2040 ൽ ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എങ്ങനെയാണ് ചന്ദ്രയാൻ-4 ദൗത്യം ആ പ്രതീക്ഷയില്‍ നിർണ്ണായകമാകുന്നത്?
2027-ൽ വിക്ഷേപിക്കാനൊരുങ്ങുന്ന ചന്ദ്രയാൻ-4, ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരിപാടിയിലെ നിർണായക ചുവടുവെപ്പാണ്. നിലവിൽ ചന്ദ്രയാൻ 4 രാജ്യത്തിൻ്റെ ഏറ്റവും വലിയ ചാന്ദ്ര ദൗത്യവും, അഭിമാന പദ്ധതിയുമാണ്. 36 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷയിലാണ് ചന്ദ്രയാൻ-4 ൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 2,104.06 കോടി രൂപയാണ് ചന്ദ്രയാൻ 4 ന്റെ ചെലവ്.
ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള ആദ്യ പടിയാണിതെന്നും, ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും കൊണ്ടുവരിക മാത്രമല്ല ഇതിൻ്റെ ലക്ഷ്യമെന്നും സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ മുൻ ഡയറക്ടർ തപൻ മിശ്ര പറയുന്നു . ചന്ദ്രയാൻ 4 ഒരു ചാന്ദ്ര സാമ്പിൾ റിട്ടേൺ ദൗത്യമാണെന്നും 2 റോക്കറ്റുകൾ ഉപയോഗിച്ച് പൂർത്തിയാക്കാമെന്നും ചന്ദ്രയാൻ 4 ദൗത്യത്തെ കുറിച്ച് ജ്യോതിശാസ്ത്രജ്ഞനും പ്രൊഫസറുമായ ആർ സി കപൂർ അറിയിച്ചിരുന്നു. അതിനാൽ ചന്ദ്രൻ്റെ സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരുന്നതിലാണ് ചന്ദ്രയാൻ 4 ദൗത്യത്തിന്‍റെ പ്രഥമ ശ്രദ്ധയെങ്കിലും ചന്ദ്രനിലേക്ക് ആളെ അയക്കുന്നതിനെ പറ്റി പഠിക്കുകയെന്നതും മറ്റൊരു പ്രധാന ഉദ്ദേശ്യമായി തുടരും.
കേന്ദ്രസര്‍ക്കാര്‍ 4 പ്രോഗ്രാമുകൾക്കാണ് നിലവിൽ അംഗീകാരം നൽകിയിട്ടുള്ളത്, അതിലൊന്നാണ് ചന്ദ്രയാൻ 4. രണ്ടാമത്തേത്, വീനസ് ഓർബിറ്റർ മിഷൻ്റെ (VOM) വികസനമാണ്. വീനസ് ഓർബിറ്റർ മിഷൻ അഥവാ VOM, ഇത് ശുക്രൻ്റെ അന്തരീക്ഷവും ഭൂമിശാസ്ത്രവും നന്നായി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ പര്യവേക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതിൻ്റെ അന്തരീക്ഷവും മറ്റും പരിശോധിച്ച് വിപുലമായ ശാസ്ത്രീയ ഡാറ്റ സൃഷ്ടിക്കുന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇത് 2028 മാർച്ചിൽ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. മൂന്നാമത്തേത്, ഗഗൻയാൻ ദൗത്യത്തിന്റെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട് ഭാരതീയ അനതൃക്‌ഷ് സ്റ്റേഷൻ (ബിഎഎസ്) എന്ന് വിളിക്കപ്പെടുന്ന, ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിൻ്റെ ആദ്യ യൂണിറ്റ് നിർമ്മിക്കുകയെന്നതാണ്. അവസാനമായി അടുത്ത തലമുറ ലോഞ്ച് വെഹിക്കിളിൻ്റെ നിർമ്മാണത്തിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരത്തിൽ കൈനിറയെ ഏറെ പ്രതീക്ഷ നൽക്കുന്ന ഒരു കൂട്ടം സ്വപ്ന പദ്ധതികളുമായി മുന്നേറുകയാണ് ഇന്ത്യ.