നത്തിങ്ങിന്റെ പുതിയ ഇയര്‍ബഡ് ഇന്ന് വിപണിയിലെത്തി. ചെവിയുടെ മാതൃകയിൽ ഓപ്പണ്‍ ഇയര്‍ ഡിസൈനുമായെത്തിയിരിക്കുന്ന നത്തിങ് ഇയര്‍ ഓപ്പണിന് 17999 രൂപയാണ് വില. നത്തിങ്ങ് പുറത്തിറക്കിയിരിക്കുന്ന ഏറ്റവും വിലകൂടിയ ശബ്ദ ഉപകരണം എന്ന ഖ്യാതിയോടെയാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്. ആപ്പിളിൻ്റെ എയര്‍പോഡ്‌സ് 4 നേക്കാള്‍ വിലയേറിയ ഓപ്പണ്‍ ഇയര്‍ ഡിസൈനാണ് നത്തിങ്ങിൻ്റെ പുതിയ ഇയർബഡ്.
ചാറ്റ് ജിപിടി പിന്തുണയുള്ള ഇയര്‍ഫോണ്‍ ആണിത്. ഓടുന്നതിനിടയിലൊന്നും താഴെ വീഴാത്ത രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സോണിയുടെ ഇയര്‍ഫോണിന് സമാനമായി ചെവിയ്ക്ക് മുകളിലുടെ കൊളുത്തി ഘടിപ്പിക്കാനാവുന്ന വളഞ്ഞ സ്റ്റെം ഇതിനുണ്ട്. ബ്ലൂടൂത്ത് 5.3 പിന്തുണയ്ക്കുന്ന ഇയര്‍ഫോണില്‍ എഎസി, എസ്ബിസി കൊഡെക്കുകള്‍ പിന്തുണയ്ക്കും. ഓരോ ഇയര്‍ബഡിനും 8.1 ഗ്രാം ഭാരമുണ്ട്. വളരെ എളുപ്പത്തില്‍ തന്നെ ഫോണുകളുമായും ലാപ്ടോപ്പുമായും ഇത് ബന്ധിപ്പിക്കാം. ഈ ഇയര്‍ബഡിന്റെ ഏറ്റവും വലിയ പ്രത്യേകത ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ സംവിധാനമാണെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഓപ്പണ്‍ ഇയര്‍ ഡിസൈന് ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ സംവിധാനമില്ലെന്നത് ഉപയോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്.
നത്തിങ് ഇയര്‍ ഓപ്പണ്‍ ഇയര്‍ബഡ്സിന്റെ മുഖ്യ എതിരാളിയായി മാറുന്നത് ആപ്പിള്‍ എയര്‍പോഡ്സ് 4 ആയിരിക്കും. കാരണം ഇന്ന് വിപണിയിലുള്ള ഓപ്പണ്‍ ഇയര്‍ ഡിസൈനോടുകൂടിയ ഏക ഇയര്‍ബഡ് ആപ്പിള്‍ എയര്‍പോഡ്സ് 4 ആണ്. സെപ്റ്റംബര്‍ 9 ന് പുതിയ ഐഫോണ്‍ 16 സീരീസിനൊപ്പമാണ് എയര്‍പോഡ്സ് 4 അവതരിപ്പിച്ചത്. ഓപ്പണ്‍ ഇയര്‍ ഡിസൈനില്‍ ആദ്യമായി ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ അവതരിപ്പിച്ചത് എയര്‍പോഡ്സ് 4 ലാണ്.
നത്തിങ് ഇയര്‍, നത്തിങ് ഇയര്‍ 2, നത്തിങ് ഇയര്‍ സ്റ്റിക്ക്, നത്തിങ് ഇയര്‍ എ എന്നിങ്ങനെ നാല് ഇയര്‍ബഡ്സ് ആണ് നത്തിങ്ങിന്റേതായി ഇന്ത്യന്‍ വിപണിയിലുള്ളത്. ഓപ്പണ്‍ ഇയര്‍ ഡിസൈനിലുള്ള നത്തിങ് ഇയര്‍ സ്റ്റിക്കിന്റെ പിന്‍ഗാമിയായാണ് പുതിയ നത്തിങ് ഇയര്‍ ഓപ്പണ്‍ എത്തുന്നത്.