'പിള്ളേരുകളി' ഇനി നടക്കില്ല; ഇൻസ്റ്റാഗ്രാമിൽ എന്ത് ചെയ്താലും ഇനിയെല്ലാം രക്ഷിതാവ് അറിയും!

പ്രായപൂർത്തിയാകാത്തവരുടെ ഇൻസ്റ്റാഗ്രാം ആക്ടിവിറ്റികളിൽ ഇനിമുതൽ കൃത്യമായ നിരീക്ഷണം ഏർപ്പെടുത്താൻ പോകുകയാണ് മെറ്റ

dot image

ടെക്നോളജിയും സാമൂഹിക മാധ്യമങ്ങളും എല്ലാ തലമുറകളെയും സ്വാധീനിക്കുന്ന കാലമാണല്ലോ നിലവിലുള്ളത്. ഏതൊരാൾക്കും ചുരുങ്ങിയത് ഒരു സാമൂഹിക മാധ്യമ അക്കൗണ്ടെങ്കിലും ഉള്ള കാലവുമാണിത്. ഇവരുടെയെല്ലാം പ്രായപരിധി എടുത്തുനോക്കിയാൽ ചെറുപ്പക്കാരാകും കൂടുതലും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുക. ഇവയിൽ ഇൻസ്റ്റാഗ്രാം ആകട്ടെ, പ്രായപൂർത്തിയാകാത്ത ഒരുപാട് കുട്ടികളടക്കം ഉപയോഗിക്കുന്നുണ്ട്. ഇവർ എന്തെല്ലാം സെർച്ച് ചെയ്യുന്നു, ഇൻസ്റ്റയിലെ ആക്ടിവിറ്റികൾ എങ്ങനെ എന്നതെല്ലാം പലപ്പോഴും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയുമെല്ലാം തലവേദനയാണ്.

എന്നാൽ പ്രായപൂർത്തിയാകാത്തവരുടെ ഇൻസ്റ്റാഗ്രാം ആക്ടിവിറ്റികളിൽ ഇനിമുതൽ കൃത്യമായ നിരീക്ഷണം ഏർപ്പെടുത്താൻ പോകുകയാണ് മെറ്റ. കുട്ടികളിൽ അമിത സോഷ്യൽ മീഡിയാ ഉപയോഗത്തിന്റെ വിപരീത ഫലങ്ങൾ കണ്ടുതുടങ്ങുന്നു എന്ന വിവിധ റിപ്പോർട്ടുകളിൻ മേലെയാണ് മെറ്റയുടെ നടപടി. ഇതോടെ നിരവധി കുട്ടികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇനി മുതൽ മാതാപിതാക്കളുടെ 'മേൽനോട്ടത്തിൽ' ആയേക്കും എന്ന് മാത്രമല്ല, ഓരോ ആക്ടിവിറ്റികളും കൃത്യമായി അറിയാനും സാധിക്കും.

Also Read:

ഈ നടപടിയുടെ ഭാഗമായി പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കുകയാണ് മെറ്റ ആദ്യം ചെയ്യുക. ഇതോടെ 13 മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ തനിയെ പ്രൈവറ്റ് അക്കൗണ്ടുകളാകും. അപരിചിതർക്ക് ഇവരുടെ അക്കൗണ്ടുകൾ കാണാൻ സാധിക്കാതാകും. പ്രായപൂർത്തിയാകാത്തവർക്ക് കണ്ടെന്റുകളിൽ പ്രത്യേക നിയന്ത്രണവുമുണ്ടാകും. ഇതിന് പുറമെ, ഇവരെ ഫോളോ ചെയ്യാത്തതായ അക്കൗണ്ടുകളിൽ നിന്ന് ആർക്കും മെസ്സേജുകൾ അയക്കാനും സാധിക്കില്ല. അമിത ഉപയോഗം നിയന്ത്രിക്കാനായി ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റാഗ്രാം തന്നെ നോട്ടിഫിക്കേഷനുകൾ നൽകുകയും ചെയ്യും.

Also Read:

മാതാപിതാക്കൾക്ക് നൽകുന്ന കൺട്രോളാണ് പുതിയ ഫീച്ചറിലെ പ്രധാനപ്പെട്ട ഘടകം. അക്കൗണ്ട് ഉടമകളായ കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ എന്ത് കാണുന്നു, സേർച്ച് ചെയ്യുന്നു എന്നെല്ലാം അറിയാനാകും. ഉപയോഗം നിയന്ത്രിക്കാനായി അവർക്ക് തന്നെ ആപ്പ് നേരിട്ട് ഓഫ് ചെയ്യാനും സാധിക്കും. പ്രായപൂർത്തിയാകാത്തവരെ കണ്ടെത്താനായി വീഡിയോ സെൽഫി വഴി ഏജ് വെരിഫിക്കേഷൻ നടപടികൾക്ക് തുടക്കം കുറിക്കാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്.

അമിത സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തപ്പെട്ടിട്ടുള്ളതുകൊണ്ടാണ് മെറ്റയുടെ ഈ നടപടി. ഇൻസ്റ്റാഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളിൽ ഡിപ്രഷൻ, ഉത്കണ്ഠ, പഠനത്തിലെ പിന്നോക്കാവസ്ഥ എന്നിവ വർധിപ്പിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങൾ ഈയിടെ പുറത്തിറങ്ങിയിരുന്നു. ഇവയ്ക്ക് പുറമെ മെറ്റ ഉൾപ്പെടെയുള്ള നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, അഡിക്ഷന്റെ പേരിൽ നിയമവ്യവഹാരങ്ങളിൽ പെട്ടുകിടക്കുകയുമാണ്. ഇതെല്ലാമാണ് മെറ്റയെ കണ്ടന്റ് റെസ്ട്രിക്ഷന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ

dot image
To advertise here,contact us
dot image