ആർറ്റി, റോസിയ സെഗോഡ്നിയ അടക്കമുള്ള റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന മാധ്യമ നെറ്റ്‌വർക്കുകളെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നിരോധിക്കുന്നതായി അറിയിച്ച് മെറ്റ രംഗത്ത്. ഓൺലൈനിൽ രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ നടത്താൻ റഷ്യൻ മാധ്യമ നെറ്റ്‌വർക്കുകൾ വഞ്ചനാപരമായ തന്ത്രങ്ങൾ ഉപയോഗിച്ചുവെന്നാണ് മെറ്റയുടെ ആരോപണം.
'സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം, ഞങ്ങൾ റഷ്യൻ സ്റ്റേറ്റ് മീഡിയ നെറ്റ്‌വർക്കുകൾക്കെതിരായ ഞങ്ങളുടെ നിലവിലുള്ള നടപടികൾ വിപുലീകരിച്ചു. റോസിയ സെഗോഡ്‌നിയ, ആർടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും 'വിദേശ ഇടപെടലിൻ്റെ' പേരിൽ ആഗോളതലത്തിൽ ഞങ്ങളുടെ ആപ്പുകളിൽ നിന്ന് നിരോധിച്ചിരിക്കുന്നു', എന്നായിരുന്നു മെറ്റ രേഖാമൂലമുള്ള പ്രസ്താവനയിലൂടെ അറിയിച്ചത്. നിരോധനം വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഫേസ്ബുക്കിന് പുറമെ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ത്രെഡ് എന്നിവയും മെറ്റയുടെ ആപ്പുകളിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ മെറ്റയുടെ നിരോധനത്തോട് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പരസ്യങ്ങൾ പ്രചരിക്കുന്നതിൽ നിന്ന് തടയുക, പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുക തുടങ്ങിയ നടപടികൾ വർഷങ്ങളോളം സ്വീകരിച്ചതിന് പിന്നാലെയാണ് റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന മാധ്യമങ്ങൾക്കെതിരായി ഇത്രയും കടുത്ത നടപടി മെറ്റ സ്വീകരിച്ചിരിക്കുന്നത്. ആർടിയുടെ രണ്ട് ജീവനക്കാർക്കെതിരെ ഈ മാസം ആദ്യം അമേരിക്ക കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയിരുന്നു. 2024 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി ഓൺലൈൻ ഉള്ളടക്കം നിർമ്മിക്കാൻ ഒരു അമേരിക്കൻ കമ്പനിയെ വാടകയ്‌ക്കെടുക്കാനുള്ള പദ്ധതിയായിരുന്നു ഇതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് മെറ്റ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ റഷ്യൻ സർക്കാർ നിയന്ത്രിക്കുന്ന മാധ്യമമായ ആർടിയുടെ പ്രവർത്തനങ്ങളെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്തുന്നതുപോലെ രാജ്യങ്ങൾ പരിഗണിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയുടെ നടപടികളെ ആർടി കുറ്റപ്പെടുത്തിയിരുന്നു. ഒരു മാധ്യമ സ്ഥാപനമായി പ്രവർത്തിക്കുന്നതിൽ നിന്ന് അമേരിക്ക തടയാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആർടിയുടെ ആരോപണം.