'കൂടുതൽ സ്മാർട്ടാകാൻ' പുതിയ ഫീച്ചറുകളുമായി ഗൂഗിൾ ടി വി

പുതിയ അപ്‌ഡേറ്റ് എ ഐയുടെ സാധ്യതകളെ വ്യത്യസ്ത രീതികളിൽ സമന്വയിപ്പിച്ചിട്ടുണ്ട്

dot image

പുതിയ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ ടിവി. അടുത്തിടെ ആരംഭിച്ച ഗൂഗിൾ ടിവി സ്ട്രീമർ ഉൾപ്പെടെയുള്ളവ ലഭിക്കുന്ന ഉപകരണങ്ങളിൽ നിരവധി പുതിയ ഫീച്ചറുകളാണ് ​ഗൂ​ഗിൽ ടിവി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ​ഗൂ​ഗിൾ ടിവിയ്‌ക്കൊപ്പം ക്രോംകാസ്റ്റിനുള്ള സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അപ്‌ഡേറ്റ് വരുന്നത്. ഇതോടെ ഗൂഗിൾ ടിവി ഉപയോക്താക്കൾ അനുയോജ്യമായ എല്ലാ സ്‌മാർട്ട് വീട്ടുപകരണങ്ങളുടെയും കേന്ദ്ര ഹബ്ബായി പ്രവർത്തിക്കുന്ന ഒരു പുതിയ ഹോം പാനൽ കാണാനാവും. ഇതിന് പുറമെ സ്‌പോർട്‌സ് പേജും ഉള്ളടക്ക അവലോകനങ്ങളും മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോ​ഗിക്കുന്നുണ്ടെന്നാണ് ​ഗൂ​ഗിൾ വ്യക്തമാക്കിയിരിക്കുന്നത്.

ഗൂഗിൾ ടിവിയുടെ പുതിയ അപ്‌ഡേറ്റുകളുടെ സവിശേഷതകൾ ബ്ലോഗ് പോസ്റ്റിലൂടെയാണ് ​ഗൂ​ഗിൾ തിങ്കാളാഴ്ച വിശദീകരിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ ഉപയോക്താക്കൾക്കും പുതിയ അപ്ഡേറ്റ് ലഭ്യമാകുമെന്ന പ്രതീക്ഷയാണ് കമ്പനി പങ്കുവെയ്ക്കുന്നത്.

ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം ഉപയോക്താക്കൾക്ക് അവരുടെ ​ഗൂ​ഗിൾ ടിവി ഇൻ്റർഫേസിൽ ഒരു പുതിയ ഹോം പാനൽ ലഭിക്കുമെന്നതാണ് പ്രധാനസവിശേഷത. ലൈറ്റുകൾ, തെർമോസ്റ്റാറ്റുകൾ, ക്യാമറകൾ പോലുള്ള യോജിച്ച സ്‌മാർട്ട് ഹോം ഉപകരണങ്ങളുടെ കേന്ദ്രമായി ഇത് പ്രവർത്തിക്കും. ഉപയോക്താക്കൾക്ക് ​ഗൂ​ഗിൾ അസിസ്റ്റൻ്റ് ഉപയോഗിച്ച് റിമോട്ട് വഴിയോ വോയ്സ് ഉപയോ​ഗിച്ചോ എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കാനാകും. ഇരിന്നിടത്ത് നിന്നും എഴുന്നേൽക്കാതെ സന്ദർശകർ ആരാണെന്ന് സ്മാർട്ട് ടിവിയിൽ കാണാൻ സാധിക്കുന്ന ഡോർബെൽ നോട്ടിഫിക്കേഷനും ഉപയോക്താവിനായി ഒരുക്കിയിട്ടുണ്ട്.

