ഉത്സവകാല ഓഫറുകളുടെ സമയമാണ് വരാൻ പോകുന്നത്. പല തരത്തിലുള്ള ഡിസ്കൗണ്ട് സെയിലുകൾക്ക് പിന്നാലെ പോകുമ്പോൾ പലപ്പോഴും പറ്റിക്കപ്പെടാനുള്ള സാധ്യതകളും വിരളമല്ല. ഇതിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോണിന്റെ ഡിമാൻഡിനെ പറ്റി എടുത്ത് പറയേണ്ടതില്ല. എന്നാൽ ഈ ഡിമാൻ്റ് തന്നെയാണ് ഐഫോണിന് വ്യാജന്മാരുണ്ടാകാനുള്ള കാരണമായി മാറുന്നതും. നേരിട്ട് ആപ്പിൾ സ്റ്റോർ പോലുള്ള വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് നിങ്ങൾ ഒരു ഐഫോൺ വാങ്ങുകയാണെങ്കിൽ, ഭയക്കേണ്ട കാര്യമില്ല. എന്നാൽ എല്ലാവർക്കും അത് സാധ്യമായെന്ന് വരില്ല, നിങ്ങൾ ഇത് അനധികൃതമായി വിൽപ്പന നടത്തുന്ന മൂന്നാം കക്ഷികളിൽ നിന്ന് വാങ്ങുകയോ പരിശോധിച്ചുറപ്പിക്കാത്ത മാർക്കറ്റുകളിൽ അറ്റകുറ്റപ്പണികൾക്കായി നൽകുകയോ ചെയ്താൽ പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. യഥാർത്ഥ ഉപകരണങ്ങൾക്ക് പകരം അറ്റകുറ്റപ്പണികൾക്കിടയിൽ വ്യാജമായവ ഉപയോഗിക്കാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയപ്പെട്ടിട്ടുമുണ്ട്. വ്യാജ ഐഫോണുകളെ എങ്ങനെ തിരിച്ചറിയാം?
ഐഫോൺ വ്യാജമാണോ എന്നറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി പാക്കേജിങ് പരിശോധിക്കുക എന്നുള്ളതാണ്. അയഞ്ഞതോ കേടുപാടുകളുള്ളതോ ആയ പാക്കേജിങുകൾ വാങ്ങാതെയിരിക്കുക. ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും, ദൃഢമായ പാക്കിങ്ങും കൃത്യമായ എഴുത്തുമെല്ലാം യഥാർത്ഥ ആപ്പിൾ ഐഫോണിൻ്റെ പ്രത്യേകതകളാണ്. ബോക്‌സിനുള്ളിലെ കേബിൾ പോലുള്ള ആക്സസറികൾ ആപ്പിളിൻ്റെ നിലവാരവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഗുണനിലവാരമില്ലാത്ത പ്രിൻ്റിങ്, അയഞ്ഞ പാക്കേജിങ് അല്ലെങ്കിൽ പൊരുത്തമില്ലാത്ത ആക്‌സസറികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ, ജാഗ്രത പാലിക്കേണ്ടതുണ്ട്.
എല്ലാ ഫോണുകളിലും ഒരു യുണീക്ക് സീരിയൽ നമ്പറും ഐഎംഇഐ (IMEI) നമ്പറും ഉണ്ടാകും. ഐഫോണിലെ ഈ നമ്പർ കണ്ടെത്തിയാൽ ഫോൺ വ്യാജമാണോ എന്ന് കണ്ടെത്താം. ഇതെങ്ങനെ കണ്ടെത്താം ?
