'ഇറ്റ്സ് ഗ്ലോടൈം' പരിപാടിയിൽ സെപ്റ്റംബർ 9 ന് അനാച്ഛാദനം ചെയ്യപ്പെട്ടതിന് പിന്നാലെ തരംഗമാകുകയാണ് ആപ്പിൾ ഐഫോൺ 16 സീരീസുകൾ. അടിസ്ഥാന മോഡലുകളായ ഐഫോൺ 16 പ്ലസ്, ഐഫോൺ16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന സീരീസ് ഇപ്പോൾ മുൻകൂർ ഓർഡർ ചെയ്യാനും സാധിക്കും. ഓൺലൈൻ ആപ്പിൾ സ്റ്റോറിലും മറ്റ് പ്രധാന ഇ-ടെയ്‌ലറുകളിലും ഇതിന് അവസരമുണ്ട്. പുതിയ സീരീസ് സ്‌മാർട്ട്‌ഫോണുകൾ പ്രീമിയം പ്രൈസ് പോയിൻ്റിൽ ലഭ്യമാണെങ്കിലും, ലോഞ്ച് വിലയേക്കാൾ കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് ഉപകരണങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്യാനും ഇപ്പോൾ ചില വഴികളുണ്ട്. നിങ്ങൾ പുതിയ ഐഫോൺ 16 മോഡലുകളിലൊന്ന് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് അവ കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ താഴെപറയുന്ന മാർഗ്ഗങ്ങൾ പരീക്ഷിക്കാം.
ഐഫോൺ 16 സീരീസ് മുൻകൂട്ടി ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി IndiaiStore അല്ലെങ്കിൽ iStore വെബ്‌സൈറ്റിൽ രണ്ട് ഓഫറുകൾ ഉണ്ട്. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുള്ള ഐഫോൺ 16 ബേസ് മോഡലിന് 79,900 രൂപയാണ് വില. എന്നാൽ ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് 5,000 രൂപ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാം. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴും ഇതേ ഓഫർ ലഭ്യമാണ്.
ഉപഭോക്താക്കൾ പഴയ സ്മാർട്ട്ഫോൺ വിൽക്കുകയാണെങ്കിൽ എക്സ്ചേഞ്ച് മൂല്യമായി 20,000 രൂപവരെ വാഗ്ദാനം ചെയ്യുന്നുണ്ട്. എക്‌സ്‌ചേഞ്ച് ബോണസ് 6,000 രൂപവരെ ആഡ് ഓൺ ആയി ലഭിക്കുമെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു. 64 GB ഇൻബിൽറ്റ് സ്റ്റോറേജുള്ള നല്ല നിലയിൽ പ്രവർത്തിക്കുന്ന ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്യുമ്പോൾ മുഴുവൻ ട്രേഡ്-ഇൻ മൂല്യവും ലഭിക്കും. ഐഫോൺ 16 പ്ലസ് മുൻകൂട്ടി ഓർഡർ ചെയ്യുമ്പോഴും ഇതേ ഓഫർ ബാധകമാണ്. അതേസമയം, ഐഫോൺ 16 പ്രോ മോഡലുകൾക്ക് ഉപഭോക്താക്കൾക്ക് 4,000 രൂപ ക്യാഷ്ബാക്കും അതേ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.
ഒരു ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ആപ്പിൾ സ്റ്റോർ ക്യാഷ്ബാക്ക് ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റിൽ പഴയ സ്‌മാർട്ട്‌ഫോൺ വിൽക്കുമ്പോൾ എക്‌സ്‌ചേഞ്ച് ഓഫർ ലഭിക്കും. ഐഫോൺ 15 പ്രോ വിൽക്കുമ്പോൾ ഉപയോക്താക്കൾക്ക് 61,500 രൂപവരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് സ്മാർട്ട്ഫോണുകളുടെ ട്രേഡ്-ഇൻ മൂല്യം പരിശോധിക്കാൻ താൽപ്പര്യമുള്ളവർ വെബ്സൈറ്റിൽ പോയി അവരുടെ സ്മാർട്ട്ഫോണിൻ്റെ സീരിയൽ നമ്പർ ഉപയോഗിച്ച് എക്‌സ്‌ചേഞ്ച് മൂല്യം പരിശോധിക്കാവുന്നതാണ്.