ടിവി സ്‌ക്രീൻ പ്രവർത്തിക്കാതിരിക്കുമ്പോൾ ദൃശ്യമാകുന്ന വാൾപേപ്പറായ ആംബിയൻ്റ് സ്‌ക്രീൻസേവറും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇനി എഐ- ജനറേറ്റഡ് ഡിസൈനുകൾ സൃഷ്‌ടിക്കാനും സ്‌ക്രീൻസേവറായി സജ്ജീകരിക്കാനും കഴിയും. താൽപ്പര്യമുള്ള ഒരു കലാസൃഷ്ടിക്കായി എ ഐയോട് നി‍ർദ്ദേശിക്കാൻ ഇനി സാധിക്കും. ​ഗൂ​ഗിൾ ഫോട്ടോയിൽ നിന്ന് പ്രിയപ്പെട്ട ഓർമ്മകൾ തിരഞ്ഞെടുത്ത് അത് പ്രദർശിപ്പിക്കാൻ ​ഗൂ​ഗിൾ അസിസ്റ്റൻ്റിനോട് ആവശ്യപ്പെടാനും ഓപ്ഷനുണ്ട്.

പുതിയ അപ്‌ഡേറ്റ് എ ഐയുടെ സാധ്യതകളെ വ്യത്യസ്ത രീതികളിൽ സമന്വയിപ്പിച്ചിട്ടുണ്ട്. 'ഫോർ യൂ' ടാബ് ഇപ്പോൾ 'സ്‌പോർട്‌സ് പേജ്' എന്ന ഒരൊറ്റ സ്‌പെയ്‌സിൽ എല്ലാ സ്‌പോർട്‌സ് ഉള്ളടക്കങ്ങളും പ്രദർശിപ്പിക്കും. വരാനിരിക്കുന്ന തത്സമയ മത്സരങ്ങൾ കണ്ടെത്തുന്നതിനും സ്‌പോർട്‌സ് കമൻ്ററി കണ്ടെത്തുന്നതിനും യൂട്യൂബ് ഹൈലൈറ്റുകൾ ബ്രൗസുചെയ്യുന്നതിനും എ ഐ ഉപയോഗിക്കുന്നതിലൂടെ ഗൂഗിൾ ടിവിയിൽ ഇനി എളുപ്പമാകും. ഉപയോക്താക്കൾക്ക് അവരുടെ വ്യൂ ഹിസ്റ്ററിയുടെ അടിസ്ഥാനത്തിൽ താൽപ്പര്യമുള്ളവയെ സംബന്ധിച്ച വ്യക്തിഗതമായ അറിയിപ്പും ലഭിക്കും.

ഇതിന് പുറമെ ജനപ്രിയ സിനിമകളുടെയും ഷോകളുടെയും മെച്ചപ്പെട്ട റിവ്യൂ നൽകുന്നതിന് ഗൂഗിൾ ടിവി 'ഗൂഗിൾ ജെമിനി' ഉപയോഗിക്കും. ബന്ധപ്പെട്ട ഉള്ളടക്കത്തിൻ്റെ വിശദമായ സംഗ്രഹങ്ങളും പ്രേക്ഷക അവലോകനങ്ങളും സീസൺ-ബൈ-സീസൺ ബ്രേക്ക്ഡൗണുകളുമായാണ് പുതിയ റിവ്യൂ സംവിധാനം വരുന്നത്. ഉള്ളടക്കം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

ഡൗൺലോഡുകളോ സബ്‌സ്‌ക്രിപ്‌ഷനോ ആവശ്യമില്ലാതെ തന്നെ പ്രാദേശികമായി ലഭ്യമായ ചാനലുകൾ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സൗജന്യ ബിൽറ്റ്-ഇൻ ചാനലുകൾ കഴിഞ്ഞ വർഷം ഗൂഗിൾ ടിവി പുറത്തിറക്കിയിരുന്നു. ഈ ഫീച്ചറിന് ഗൂഗിൾ ടിവി ഫ്രീപ്ലേ എന്ന് പേരിട്ടിരുന്നു, ഇത് ഇപ്പോഴൊരു ചാനൽ ഗൈഡ് ഉപയോഗിച്ച് അപ്‌ഗ്രേഡുചെയ്തിട്ടുണ്ട്. ഇഷ്ടപ്പെടുന്ന തരവും വിഷയവും അനുസരിച്ച് ദൈനംദിന ടെലികാസ്റ്റ് ഷെഡ്യൂൾ ബ്രൗസ് ചെയ്യാനും അവരുടെ പ്രിയപ്പെട്ട ഷോകൾ കണ്ടെത്താനും ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കഴിയും.

dot image
To advertise here,contact us
dot image