM), ചൈൽഡ് പോണോഗ്രാഫിയുടെ വിതരണം എന്നിവ ടെലിഗ്രാം വഴി വ്യാപകമായതിനാൽ 2023-ൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് അയച്ചിരുന്നു. സിം കാർഡില്ലാതെ തന്നെ ടെലഗ്രാം ഉപയോഗിക്കാൻ സാധിക്കുന്ന ഓപ്ഷൻ ഉണ്ടെന്നതാണ് ടെലഗ്രാമിനെ കൂടുതൽ അപകടകരമാകുന്നത്. ഇതുവഴി ഐഡൻ്റിറ്റി വെളിപ്പെടുത്താതെ തന്നെ വ്യക്തികൾക്ക് ടെലഗ്രാം ഉപയോഗിക്കാൻ കഴിയുന്നു. സീക്രട്ട് ചാറ്റ് ഉള്ളതിനാൽ രണ്ട് വ്യക്തികൾ തമ്മിൽ എന്താണ് സംസാരിക്കുന്നതെന്ന് മറ്റുള്ളവർക്കോ നിയമപാലകർക്കോ കണ്ടെത്താൻ സാധിക്കില്ല. അതിനാൽ ഭീകരപ്രവർത്തനം ഉൾപ്പടെയുള്ള ചർച്ചകൾക്ക് ടെലഗ്രാമിൽ സാധ്യതയുണ്ട്. ISIS, അൽഖ്വയ്ദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും, ഫണ്ട് ശേഖരണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുഖ്യധാരാ പ്ലാറ്റഫോം എന്ന നിലയിൽ ടെലഗ്രാം ഉപയോഗിക്കുന്നുവെന്നും നേരത്തെ കണ്ടെത്തലുകളുണ്ടായിരുന്നു.
സൈബർ കുറ്റവാളികൾക്ക് ആശയവിനിമയം നടത്തുന്നതിന് പറ്റിയ ഇടം കൂടിയാണ് ടെലഗ്രാം എന്നാണ് വിവിധ അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (DDoS) നിയമവിരുദ്ധ നീക്കങ്ങളെ ഏകോപിപ്പിക്കാനും ഹാക്കിംഗ് ടൂളുകൾ പങ്കിടാനും മോഷ്ടിച്ച ഡാറ്റ വിൽക്കാനും സഹായിക്കുന്നു. ഹാക്കർമാർ ഉൾപ്പടെ ഇത് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള വിവിധ വെബ്സൈറ്റുകളിലേക്കുള്ള അനധികൃത ആക്സസുകൾ, പേപാലിൻ്റെയും, ബാങ്കുകളുടെയും ലോഗുകൾ എന്നിവ പോലുള്ള നിയമവിരുദ്ധ സേവനങ്ങളും ടെലഗ്രാം വഴി നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എൻക്രിപ്ഷൻ കീകൾ പങ്കിടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഏകദേശം രണ്ട് വർഷത്തേക്ക് നേരത്തെ റഷ്യയിൽ ടെലഗ്രാം നിരോധിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ റഷ്യയ്ക്ക് സഹായം നൽകാൻ സമ്മതിച്ചതിനെ തുടർന്ന് 2020ൽ പ്രവർത്തനം പുനരാരംഭിക്കാൻ ടെലഗ്രാമിന് അനുമതി ലഭിക്കുകയായിരുന്നു.