കാഴ്ചയില്ലാത്തവരുടെ അവസ്ഥയെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ചുറ്റുമുളള ലോകത്തെ മനസിലാക്കാൻ നമ്മെ സഹായിക്കുന്ന പഞ്ചേന്ദ്രയങ്ങളിൽ ഒന്നാണ് കാഴ്ച. ജന്മനയോ അല്ലാതെയോ ഉള്ള വൈകല്യങ്ങൾ മൂലം കാഴ്ച നഷ്ടപ്പെട്ടവർക്ക് ലോകം കാണാനുളള അവസരം ഒരുക്കുകയാണ് ഇലോൺ മസ്ക്. കഴിഞ്ഞ ദിവസമാണ് തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റഫോമിലൂടെ നൂതന വിദ്യയുടെ അറിയിപ്പ് ഇലോൺ മസ്ക് പങ്കുവെച്ചത്. മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിയാണ് 'ബ്ലൈൻഡ്സൈറ്റ്' എന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങുന്നത്. ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാഴ്ചയില്ലാത്തവർക്കും കാണാൻ സാധിക്കും എന്നാണ് മസ്കിന്റെ വാദം. ജനനം മുതൽ അന്ധത ബാധിച്ചവർക്കും കാഴ്ച പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. വിപ്ലവകരമായ മസ്കിന്റെ പുതു പരീക്ഷണം എന്താണെന്നും വൈദ്യശാസ്ത്ര രംഗത്ത് ബ്ലൈൻഡ്സൈറ്റിന്റെ സാധ്യതകൾ എന്താണെന്നും അറിയാം
മസ്‌കിൻ്റെ ബ്ലൈൻഡ്സൈറ്റ് ഒരു പരീക്ഷണാത്മക ഉപകരണമാണ്. ന്യൂറലിങ്കിൻ്റെ ഈ ഉപകരണത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. അത് ഒരു കമ്പ്യൂട്ടറോ ഫോണോ പോലുള്ള ഉപകരണങ്ങളിലേക്ക് കൈമാറാൻ കഴിയുന്ന ന്യൂറൽ സിഗ്നലുകൾ പ്രോസസ്സ് ചെയ്യുകയും കൈമാറുകയും ചെയ്യുന്നു. ഇവയ്ക്ക് കണ്ണുകളെയും ഒപ്റ്റിക് നാഡിയെയും മറികടന്ന് തലച്ചോറിൻ്റെ വിഷ്വൽ കോർട്ടക്സിനെ നേരിട്ട് ഉത്തേജിപ്പിച്ചുകൊണ്ട് കാഴ്ച പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വാദം. വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്ന തലച്ചോറിൻ്റെ ഭാഗമായ വിഷ്വൽ കോർട്ടക്സിലേക്ക് ബ്ലൈൻഡ്സൈറ്റ് നേരിട്ടായിരിക്കും വൈദ്യുത സിഗ്നലുകൾ അയയ്ക്കുക. ജനനം മുതൽ അന്ധത ബാധിച്ചവർക്കും, ഒപ്റ്റിക് നാഡി തകരാറുമൂലം പൂർണ്ണ അന്ധത അനുഭവിക്കുന്നവർക്കും കാഴ്ച തിരികെ നൽകാൻ ഇത് സഹായകമാണ്.
മസ്ക് ‘ബ്ലൈൻഡ്സൈറ്റി’ന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ടെലിവിഷൻ പരമ്പരയിലെ ‘ജിയോർഡി ലാ ഫോർജ്’ എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചാണ്. അമേരിക്കൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയായ സ്റ്റാർ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷനിലെ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ജിയോർഡി ലാ ഫോർജ്. ഏഴോളം സീസണുകളുളള സ്റ്റാർ ട്രെക്ക് പ്രേക്ഷക പിന്തുണ നേടിയ സയൻസ് ഫിക്ഷനുകളിൽ ഒന്നാണ്. ജന്മനാ കാഴ്ചയില്ലാത്ത കഥാപാത്രമാണ് ജിയോർഡി ലാ ഫോർജ്.
ജനിച്ച സമയം മുതൽ അന്ധനായിരുന്നു ജിയോർഡി ലാ ഫോർജ്. നേത്രങ്ങളിൽ ആർക്ക് ആകൃതിയിലുള്ള ഉപകരണം ഘടിപ്പിച്ചാണ് ലാ ഫോർജിന് കാഴ്ച നൽകുന്നത്. റേഡിയോ തരംഗങ്ങൾ, ഇൻഫ്രാറെഡ് , അൾട്രാവയലറ്റ് തുടങ്ങി അതിനുമപ്പുറമുളള വൈദ്യുതകാന്തിക സ്പെക്ട്രത്തിൻ്റെ ഭൂരിഭാഗവും കാണാൻ ആർക്ക് ആകൃതിയിലുള്ള ഉപകരണം സഹായിക്കുന്നു.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബ്ലൈൻഡ്സൈറ്റിന് ബ്രേക്ക്‌ത്രൂ ഡിവൈസ് എന്ന പദവിയാണ് നൽകിയിരിക്കുന്നത്. ഗുരുതര രോഗാവസ്ഥകളുടെ ചികിത്സയെ ഏറ്റവും വേഗത്തിൽ ഭേദമാക്കാൻ സാധിക്കുന്ന ഉപകരണങ്ങളുടെ വികസനം വേഗത്തിലാക്കാൻ സഹായിക്കുന്ന പദവിയാണിത്. ബ്ലൈൻഡ്സൈറ്റിന്റെ നിർമതിക്കായുളള പ്രവർത്തനം കാര്യക്ഷമമാക്കാൻ ന്യൂറലിങ്കിനെ ഈ പദവി സഹായിക്കുന്നു. എന്നിരുന്നാലും ഉപകരണത്തിന് വാണിജ്യപരമായ ഉപയോഗത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. മാത്രമല്ല ഉപകരണം എന്ന് തയ്യാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമില്ല.
പ്രാരംഭഘട്ടത്തിൽ ബ്ലൈൻഡ്‌സൈറ്റിന് അടിസ്ഥാനപരമായ റെസല്യൂഷൻ മാത്രമാണ് ഉണ്ടാകുക. എന്നാൽ ഭാവിയിൽ കൂടുതൽ വിപുലമായ തരത്തിൽ ബ്ലൈൻഡ്‌സൈറ്റിനെ മാറ്റാൻ കഴിയുമെന്നാണ് ഇലോൺ മസ്ക് സൂചന നൽകിയിരിക്കുന്നത്. ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് അല്ലെങ്കിൽ റഡാർ തരംഗദൈർഘ്യങ്ങൾ പോലും മനസ്സിലാക്കാനുള്ള കഴിവ് ഇതിൽ ഉൾപ്പെടാം.
മെഡിക്കൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള ന്യൂറാലിങ്കിന്റെ ഒരു പരീക്ഷണം എന്ന നിലയിലാണ് ബ്ലൈൻഡ്സൈറ്റ് എത്തുക. തളർവാത രോഗികൾക്ക് അവരുടെ ചിന്തകൾ ഉപയോഗിച്ചു കൊണ്ട് പ്രവർത്തിക്കാൻ കഴിയുന്ന ബ്രെയിൻ ചിപ്പുകളുടെ ആശയവും കമ്പനി മുന്നോട്ടു വെയ്ക്കുന്നു.