ഐഫോൺ 16 ഇറങ്ങിയ സാഹചര്യത്തിൽ ഈ അടുത്ത ഒരു പഠനം നടക്കുകയുണ്ടായി. ഓരോ രാജ്യത്തിലുള്ളവരും എത്ര നാൾ ജോലി ചെയ്താൽ ഐഫോൺ സ്വന്തമാകാമെന്നായിരുന്നു പഠന വിഷയം. ഓരോ ദിവസത്തെയും ശമ്പളം ചേർത്ത്‌വെച്ചാൽ ആർക്കൊക്കെ എത്ര ദിവസം കൊണ്ട് ഐഫോൺ വാങ്ങാമെന്ന് കണ്ടെത്താനുള്ള പഠനത്തിൽ അമേരിക്കയിലുള്ളവർക്ക് വെറും അഞ്ച് ദിവസം പണിയെടുത്താൽ വാങ്ങാമെന്നായിരുന്നു കണ്ടെത്തൽ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും ഈ പഠനത്തിൻ്റെ ഭാഗമായിരുന്നു.
ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ കുറച്ച് ദിവസം മാത്രം ജോലിയെടുത്താൽ ഐഫോൺ സ്വന്തമാക്കാം. എന്നാൽ ഇന്ത്യയെപ്പോലെയുള്ള രാജ്യത്തുള്ളവർക്ക് അത് അത്ര എളുപ്പമല്ല . ഇന്ത്യയിൽ ഒരു മാസത്തിലേറെ ജോലി ചെയ്യണം പുതിയതായി വിപണിയിലിറങ്ങിയ ഐഫോൺ മോഡൽ വാങ്ങാൻ. ഇന്ത്യയിൽ ഐഫോൺ 16ൻ്റെ അടിസ്ഥാന മോഡലിന് 79,900 രൂപ മുതലാണ് വില. ഐഫോൺ 16 പ്ലസ് നോക്കുന്നവർക്ക് ഇതിൻ്റെ വില 89,900 രൂപയാണ്. അതേസമയം, ഐഫോൺ 16 പ്രോയ്ക്ക് 1,19,900 രൂപ വിലവരും. അത്കൊണ്ട് താന്നെ ഈ വിലകൾ ഐഫോൺ 16 സീരീസിനെ ഇന്ത്യൻ വിപണിയിൽ ഒരു പ്രീമിയം ഇനമാക്കി മാറ്റുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന വേതനമുള്ള സ്വിറ്റ്സർലാൻഡുകാർക്ക് വെറും നാല് ദിവസം ജോലി ചെയ്താൽ ഐഫോൺ 16 പ്രൊ വാങ്ങാൻ കഴിയും.
പുതിയ ഐഫോൺ 16 സീരീസ് ഇന്ത്യയിൽ ആപ്പിളിൻ്റെ മുൻനിര സ്റ്റോറുകളിലും മുംബൈയിലെ ആപ്പിൾ ബികെസിയിലും ന്യൂഡൽഹിയിലെ ആപ്പിൾ സാകേതിലും രാജ്യത്തുടനീളമുള്ള അംഗീകൃത വിൽപ്പനക്കാർ വഴിയും ലഭ്യമാണ്. ആപ്പിളിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഷോപ്പർമാർക്ക് ഉപകരണങ്ങൾ ഓൺലൈനായി വാങ്ങാനും കഴിയും. ഐഫോൺ ഉപഭോക്താക്കൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഐഫോൺ 16 മോഡലുകൾ ലോകമെങ്ങും വിപണിയിലെത്തിയപ്പോൾ ഇപ്രാവശ്യവും ജനങ്ങൾ ആ 'ആചാരം' തെറ്റിച്ചില്ല . ആപ്പിളിന്റെ പുതിയ മോഡൽ വാങ്ങാനായി നീണ്ട ക്യൂവാണ് രാജ്യത്ത് അനുഭവപ്പെട്ടത്. മുംബൈയിലെയും, ദില്ലിയിലെയും ആപ്പിൾ സ്റ്റോറുകളിൽ പുലർച്ചെ മുതൽക്കെത്തന്നെ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. 21 മണിക്കൂറോളം വരി നിന്നവർ വരെ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറായ മുംബൈയിലെ ബികെസിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനാകാത്തത്രയും തിരക്കാണ് കാലത്തുതന്നെ അനുഭവപ്പെട്ടത്.
പുതിയ ഐഫോൺ മോഡലുകളുടെ വില്പന തുടങ്ങുന്ന അന്നെല്ലാം ഈ നീണ്ട ക്യൂ പതിവാണ്. ഐഫോൺ 15നും 14നുമെല്ലാം ഇത്തരത്തിൽ പുലർച്ചെതന്നെ നീണ്ട വരിയുണ്ടായിരുന്നു. ഐഫോണിനെ ഇന്ത്യയിലെ ജനങ്ങൾ എല്ലായ്പ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ആദ്യ ദിവസം തന്നെയുള്ള ഈ നീണ്ട വരി. ഇന്ത്യയെ മികച്ച സാധ്യതകളുള്ള ഒരു വിപണിയായി ഐഫോൺ കാണുന്നതും ഉപഭോക്താക്കളുടെ ഈ എണ്ണം കൊണ്ടാണ്.