ഭക്ഷണമൊരുക്കാൻ റോബട്ടിക് ഉപകരണങ്ങളെ പരീക്ഷിച്ച് ചിപ്പോട്ടിൽ റെസ്റ്റോറൻ്റ് ശൃംഖല

ചിപ്പോട്ടിലിൻ്റെ കാലിഫോർണിയയിലെ രണ്ട് ഔട്ട്‌ലെറ്റുകളിലാണ് രണ്ട് വ്യത്യസ്ത തരം ഓട്ടോമേറ്റഡ് ഉപകരണങ്ങൾ പരീക്ഷിക്കുന്നത്

dot image

ഗ്വാക്കമോൾ, സലാഡുകൾ, ബുറിറ്റോ ബൗളുകൾ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കുന്നതിനായി റോബോട്ടിക് ഉപകരണങ്ങളെ പരീക്ഷിക്കുകയാണെന്ന് അറിയിച്ച് ചിപ്പോട്ടിൽ മെക്സിക്കൻ ഗ്രിൽ. ഓഡറെടുത്ത് ഉപഭോക്താക്കൾക്ക് മുന്നിൽ വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് പേരുകേട്ട ജനപ്രിയ അന്താരാഷ്ട്ര ഫാസ്റ്റ്-കാഷ്വൽ റെസ്റ്റോറൻ്റ് ശൃംഖലയാണ് ചിപ്പോട്ടിൽ എന്നറിയപ്പെടുന്ന ചിപ്പോട്ടിൽ മെക്സിക്കൻ ഗ്രിൽ. ചിപ്പോട്ടിലിൻ്റെ കാലിഫോർണിയയിലെ രണ്ട് ഔട്ട്‌ലെറ്റുകളിലാണ് രണ്ട് വ്യത്യസ്ത തരം ഓട്ടോമേറ്റഡ് ഉപകരണങ്ങൾ പരീക്ഷിക്കുന്നത്.

ഒരു റോബോർട്ടിക് ഉപകരണത്തിന് ചിപ്പോട്ടിൽ കൊടുത്തിരിക്കുന്നത് 'ഓട്ടോകാഡോ' എന്ന വിളിപ്പേരാണ്. 'അവോക്കാഡോ പ്രോസസ്സിംഗ് കോബോട്ടിക് പ്രോട്ടോടൈപ്പ്' എന്നാണ് ഇത് വിശദീകരിക്കപ്പെടുന്നത്. ഇതിന് അവോക്കാഡോകൾ മുറിക്കാനും അവയുടെ തൊലി നീക്കം ചെയ്യാനും ഏകദേശം 26 സെക്കൻഡിനുള്ളിൽ അവയുടെ പഴങ്ങൾ വേർതിരിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

യന്ത്രത്തിന് പഴങ്ങളിലെ വ്യത്യാസം തിരിച്ചറിയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ അവോക്കാഡോകളുടെ വലുപ്പത്തിനനുസരിച്ച് പ്രവർത്തനം ഓട്ടോമാറ്റിക്കലി ക്രമീകരിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പനിയുടെ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലായി ഏകദേശം 129.5 ദശലക്ഷം പൗണ്ട് പഴങ്ങൾ ഈ വർഷം ഉപയോഗിക്കുമെന്നാണ് കമ്പനിയുടെ കണക്ക്. 'ഓട്ടോകാഡോ' ജോലി ചെയ്യുന്ന സമയത്ത്, ജീവനക്കാർക്ക് മറ്റ് ഭക്ഷണ ഇനങ്ങൾ തയ്യാറാക്കുന്നതിന് സഹായിക്കാനും അതിഥികൾക്ക് ഏറ്റവും മികച്ച ആതിഥ്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും എന്നതാണ് ഈ ആശയത്തിൻ്റെ സവിശേഷതയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിൽ ചിപ്പോട്ടിലിൻ്റെ ഹണ്ടിംഗ്ടൺ ബീച്ചിലെ ഔട്ട്ലെറ്റിലാണ് ഓട്ടോകാഡോ ഉപയോഗിക്കുന്നത്.

മറ്റൊരു കോബോട്ടിക് ഉപകരണമായ 'ഓഗ്മെൻ്റഡ് മേക്ക്ലൈൻ' പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് കൊറോണ ഡെൽ മാർ ഔട്ട്ലെറ്റിലാണ്. ബൗളുകളും സലാഡുകളും ഉണ്ടാക്കുന്നതിനാണ് ഹൈഫനുമായി സഹകരിച്ച് നിർമ്മിച്ച 'ഓഗ്മെൻ്റഡ് മേക്ക്ലൈൻ' ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഈ സമയം ജീവനക്കാർക്ക് ബുറിറ്റോകൾ, ടാക്കോകൾ, ക്വസാഡില്ലകൾ, കുട്ടികളുടെ ഭക്ഷണം എന്നിവയുടെ ചുമതല ഏറ്റെടുക്കാമെന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഈ ഉപകരണം അരി, ചോളം, ചീര, മറ്റ് ചേരുവകൾ എന്നിവ കൗണ്ടറിനു താഴെയുള്ള ഒരു പാത്രത്തിലേക്ക് സ്വന്തം നിലയിൽ വിതരണം ചെയ്യുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ എല്ലാ ഡിജിറ്റൽ ഓർഡറുകളിലും ഏകദേശം 65 ശതമാനവും ബൗളുകളോ സലാഡുകളോ ആണെന്ന് കണക്കാക്കപ്പെടുന്നത്. 'ചിപ്പോട്ടിലിൻ്റെ ഉയർന്ന പാചക നിലവാരം നിലനിർത്തിക്കൊണ്ട് ജീവനക്കാർക്കും അതിഥികൾക്കും മികച്ച അനുഭവം നൽകാൻ ഈ കോബോട്ടിക് ഉപകരണങ്ങൾ ഞങ്ങളെ സഹായിക്കു'മെന്നാണ്, കമ്പനിയുടെ ചീഫ് കസ്റ്റമറും ടെക്‌നോളജി ഓഫീസറുമായ കർട്ട് ഗാർണർ വ്യക്തമാക്കുന്നത്. രണ്ടിടത്ത് ഉപയോഗിച്ചിരിക്കുന്ന കോബോട്ടിക് സാങ്കേതികവിദ്യ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പായി കമ്പനി ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ഫീഡ്‌ബാക്ക് തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us