ലെബനനിൽ ബോംബുകളായി മാറിയത് പേജറുകൾ; മൊബൈൽ ഫോണുകളും ബോംബായി മാറുമോ?

അമിതമായ ചൂട്, അമിത ചാർജിംഗ് അല്ലെങ്കിൽ കേടുപാടുകൾ തുടങ്ങിയ ഘടകങ്ങളാൽ ബാറ്ററികൾ അമിതമായി ചൂടാകുന്നതിനും അപൂർവ സന്ദർഭങ്ങളിൽ പൊട്ടിത്തെറിക്കുന്നതിനും കാരണമാകും.

dot image

ലെബനനിൽ നടന്ന സ്ഫോടനം ഒരേ സമയം ആശങ്കയും അതേ സമയം അമ്പരപ്പും ഉണ്ടാക്കുന്നതാണ്. ഹിസ്ബുള്ള-ഇസ്രായേൽ സംഘർഷം ശക്തമായിരിക്കെ നൂറുകണക്കിന് പേജറുകളാണ് ലെബനെനിൽ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് സ്ഫോടനങ്ങളിലുമായി 29 പേർ കൊല്ലപ്പെടുകയും ആറായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൻ്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലും ഇസ്രായേലി ചാരസംഘടനയായ മൊസാദിൻ്റെ സാന്നിധ്യം ഇതിനകം ചർച്ചയായി കഴിഞ്ഞു. സ്ഫോടനത്തിന് പിന്നിലെ സാങ്കേതികമായ സൂക്ഷ്മതയും ആസൂത്രണവുമാണ് മൊസാദിലേയ്ക്ക് സംശയത്തിൻ്റെ മുനനീളാനുള്ള പ്രധാനകാരണം. പൊട്ടിത്തെറിച്ച പേജറുകളിലെല്ലാം നിർമ്മാണ സമയത്ത് സൂക്ഷ്മസ്വഭാവത്തിലുള്ള സ്ഫോടക വസ്തു നിക്ഷേപിച്ചിരിക്കാം എന്ന ഗൂഢാലോചന തിയറിയും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഈയൊരു വിഷയത്തെ ചുറ്റിപറ്റി നിരവധി ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. മൊബൈൽ ഫോണുകളെയും ഇത്തരത്തിൽ ബോംബുകളാക്കാൻ സാധിക്കുമോ എന്ന ആശങ്കയാണ് ഈ നിമിഷത്തിൽ ചർച്ചയായി ഉയർന്നിരിക്കുന്നത്. ഇതിന് നിലവിൽ സാധ്യതകൾ ഇല്ലെങ്കിലും അസാധ്യമായ ഒന്നല്ല.

സ്‌മാർട്ട്‌ഫോണുകളേക്കാൾ സുരക്ഷിതമെന്ന് കരുതപ്പെടുന്ന പേജറുകൾ ആശയവിനിമയത്തിനായി ഹിസ്ബുള്ള സ്വീകരിച്ചതിന് പിന്നിൽ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. സ്‌മാർട്ട്‌ഫോണുകളെ അപേക്ഷിച്ച്, ലളിതമായ ഹാർഡ്‌വെയർ ഉള്ള പേജറുകൾ, ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഡിജിറ്റൽ ഹാക്കിംഗിന് ഇരയാകാനുള്ള സാധ്യതയും മൊബൈലുകളെ അപേക്ഷിച്ച് തുലോം കുറവാണ്. എന്നിരുന്നാലും, ഏതാണ്ട് ഒരേ സാങ്കേതികവിദ്യകൾ തന്നെയാണ് ലിഥിയം-അയൺ ബാറ്ററികളുള്ള പേജറുകൾക്കും സ്മാർട്ട്‌ഫോണുകൾക്കുമുള്ളത്, ഈ സാങ്കേതികവിദ്യയിൽ അപകടസാധ്യത തള്ളി കളയാൻ ആവില്ല. അമിതമായ ചൂട്, അമിത ചാർജിംഗ് അല്ലെങ്കിൽ കേടുപാടുകൾ തുടങ്ങിയ ഘടകങ്ങളാൽ ഈ ബാറ്ററികൾ അമിതമായി ചൂടാകുന്നതിനും അപൂർവ സന്ദർഭങ്ങളിൽ പൊട്ടിത്തെറിക്കുന്നതിനും കാരണമാകും. നിർമ്മാണ വൈകല്യങ്ങളും ഡിസൈൻ പിഴവുകളും അപകടസാധ്യതയ്ക്ക് കാരണമായേക്കാം. എന്നാൽ നൂറിലേറെ പേജറുകൾ പൊട്ടിത്തെറിച്ചുവെന്ന വാർത്തകളാണ് ഇവിടെ അസ്വഭാവികമായി മാറുന്നത്. പിന്നാലെ വാക്കിടോക്കികൾ കൂടി പൊട്ടിത്തെറിച്ചതോടെ സ്ഫോടനങ്ങൾക്ക് പിന്നിലെ ആസൂത്രണം കൂടുതൽ ചർച്ചയായിട്ടുണ്ട്.

ന്യൂ യോർക്ക് ടൈസിന്റെ റിപ്പോർട്ട് അനുസരിച്ച്, തായ്‌വാനീസ് നിർമ്മാതാക്കളായ ഗോൾഡ് അപ്പോളോയിൽ നിന്ന് ഓർഡ ചെയ്ത പേജറുകളുടെ ഒരു ബാച്ചിനുള്ളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി പറയപ്പെടുന്നു. എന്നാൽ ഗോൾഡ് അപ്പോളോ മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു. സമാനമായ ഒരു തന്ത്രം സ്‌മാർട്ട്‌ഫോണുകളിലും പ്രയോഗിച്ചാൽ അപകടത്തിന് കാരണമായേക്കാം. എന്നാൽ ആധുനിക സ്‌മാർട്ട്‌ഫോണുകളുടെ വൈവിധ്യമാർന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കാൻ പ്രയാസമുള്ളത് കൊണ്ട് ഇതിനുള്ള സാദ്ധ്യതകൾ വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image