സീരിയൽ നമ്പർ കണ്ടെത്തുന്ന വിധം - Settings > General > About. എബൗട്ടിൽ എത്തിയ ശേഷം സീരിയൽ നമ്പർ കോപ്പി ചെയ്യാം, ശേഷം ആപ്പിളിൻ്റെ ചെക്ക് കവറേജ് പേജ് സന്ദർശിച്ച് സീരിയൽ നമ്പർ നൽകുക. നിങ്ങളുടെ ഉപകരണം യഥാർത്ഥമെങ്കിൽ, നിങ്ങളുടെ ഐഫോൺ മോഡൽ, വാറൻ്റി നില, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. കാട്ടും
ഐഎംഇഐ (IMEI) കണ്ടെത്തുന്ന വിധം - നിങ്ങളുടെ ഐഫോണിൽ *#06# ഡയൽ ചെയ്യുക. ബോക്സിലും സിം ട്രേയിലും ലിസ്റ്റുചെയ്തിരിക്കുന്ന ഐഎംഇഐയുമായി പ്രദർശിപ്പിച്ച നമ്പർ താരതമ്യം ചെയ്യുക. എല്ലാ നമ്പറുകളും പൊരുത്തപ്പെട്ടാൽ പിന്നെ ഭയക്കേണ്ട ഫോൺ ഒറിജിനൽ തന്നെ.
യഥാർത്ഥ ഐഫോണെങ്കിൽ അയഞ്ഞ ഭാഗങ്ങളോ വിടവുകളോ ഉണ്ടാവില്ല. ബട്ടണുകൾ ദൃഢമായി ക്ലിക്ക് ചെയ്യാൻ സാധിക്കും. സ്‌ക്രീൻ വലുപ്പം, ഡിസ്‌പ്ലേ നിലവാരം, ഭാരം, കനം എന്നിവ ഔദ്യോഗിക മോഡലിൻ്റെ സവിശേഷതകളുമായി പൊരുത്തപ്പെടുന്നോയെന്ന് ഉറപ്പുവരുത്തണം. സിം ട്രേ നീക്കം ചെയ്ത് സ്ലോട്ട് പരിശോധിക്കുക. വ്യാജ ഐഫോണുകൾക്ക് പലപ്പോഴും അവയുടെ നിർമ്മാണത്തിൽ ദൃശ്യമായ പോരായ്മകളുണ്ട്, അതായത് പരുക്കൻ അരികുകൾ, തെറ്റായി ക്രമീകരിച്ച ലോഗോകൾ അല്ലെങ്കിൽ അയഞ്ഞ ബട്ടണുകൾ, തുടങ്ങിയവ സൂക്ഷിച്ചുനോക്കിയാൽ എളുപ്പത്തിൽ കണ്ടെത്താനാകും.
വ്യാജ ഐഫോൺ കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ടതും എള്ളുപ്പമുള്ളതോ ആയ മാർഗം അതിൻ്റെ സോഫ്റ്റ്‌വെയർ നിരീക്ഷിക്കുകയാണ്. യഥാർത്ഥ ഐഫോണുകൾ ആപ്പിളിൻ്റെ പ്രൊപ്രൈറ്ററി ഐഒഎസിലാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഉപകരണം iOS-ൻ്റെ ഏറ്റവും പുതിയ പതിപ്പാണോ പ്രവർത്തിക്കുന്നതെന്ന് കാണാൻ Settings > General > Software Update എന്നതിലേക്ക് പോയി പരിശോധിക്കാവുന്നതാണ്. കൂടാതെ, പവർ ബട്ടൺ അമർത്തിപ്പിടിച്ചോ "ഹേയ് സിരി" എന്ന് പറഞ്ഞോ സിരി ഉപയോഗിക്കാനും ശ്രമിക്കുക. സിരി സജീവമാകുന്നില്ലെങ്കിൽ, നിങ്ങളുടെ ഐഫോൺ വ്യാജമായിരിക്കാമെന്നാണ് അർത്ഥം
ഏതെങ്കിലും തരത്തിൽ വ്യാജമെന്ന തോന്നിയാൽ ആപ്പിൾ സേവന കേന്ദ്രം സന്ദർശിക്കുക. 100% ഉറപ്പുള്ളവരുത്താനായി ആപ്പിൾ സേവന കേന്ദ്രം സന്ദർശിച്ച് വിദഗ്‌ദ്ധരെക്കൊണ്ട് ഫോൺ പരിഷോധിപ്പിക്കാവുന്നതാണ്.