ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഐഫോൺ 16 ഇന്ന് വിൽപ്പനക്കെത്തും . ആപ്പിൾ പുതിയ തലമുറ ഐഫോണുകളായ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ സെപ്റ്റംബർ 9-ന് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ രണ്ടാഴ്ച്ചക്ക് ശേഷമാണ് ഐഫോൺ 16 ആഗോളതലത്തിൽ വിലപ്പനയക്കായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ആപ്പിൾ സ്റ്റോറുകളിൽ നിന്നും മറ്റ് തേർഡ് പാർട്ടി റീട്ടെയിലർമാരിൽ നിന്നും ഐഫോൺ 16 വാങ്ങാൻ സാധിക്കും. മുംബൈയും ഡൽഹിയുമാണ് ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ആപ്പിൾ സ്റ്റോറുകൾ. ഇതോടൊപ്പം ആപ്പിളിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫോൺ വാങ്ങാൻ സാധിക്കും.
79,900 രൂപയിൽ ആരംഭിക്കുന്ന ഐഫോൺ 16 സീരീസിൻ്റെ ആരംഭ വില നാല് വർഷം മുമ്പുണ്ടായിരുന്ന ഐഫോൺ 12-ൻ്റെ വിലയ്ക്ക് തുല്യമാണെന്നത് ശ്രദ്ധേയമാണ്. ഐഫോൺ 16 പ്രോയ്ക്ക് കഴിഞ്ഞ വർഷമുണ്ടായിരുന്ന ഐഫോൺ 15 പ്രോയേക്കാൾ 15,000 രൂപ കുറവാണ്. ഐഫോൺ 16 പ്രോയുടെ പ്രാരംഭ വില 1,19,900 രൂപയാണ്. അതേസമയം ഐഫോൺ 15 പ്രോയുടെ അടിസ്ഥാന വേരിയൻ്റിന് 1,34,900 രൂപയായിരുന്നു എന്നതും ഇതിൻ്റെ പ്രത്യേകതകളിൽ ഒന്നാണ്.
ഐഫോൺ 15ൻ്റെ രൂപകൽപ്പനയിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ എത്തിയിരിക്കുന്നത്. ഐഫോൺ 15ന് സമാനമായ പരന്ന വശങ്ങൾ, സമാനമായ അലുമിനിയം, ടൈറ്റാനിയം ഫ്രെയിമുകൾ, സ്ക്രീനിലും പിന്നിലും സമാനമായ സെറാമിക് ഷീൽഡ് എന്നിവയാണ് ഐഫോൺ 16ലും, ഐഫോൺ 16 പ്രോയിലും ഉള്ളത്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്ക് ഐഫോൺ 15ൽ നിന്ന് വലിയ മാറ്റങ്ങളില്ല.
രണ്ട് പുതിയ ബട്ടണുകൾ ഐഫോൺ 16ൽ ലഭ്യമാണ്. നേരത്തെ പ്രോ മോഡലുകളിൽ ലഭ്യമായിരുന്ന ആക്ഷൻ ബട്ടൺ, ക്യാമറ ബട്ടൺ എന്നിവയാണിവ. ക്യാമറ ബട്ടണ്, ആപ്പിൾ ഇതിനെ ക്യാമറ കൺട്രോൾ എന്നാണ് വിളിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ ഉപയോഗിക്കുന്നതിനേക്കാൾ 2 മടങ്ങ് ശക്തവും ആപ്പിൾ മുമ്പ് ഉപയോഗിച്ചിരുന്നതിനേക്കാൾ 50 ശതമാനം ശക്തവുമാണ് മുൻവശത്തെ സെറാമിക് ഷീൽഡ് എന്നാണ് ആപ്പിളിൻ്റെ അവകാശവാദം. എന്നാൽ സ്ക്രീൻ വലുപ്പത്തിലും റെസല്യൂഷനിലും മാറ്റമൊന്നും ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഐഫോൺ 16 ഫോണുകളുടെ രണ്ട് വലിയ സവിശേഷതകളായി ഇതിനകം ഈ മേഖലയിലെ വിദഗ്ധരെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആപ്പിൾ ഇൻ്റലിജൻസും ക്യാമറ കൺട്രോളുമാണ്. ക്യാമറ കൺട്രോൾ അവിശ്വസനീയമാംവിധം ശക്തമായ ഒന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ വ്യത്യസ്ത ക്യാമറ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്നതാണ് ക്യാമറ കൺട്രോൾ എന്നാണ് ഇതുവരെയുള്ള ഫീഡ്ബാക്കുകൾ നൽകുന്ന സൂചന. സിംഗിൾ ക്ലിക്ക് ചെയ്യുക, ഡബിൾ ക്ലിക്ക് ചെയ്യുക, അതിൻ്റെ ടച്ച് പ്രതലത്തിൽ മുകളിലേക്കും താഴേക്കും സ്വൈപ്പ് ചെയ്യുക തുടങ്ങിയ മൾട്ടി-ക്ലിക്ക് മെക്കാനിസമാണ് ഇതിൻ്റെ ഹൈലൈറ്റ് എന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. എന്തായാലും വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യയുൾപ്പടെയുള്ള മാർകറ്റുകളിൽ എത്തുന്നത്. ആപ്പിളിൻ്റെ പുതിയ ഫോണിൻ്റെ പെർഫോമൻസിനെ പറ്റി അറിയാനായി കാത്തിരിക്കുകയാണ്.